ചെടികൾ ഭൂമിയുടെ ശ്വാസകോശമാണ്. വർദ്ധിച്ചുവരുന്ന വനനശീകരണവും നഗരവൽക്കരണവും ഭൂമിയെ ശ്വാസം മുട്ടിക്കുന്നു. ഇതിനൊരു പരിഹാരമാണ് മിയാവാക്കി കാടുകൾ അഥവാ നിർമ്മിത ഹരിത വനങ്ങൾ.
എന്താണ് മിയാവാക്കി കാടുകൾ…
യോക്കോഹാമ സർവകലാശാലയിലെ സസ്യശാസ്ത്രജ്ഞനായിരുന്ന അക്കിറ മിയാവാക്കിയാണ് മിയാവാക്കി കാടുകളുടെ ഉപജ്ഞാതാവ്. പ്രൊഫസർ മിയാവാക്കി വികസിപ്പിച്ചെടുത്ത നിർമ്മിത വനവൽക്കരണ മാതൃക ഇന്ന് ലോകപ്രശസ്തമാണ്. ഒരു പ്രദേശത്ത് സാധാരണയായി കണ്ടുവരുന്ന ചെടികളെ തിരഞ്ഞെടുത്ത് ഇടതൂർന്ന നടീൽ രീതിയിലൂടെ അവയെ വളർത്തിയെടുക്കുന്നു. ഒരു ചതുരശ്ര മീറ്ററിൽ നാല് മരങ്ങൾ. മെട്രോ നഗരങ്ങളിൽ പോലും ചുരുങ്ങിയ സ്ഥലത്ത് ചെറിയ കാലയളവിൽ തന്നെ പച്ചപ്പിന്റെ തുരുത്തുകൾ ഉണ്ടാക്കിയെടുക്കാം എന്നതാണ് മിയാവാക്കി മാതൃകയുടെ ഗുണം. മൂന്നുവർഷംകൊണ്ട് ഒരു വനം ഉണ്ടാക്കിയെടുക്കുവാൻ മിയാവാക്കി വഴി സാധിക്കും. കേരളത്തിൽ പലയിടത്തും ഈ രീതി ഇപ്പോൾ പ്രാവർത്തികമാക്കി വരുന്നുണ്ട്. മഹാഗണി, വീട്ടി, അശോകം പുളി, നെല്ലി, പേര, പവിഴമല്ലി, നിലനാരകം, സർപ്പഗന്ധി, കൂനംപാല, നീർമരുത്, പ്ലാവ് തുടങ്ങിയ ചെടികൾ മിയാവാക്കി വനനിർമ്മാണത്തിന് ഉപയോഗിക്കാവുന്നതാണ്.
Discussion about this post