പത്തുവർഷത്തോളമായി തിരുവനന്തപുരം കൊച്ചുവേളി സ്വദേശിയായ സതീഷ് കൃഷിയിൽ സജീവമാണ്. മണ്ണറിഞ്ഞ് കൃഷി ചെയ്യുന്നതിനോടൊപ്പംതന്നെ കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതും സതീഷിന് ഒരു ഹോബിയാണ്. തന്റെ വീടിന് ചുറ്റുമുള്ള ഇത്തിരിയിടത്താണ് ഈ കർഷകന്റെ കൃഷി പരീക്ഷണങ്ങളെല്ലാം നടക്കുന്നത്. സ്ഥലപരിമിതിയിലും ലാഭകരമായി എങ്ങനെ കൃഷി ചെയ്യാം എന്ന് സ്വന്തമായി ഗവേഷണം നടത്തുകയാണ് സതീഷ്. ടെറസിലെ വാഴ കൃഷി, ഹൈഡ്രോപോണിക്സ് രീതിയിൽ നെല്ലിന്റെ ഉൽപാദനം എന്നിങ്ങനെയുള്ള വിവിധ കൃഷി പരീക്ഷണങ്ങൾ വർഷങ്ങളായി സതീഷ് സ്വയം ചെയ്തു വരുന്നു. ഏറ്റവും ഒടുവിലി താ കുരുമുളക് കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് ഈ കർഷകൻ.
ടെറസിലെ കുരുമുളക് വള്ളികൾ
ടെറസിൽ കുറ്റി കുരുമുളക് കൃഷി ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ പടർന്നുവളരുന്ന കുരുമുളകും ടെറസിൽ തന്നെ വളർത്താനാവുമെന്ന് സതീഷ് തെളിയിക്കുന്നു. പ്രത്യേക രീതിയിലാണ് കൃഷി. 50 കിലോ കപ്പാസിറ്റിയുള്ള ബാരലുകളിൽ മാധ്യമം നിറയ്ക്കുക എന്നതായിരുന്നു ആദ്യത്തെ ലക്ഷം. അതിനായി ചുവട്ടിൽനിന്നും ഒന്നര ഇഞ്ച് മുകളിലായി മൂന്നു വശങ്ങളിലും ഹോളുകളുണ്ടാക്കി. നീർവാർച്ച ഉറപ്പുവരുത്തുന്നതിനായി ചുവട്ടിൽ ചെറുകല്ലുകൾ നിക്ഷേപിച്ചു. കുരുമുളക് വള്ളികൾ മുകളിലേക്ക് പടർന്നു വളരുന്നതിനായി രണ്ടരയിഞ്ച് വണ്ണമുള്ള പിവിസി പൈപ്പുകളിൽ നന്നായി കയർ വരിഞ്ഞുചുറ്റി. രണ്ടര മീറ്റർ ഉയരമുള്ള പൈപ്പുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പൈപ്പുകൾ ഘടിപ്പിച്ച ശേഷം ബാരലുകളിൽ മാധ്യമം നിറച്ചു. കോഴിക്കാഷ്ടം, മണൽ, ചാണകം, എല്ലുപൊടി എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്ത മാധ്യമമാണ് നിറച്ചിരിക്കുന്നത്. പന്നിയൂർ ഇനം കുരുമുളക് തൈകളാണ് സതീഷ് ഈ രീതിയിൽ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഒന്നര മീറ്റർ അകലത്തിൽ 16 ബാരലുകളിലായാണ് കുരുമുളക് വള്ളികൾ നട്ടിരിക്കുന്നത്.പരീക്ഷണം അവിടം കൊണ്ട് അവസാനിക്കുന്നില്ല. ചെറു വേരുകളുടെ സഹായത്താൽ പറ്റിപ്പിടിച്ചു വളരുന്ന വിളയാണ് കുരുമുളക് എന്നു നമുക്കറിയാം. എന്നാൽ ഇത്തരം വേരുകൾക്ക് പോഷകങ്ങൾ ലഭ്യമായാൽ കൂടുതൽ വിളവ് ലഭിക്കുമോ എന്നതായി അടുത്ത സംശയം. സംശയം ദൂരീകരിക്കാനും സതീഷ് മാർഗ്ഗം കണ്ടുപിടിച്ചു.
പടർന്നു വളരാനായി രണ്ടരയിഞ്ച് പൈപ്പുകൾക്ക് പകരം നാലിഞ്ച് വണ്ണമുള്ള പിവിസി പൈപ്പുകളെടുത്തു. അവയിൽ ഓരോ അടി വ്യത്യാസത്തിൽ നാലുഭാഗത്തും ഹോളുകളുണ്ടാക്കി. ശേഷം നേരത്തെ ചെയ്തപോലെ കയർ ചുറ്റിവരിഞ്ഞു. പൈപ്പുകൾ ഘടിപ്പിച്ച് ബാരലുകളിൽ മാധ്യമം നിറച്ചശേഷം ഇതേ പൈപ്പുകൾക്കുള്ളിലും ജൈവവളങ്ങളുടെ മിശ്രിതം നിറച്ചു. ചാണകപ്പൊടി, കൊക്കോ, പീറ്റ്, എല്ലുപൊടി, കോഴിക്കാഷ്ടം ജൈവവളങ്ങൾ എന്നിവയടങ്ങുന്നതാണ് പൈപ്പുകളിൽ നിറച്ച ജൈവവളം മിശ്രിതം. മഴയത്ത് മാധ്യമം ചിന്നിച്ചിതറിപ്പോകാത്തിരിക്കാനായി മുകളിൽ ചെറിയ കല്ലുകളും നിക്ഷേപിച്ചു. ശേഷം കുരുമുളക് വള്ളികൾ നട്ടുപിടിപ്പിച്ചു.
കുരുമുളക് വള്ളികൾ ശരിയായ രീതിയിൽ വിളവ് നൽകാൻ ഒന്നരവർഷമെങ്കിമെടുക്കും. അതുകൊണ്ടുതന്നെ തന്റെ പരീക്ഷണം വിജയമാണോ എന്ന് ഉറപ്പുവരുത്താനും അത്രയും നാൾ കാത്തിരിക്കണം. എന്നിരുന്നാലും ഇത്തരത്തിൽ നട്ടുപിടിപ്പിച്ച ഒരു കുരുമുളക് വള്ളിയിൽ മൂന്നുമാസംകൊണ്ട് തിരികൾ വീണതിന്റെ സന്തോഷത്തിലാണ് സതീഷ്.
ടെറസിലെ നേന്ത്രവാഴ കൃഷി
സമാനമായ രീതിയിൽ ഇതിനുമുൻപ് വിജയകരമായി ടെറസിൽ നേന്ത്രവാഴ കൃഷിയും സതീഷ് നടത്തിയിട്ടുണ്ട്. 20 കിലോ ഉൾക്കൊള്ളുന്ന ബാരലുകളിൽ മാധ്യമം നിറച്ച് നട്ടത് ഗ്രാൻഡ് നൈൻ എന്ന ഇനത്തിലുള്ള വാഴകളാണ്. ഓരോ ബാരലുകളിൽ നിന്നും ആറ് – ഏഴ് കിലോ തൂക്കമുള്ള നല്ല പഴക്കുലകൾ സതീഷിന് ലഭിച്ചിട്ടുണ്ട്.
അക്വാപോണിക്സ് നെൽകൃഷി
ചെമ്മീൻ വളർത്തലും നെൽകൃഷിയും മാറിമാറി ചെയ്യുന്ന ജൈവ നെൽകൃഷി രീതിയാണ് പൊക്കാളി. പോഷകമൂല്യങ്ങൾ ഏറെയുള്ള പൊക്കാളി കൃഷിക്ക് സമാനമായി, മീൻ വളർത്തുന്ന വെള്ളത്തിൽ അൽപംപോലും മണ്ണ് ഉപയോഗിക്കാതെ അക്വാപോണിക്സ് രീതിയിലുള്ള നെൽകൃഷിയിലും സതീഷ് വിജയം കൊയ്തിട്ടുണ്ട്. സ്ഥലപരിമിതി ഒരു പ്രശ്നമേയല്ല എന്നതാണ് ഈ രീതിയുടെ പ്രത്യേകത. താല്പര്യമുള്ളവർക്ക് ഫ്ലാറ്റുകളുടെ ബാൽക്കണിയിൽ പോലും ഇത്തരത്തിൽ കൃഷി ചെയ്യാം. ഒപ്പം ഉയർന്ന ഗുണനിലവാരമുള്ള നെല്ലും ഉൽപാദിപ്പിക്കാമെന്ന് സതീഷ് പറയുന്നു.
അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിൽ ഡ്രൈവറായി ജോലി നോക്കുകയാണ് സതീഷ്. ഭാര്യ മേരി ഹെലനും മകൾ അമീഷയും കൃഷികാര്യങ്ങളിൽ മുഴുവൻ പിന്തുണയുമായി സതീശിനൊപ്പമുണ്ട്.
Discussion about this post