തിരുവനന്തപുരം: സംസ്ഥാനത്ത് കീടനാശിനി കമ്പനികൾ കർഷകരുടെ കൃഷിയിടങ്ങളിൽ നടത്തുന്ന ഓൺ ഫാം ഡെമോൺസ്ട്രേഷൻ ഉൾപ്പെടെയുള്ള പരീക്ഷണങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവ് ഇറക്കി. ഇത്തരം പരീക്ഷണങ്ങൾ പരിസ്ഥിതി സുരക്ഷയേയും സുരക്ഷിത ഭക്ഷ്യ ഉത്പാദനത്തെയും സാരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.
കൃഷിയിടങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ എന്ന വ്യാജേന കീടനാശിനി കമ്പനികളുടെ പ്രതിനിധികൾ നേരിട്ട് എത്തുകയും പല രാസകീടനാശിനികളും നിർദേശിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടിരുന്നതായി കൃഷി മന്ത്രി വി.എസ് സുനിൽകുമാർ വ്യക്തമാക്കി. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പഴം – പച്ചക്കറികളിൽ മാരക കീടനാശിനികൾ ഉൾപ്പെടെയുള്ള രാസവസ്തുക്കളുടെ സാന്നിധ്യവും അടുത്തിടെ നടത്തിയ വിഷാവശിഷ്ട വീര്യ പരിശോധനയിൽ കണ്ടിരുന്നു. തുടർന്ന് സർക്കാർ ഇക്കാര്യം വളരെ ഗൗരവമായി പരിഗണിക്കുകയും ഇത്തരം നടപടികൾ നിരോധിക്കുന്നതിനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയും ചെയ്തതായി ഫെയ്സ്ബുക്കിൽ ഇക്കാര്യം വിശദീകരിച്ച് നൽകിയ അറിയിപ്പിൽ മന്ത്രി പറഞ്ഞു.
മണ്ണിനേയും ജൈവ ആവാസ വ്യവസ്ഥയെയും തകിടം മറിക്കുന്ന മാരക കീടനാശിനികൾ വരെ പരീക്ഷണത്തിനായി പല കമ്പനികളും ഉപയോഗിക്കാറുണ്ട് എന്ന കാര്യവും സർക്കാർ കണക്കിലെടുത്തു.
ഇത് മുൻ നിർത്തിയാണ് സ്വകാര്യകമ്പനികളുടെ ഡെമോൺസ്ട്രേഷനും കമ്പനികളുടെ പ്രതിനിധികൾ കൃഷിയിടത്തിൽ നേരിട്ട് പോയി കർഷകർക്ക് നിർദ്ദേശങ്ങൾ നൽകുന്നതും നിരോധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികളും ഉണ്ടാകും.
Discussion about this post