കനത്ത മഴയിലും കൊടുങ്കാറ്റിലും വിളകൾക്ക് ഉണ്ടാകുന്ന നഷ്ടം കർഷകർക്ക് സഹിക്കാൻ ആവുന്നതിലും അപ്പുറമാണ്. എന്നാൽ വാഴകൾക്കുണ്ടാകുന്ന നാശം ഒരു പരിധി വരെ ഇനി നമുക്ക് ഇല്ലാതാക്കാം. മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയാലും വാഴകൾ ഒടിഞ്ഞു വീഴാതെ ഇതിന് താങ്ങായി വർധിക്കുന്ന കുസാറ്റ് സർവ്വകലാശാലയുടെ കോളർ ബെൽറ്റ് സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ലഭ്യമായി. 2019 മുതൽ പരീക്ഷിക്കുന്ന പോർട്ടബിൾ അഗ്രികൾച്ചർ നെറ്റ് വർക്ക് സിസ്റ്റത്തിനാണ് അംഗീകാരം. തറയിൽ ഉറപ്പിച്ചു നിർത്തുന്ന ഇരുമ്പ് പൈപ്പുകളിൽ നിന്ന് വള്ളികൾ വാഴയുടെ നാലു ഭാഗത്തും കെട്ടിയാണ് വാഴകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നത്.
വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത് സ്കൂൾ ഓഫ് എൻജിനീയറിങ് അസോസിയേറ്റ് പ്രൊഫസർ ഡോ. എം ബി സന്തോഷ് കുമാർ, കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം മുൻ മേധാവി പ്രൊഫസർ ഡോ. കണ്ണൻ ബാലകൃഷ്ണൻ, സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ പ്രൊഫസർ ഡോ. എൻ സുനിൽകുമാർ തുടങ്ങിയവരാണ്. തോട്ടങ്ങളുടെ അതിരുകളിൽ ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ചു ഇതിൽ നിന്നുള്ള ചരടുകൾ വാഴയുടെ ചുറ്റും കെട്ടുകയാണ് ചെയ്യുന്നത്. ഒരു പൈപ്പിൽ നിന്ന് പല വാഴകളെ ബന്ധിപ്പിക്കാം എന്നതാണ് ഇതിൻറെ പ്രത്യേകത. ഇതിന് ചരടായി ഉപയോഗപ്പെടുത്തുന്നത് പഴയ പരുത്തി വസ്ത്രങ്ങൾ, ഉണങ്ങിയ വാഴപ്പോള, നാരുകൾ തുടങ്ങിയവയാണ്. അഞ്ചുവർഷം വരെ ഇതിന് കാലാവധി ഉറപ്പുനൽകുന്നു.
ഒരു വാഴയ്ക്ക് പരമാവധി വരുന്ന ചെലവ് 60 മുതൽ 80 വരെയാണ്. കർഷകർക്ക് ഈ സാങ്കേതികവിദ്യ കൂടുതൽ പ്രയോജനപ്പെടുത്തുവാൻ കുസാറ്റ് കളമശ്ശേരി കിൻഫ്രയിൽ പ്രവർത്തിക്കുന്ന ഫ്യൂച്ചർ ഫാം എന്ന സ്റ്റാർട്ടപ്പുമായി ധാരണപത്രം ഒപ്പുവച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 7907169090
Discussion about this post