സപ്പോട്ടേസിയ കുടുംബത്തിൽപ്പെടുന്ന ഒരാൾ പൊക്കത്തിൽ വളരുന്ന പഴവർഗ ചെടിയാണ് മിറാക്കിൾ ഫ്രൂട്ട്. ആഫ്രിക്കയാണ് മിറാക്കിൾ ഫ്രൂട്ടിന്റെ ജന്മദേശം. ഇടതൂർന്ന് നിൽക്കുന്ന ഇലകളും ചുവന്ന ചെറുപഴവും ഈ സസ്യത്തെ ആകർഷകമാക്കുന്നു. ഭാഗികമായി തണൽ ഇഷ്ടപ്പെടുന്ന മിറാക്കിൾ ഫ്രൂട്ടിനെ ഇൻഡോർ പ്ലാന്റ് ആയി വളർത്താനാകും. എന്നാൽ ഇതൊന്നുമല്ല ഈ ചെടിയെ വ്യത്യസ്തമാക്കുന്നത്. ചെറു പുളിരസമുള്ള മിറാക്കിൾ ഫ്രൂട്ട് കഴിച്ചശേഷം അടുത്ത ഒന്ന്- രണ്ട് മണിക്കൂറിനുള്ളിൽ മറ്റെന്ത് കഴിച്ചാലും അവയെല്ലാം മധുരിക്കുന്നതായി തോന്നും. ഏറെ പുളിയുള്ള നാരങ്ങ പോലും മധുരിക്കും. പഴങ്ങളിൽ കാണുന്ന ‘മിറാക്കുലിൻ’ എന്ന പദാർത്ഥമാണ് ഇതിന് കാരണം. ഇത് നാവിലെ രസമുകുളങ്ങളെ ഉണർത്തി പുളി, കയ്പ്പ് എന്നീ രോഗികൾക്ക് പകരം താൽക്കാലികമായി മധുരം അനുഭവപ്പെടുത്തുന്നു.
സാവധാനത്തിൽ വളരുന്ന ഈ സസ്യം പൂത്ത് കായ്ക്കാൻ മൂന്നു മുതൽ നാലു വർഷം വരെ എടുക്കും. പുളിരസമുള്ള മണ്ണാണ് പ്രിയം. നല്ലനീർവാർച്ചയും വേണം. ചെറു തൈകൾ നട്ടോ വിത്തുകൾ പാകിയൊ മിറാക്കിൾ ഫ്രൂട്ട് വളർത്താം. അങ്കുരണശേഷി നന്നേ കുറവായതിനാൽ പഴം കഴിച്ചയുടൻ തന്നെ വിത്തുകൾ പാകണം. ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ വളമായി ചേർക്കാം. വേനൽക്കാലത്ത് നനച്ചു കൊടുക്കുകയും വേണം. മനോഹരമായ ഇലച്ചാർത്തോടുകൂടിയ ഈ നിത്യഹരിത സുന്ദരി ഉദ്യാന ചെടിയാക്കാൻ യോജിച്ച സസ്യമാണ്.
Discussion about this post