പത്തനംതിട്ട: നെല്‍കൃഷിക്ക് ചെറു വിമാനമായ ഡ്രോണ്‍ ഉപയോഗിച്ച് പരീക്ഷണാര്‍ത്ഥം വളപ്രയോഗം നടത്തി പത്തനംതിട്ട. ജില്ലയിലെ കൊടുമണ്‍ കൃഷിഭവന്റെ പരിധിയിലുള്ള അങ്ങാടിക്കല്‍ കൊന്നക്കോട് ഏലായിലെ 12 ഏക്കര്‍ സ്ഥലത്താണു വളപ്രയോഗത്തിനു ഡ്രോണ്‍ ഉപയോഗിച്ചത്. ജില്ലയിൽ ആദ്യമാണ് ഈ പരീക്ഷണം.
ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പൊട്ടാസ്യം നൈട്രേറ്റ് എന്ന വളവും സിങ്ക്, മാംഗനീസ്, മഗ്‌നീഷ്യം, ബോറോണ്‍ എന്നീ സൂക്ഷ്മ പോഷകങ്ങളുമാണു ലായനി രൂപത്തില്‍ ഡ്രോണിലൂടെ തളിച്ചത്. പാടശേഖരത്ത് എല്ലായിടത്തും ഒരുപോലെ തളിക്കാം എന്നതും സ്‌പ്രേ ഉപയോഗിച്ച് തളിക്കുന്നതിനേക്കാള്‍ ചെലവ് കുറവാണെന്നതുമാണ് ഈ സാങ്കേതിക വിദ്യയിലേക്കു ശ്രദ്ധതിരിയാന്‍ കാരണമായത്.
ഒരു ഏക്കറില്‍ ഡ്രോണ്‍ ഉപയോഗിച്ച് തളിക്കുന്നതിന് 800-900 രൂപയാണ് ചെലവ്. ഒരു ഏക്കര്‍ ഭൂമിയില്‍ തളിക്കാന്‍ 10 മിനിറ്റ് സമയം മതി. എറണാകുളം കാക്കനാടുള്ള സ്റ്റാർട്ടപ്പ് കമ്പനിയാണു ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തിയത്. ഒരു തവണ 25 ലിറ്റർ കീടനാശിനി വഹിക്കാൻ ശേഷിയുളള ഡ്രോണ്‍ ആണ് ഉപയോഗിച്ചത്. അര മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിക്കാം. തൊഴിലാളികളുടെ ലഭ്യതക്കുറവ് മറികടക്കാനും കർഷകരുടെ ചെലവ് ചുരുക്കാനും ഇതിലൂടെ കഴിയും.
കൊടുമണ്‍ ഫാര്‍മേഴ്‌സ് സൊസൈറ്റി മുൻകൈയ്യെടുത്താണ് കൊന്നക്കോട് വിനിലിന്റെ ഉടമസ്ഥതയിലുള്ള 12 ഏക്കര്‍ സ്ഥലത്ത് കൃഷി ഇറക്കിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗത്തിലൂടെ ഏക്കറിന് 500 മുതല്‍ 800 കിലോഗ്രാം വരെ അധിക വിളവാണു പ്രതീക്ഷിക്കുന്നതെന്ന് പരീക്ഷണത്തിന് നേതൃത്വം നൽകിയ കൊടുമണ്‍ കൃഷി ഓഫീസർ എസ്. ആദില പറഞ്ഞു.ഏക്കറിന് സാധാരണ വിളവായ 2000 കിലോഗ്രാമില്‍ നിന്ന് 2500 മുതല്‍ 2800 കിലോഗ്രാം വരെ അധിക വിളവാണു പ്രതീഷിക്കുന്നത്.
കൃഷി വകുപ്പിന്റെ ആത്മ പദ്ധതി പ്രകാരമാണ് കൊന്നക്കോട് ഏലായിൽ നെൽകൃഷിയിറക്കിയത്.
Discussion about this post