ക്ഷീരകർഷകർക്ക് ഉൽപാദന ബോണസ് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ദ്രുതഗതിയിലാക്കി സംസ്ഥാനസർക്കാർ. ഇതിൻറെ ഭാഗമായി ക്ഷീരശ്രീ പോർട്ടലിൽ കർഷകർക്ക് രജിസ്റ്റർ ചെയ്യാനുള്ള ക്ഷീര കർഷക രജിസ്ട്രേഷൻ ഡ്രൈവ് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കി വരികയാണ് ക്ഷീരവികസന
വകുപ്പ്. ഇതിൻറെ ഭാഗമായി ക്ഷീര കർഷകർ ഈ മാസം ക്ഷീരശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിൽ രജിസ്റ്റർ ചെയ്യുന്നതിന് ക്ഷീരകർഷകർ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളായോ, ക്ഷീര സഹകരണ സംഘങ്ങളായോ ക്ഷീരവികസന ഓഫീസുകളായോ ബന്ധപ്പെടുക.
അല്ലാത്തപക്ഷം സ്വന്തം മൊബൈലിലോ കമ്പ്യൂട്ടറിലോ ksheerasree.Kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാം. രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങളുടെ ഫോട്ടോ, ബാങ്ക് പാസ്ബുക്ക് പകർപ്പ്, ആധാർ നമ്പർ,റേഷൻ കാർഡ് നമ്പർ തുടങ്ങിയവ ആവശ്യമായി വരുന്നു. രജിസ്ട്രേഷൻ പൂർത്തീകരണ സമയത്ത് സംശയങ്ങൾ ഉണ്ടായാൽ വെബ്സൈറ്റിൽ കാണുന്ന ഹെൽപ്പ് ഡെസ്ക് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. രജിസ്ട്രേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് ഒരു സ്മാർട്ട് കാർഡ് ലഭ്യമാകുന്നു. ഈ ഐഡി ഉപയോഗിച്ച് ഭാവിയിൽ മറ്റു വകുപ്പുകളുടെ ആനുകൂല്യങ്ങളും കർഷകർക്ക് ഏകജാലകം വഴി ലഭ്യമാക്കാൻ പദ്ധതി ഒരുങ്ങുന്നുണ്ട്.
ക്ഷീരശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ക്ഷീര വികസന വകുപ്പ് മുഖേന ലഭ്യമാകുന്ന എല്ലാ സബ്സിഡി ആനുകൂല്യങ്ങളും കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാകും. സംഘങ്ങളിൽ പാൽ അളക്കുന്നതും അല്ലാത്തതുമായ എല്ലാവർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ അക്ഷയ കേന്ദ്രങ്ങളിൽ നിന്നുള്ള ഒരു സ്റ്റാഫ് ക്ഷീര സഹകരണ സംഘങ്ങളിൽ സന്ദർശിച്ചു പാലുമായി എത്തുന്ന കർഷകരുടെ രജിസ്ട്രേഷൻ അവിടെ വച്ച് തന്നെ പൂർത്തിയാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓണത്തിന് മുൻപായി സർക്കാർ പ്രഖ്യാപിച്ച മിൽക്ക് ഇൻസെൻസിറ്റീവ് ക്ഷീരശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് എത്തിക്കാൻ ശ്രമങ്ങൾ നടന്നുവരികയാണെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു.
Discussion about this post