കേരളത്തിന്റെ ചരിത്രത്തിൽത്തന്നെ ഒത്തിരി പ്രാധാന്യമുള്ള സുഗന്ധ വിളയാണ് കുരുമുളക്. പുരാതനകാലത്ത് റോമാക്കാരും അവർക്ക് പിന്നാലെ യൂറോപ്യൻ രാജ്യങ്ങളിലുള്ളവരും നമ്മുടെ കൊച്ചു കേരളത്തെ തേടിയെത്തിയതിന് കാരണം ഈ കറുത്ത പൊന്നാണ്. റോമാ സാമ്രാജ്യ കാലത്ത് ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്തിരുന്ന വിഭവങ്ങളിൽ ഏറ്റവും വിലപിടിച്ചതായിരുന്നു കുരുമുളക്.
നല്ല മഴ ലഭിക്കുന്നതും ചൂട് കൂടുതൽ ഉള്ളതുമായ സ്ഥലങ്ങളാണ് കുരുമുളകിന്റെ വളർച്ചയ്ക്ക് നല്ലത്. കേരളത്തിലെ ഞാറ്റുവേല കുരുമുളക് കൃഷിക്ക് വളരെ അനുയോജ്യമാണ്. തണ്ടുകൾ മുറിച്ചു നട്ടാണ് തൈകൾ ഉണ്ടാക്കുന്നത്. വള്ളിച്ചെടി ആയതുകൊണ്ട് താങ്ങ് വൃക്ഷങ്ങൾ ഇവയ്ക്ക് ആവശ്യമാണ്. താങ്ങ് മരത്തിൽ നിന്ന് ഏകദേശം 30 സെന്റീമീറ്റർ അകലത്തിലാണ് തൈകൾ നടുന്നത്. ജൈവവളങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. നട്ട് മൂന്നാം വർഷം മുതൽ വിളവ് ലഭിക്കും.
കൊട്ടവള്ളി, കരിങ്കൊട്ട, ബാലൻകൊട്ട, നാരായക്കൊടി, കരിമുണ്ടി, നീലമുണ്ടി, തുടങ്ങി ഒത്തിരി ഇനം കുരുമുളകുണ്ട്.
പന്നിയൂർ 1 എന്ന കുരുമുളകാണ് ലോകത്തിൽ ആദ്യമായി വികസിപ്പിച്ചെടുത്ത സങ്കരയിനം കുരുമുളക്.
പനി, ചുമ, അതിസാരം, ദന്തരോഗങ്ങൾ, ദഹനക്കേട് എന്നിവയ്ക്കെല്ലാം ഉത്തമ പരിഹാരമാണ് കുരുമുളക്.
Discussion about this post