“ഭക്ഷണം ഔഷധമാണ് ” എന്ന് പറഞ്ഞ് വരുന്നത് നെല്ലിക്ക യുടെ കാര്യത്തിൽ കൃത്യമാണ്. അത്രയേറെ പോഷക സമ്പന്നമാണ് നെല്ലിക്ക, പ്രത്യേകിച്ച് “ജീവകം സി ” യുടെ കലവറ.
മറ്റ് വിളകളെപോലെ ഓക്സികരണം മൂലം പോഷകാംശം നഷ്ടപ്പെടാത്ത നെല്ലിക്ക ച്യവനപ്രാശത്തിലെ ഒരു പ്രധാന ഘടകം കൂടിയാണ്.
വീടിനോട് ചേർന്ന പറമ്പിൽ രണ്ട് നെല്ലിമരം നട്ടുപിടിപ്പിക്കുന്നത് ഐശ്വര്യ പ്രദമാണന്ന വിശ്വാസവും നിലവിലുണ്ട്.
എന്നാൽ സ്വന്തം പറമ്പിൽ വർഷങ്ങളായ് വെച്ച നെല്ലി, നല്ല പച്ചപ്പോടെ വളർന്നിട്ടും.കായ്ഫലം തരാതെ ഒരു പ്രയോജനവുമില്ലാതെ വെറുതെ നിൽക്കുകയാണന്ന ദുഃഖം പലർക്കുമുണ്ടാകാം.
പലരും നെല്ലിതൈ നടുമ്പോൾ നന്നായ് ജലലഭ്യത ഉണ്ടാകട്ടെ എന്ന് കരുതി അടുക്കള കിണറിനോട് ചേർന്നും മറ്റും നടുന്നത് കാണാറുണ്ട്. കൂടുതൽ ജലലഭ്യതയുള്ള നെല്ലി പൂക്കുന്നതിന് കാലതാമസം നേരിടുന്നത് കാണാറുണ്ട്.
വേനലിൽ മാർച്ച് – മെയ് മാസങ്ങളിലായാണ് പൊതുവെ നെല്ലി പുഷ്പിക്കാറുള്ളത്
കാലാവസ്ഥക്കനുസരിച്ച് ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളിലും നെല്ലി പുക്കുന്നതിന് കാല മാറ്റങ്ങളും കാണപ്പെടാറുണ്ട്. ചൂട് കൂടിയ രാജസ്ഥാനിൽ ജനുവരി മാസത്തിൽ പോലും നെല്ലി പൂക്കാറുണ്ട്.
പറഞ്ഞ് വരുന്നത് നെല്ലികായ്ക്കാത്ത വിഷയമാണല്ലോ! വേനലിൽ പുഷ്പിക്കുന്ന നെല്ലിക്ക് കയ്ഫലം നല്കണമെങ്കിൽ കാലാവസ്ഥയും, ചൂടും, ജലലഭ്യതയുമൊക്കെ എങ്ങിനെ ഇഴപിരിഞ്ഞ് കിടക്കുന്നു എന്ന് മേൽ സൂചകങ്ങളിൽ നിന്ന് വ്യക്തമായല്ലോ.
ഇനി ഒന്നുകൂടി വ്യക്തമാക്കി പറയാം.വർഷങ്ങളായ് പൂക്കാതെഒഴിഞ്ഞ പറമ്പുകളിൽ നിൽക്കുന്ന നെല്ലിമരത്തെ പുഷ്പിക്കുന്നതിന് ഒരു നാടൻ അറ്റകൈ പ്രയോഗം കൂടി സൂചിപ്പിക്കാം.
നെല്ലി പൂക്കുന്ന സമയത്തിന് തൊട്ട് മുൻപായ് നെല്ലിക്ക് ജലസേചനം നടത്താതെ. നെല്ലിമരത്തിന്റെ തടത്തിൽ നിന്നും കുറച്ച് മാറി എന്നാൽ തടിയിൽ കുറച്ച് ചൂട് തട്ടുന്ന രീതിയിലും ചെറുതായ് തീയിടുക. തീയിടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഒഴിഞ്ഞ പറമ്പാണന്ന് കരുതി ഒരിക്കലും നെല്ലിമരം നശിപ്പിക്കുന്ന തരത്തിൽ വലിയ തിക്കുണ്ഡങ്ങൾ ഉണ്ടാക്കരുത്. കൂടുതൽ തീയിട്ടാൽ നെല്ലി ഉണങ്ങി നശിക്കാനും സാധ്യത വരും. മേൽ പ്രയോഗങ്ങൾ ചെയ്തതിന് ശേഷം നെല്ലി പൂത്താൽ ജലസേചനവും, വളപ്രയോഗങ്ങളുമൊക്കെ നടത്തിക്കോളു. നെല്ലി കൃത്യമായ കായ്ഫലവും തരും!
ഇനി ഇതെല്ലാം ചെയ്തിട്ടും കായ്ക്കാത്ത നെല്ലിയാണങ്കിൽ അതുല്പാദനശേഷിയുള്ള നെല്ലിയുടെ കമ്പുകൾ ഒട്ടിച്ചു ചേർക്കാം. തൊട്ടടുത്ത വർഷം തന്നെ ഇവ പൂക്കും. എന്നാൽ ഈ പൂക്കൾ കായ്ക്കാൻ അനുവദിക്കാതെ പൊട്ടിച്ച് കളഞ്ഞാൽ രണ്ടാമ്മത്തെ വർഷം നന്നായ് കായ്ക്കുകയും ചെയ്യും.
നല്ല മണ്ണാണങ്കിൽ കാര്യമായ വളപ്രയോഗത്തിന്റെ ആവശ്യകത നെല്ലിക്കില്ല. വളക്കൂറില്ലാത്ത മണ്ണാണങ്കിൽ മരത്തിന്റെ വലിപ്പം അനുസരിച്ച് 25 കിലോ വരെ കാലിവളം ഇട്ടുകൊടുക്കണം. അതോടൊപ്പം നെല്ലിയുടെ പ്രധാന ശത്രുവായ ”തണ്ടുതുരപ്പൻ പുഴുവിനെ ” പ്രതിരോധിക്കുന്നതിനായ് അരക്കിലോ വേപ്പിൻപിണ്ണാക്ക് കൂടി തടത്തിൽ ഇട്ടു കൊടുക്കണം.
രാസവള പ്രയോഗമാണങ്കിൽ മഴക്ക് മുൻപും, ശേഷവും വർഷത്തിൽ രണ്ട് തവണയായ് 200 ഗ്രാം യൂറിയ,150 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 300 ഗ്രാം പൊട്ടാഷ് എന്നിവ ഇട്ടു കൊടുക്കണം.
തമിഴ്നാട്ടിലും മറ്റും തോട്ടമടിസ്ഥാനത്തിൽ നെല്ലിക്കൃഷി കാണാവുന്നതാണ്.
അത്യൂല്പാദനശേഷിയുള്ള ഇനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ. തരിശായ കുന്നിൻ പ്രദേശങ്ങളും, പറമ്പുകളുമുണ്ടെങ്കിൽ കണിക ജലസേചന സമ്പ്രദായങ്ങളുമൊക്കെ പ്രയോഗത്തിൽ വരുത്തി കൊണ്ട് നമ്മുക്കും നല്ല മാതൃകാ നെല്ലി തോട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.
വലിയ ചാമ്പക്കാടൻ, ബനാറസി, എൻ എ സെവൻ, കാഞ്ചൽ, കൃഷ്ണ, ഫ്രാൻസിസ്, തുടങ്ങിയവയൊക്കെ കേരളത്തിന് യോജിച്ച നെല്ലി ഇനങ്ങളാണ്.
വാണിജ്യടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന് ഗ്രാഫ്റ്റ് തൈകളാണ് ഉത്തമം.
തയ്യറാക്കിയത്
ഗിരീഷ് അയിലക്കാട്
അഗ്രിക്കൾച്ചർ അസിസ്റ്റന്റ്
കൃഷിഭവൻ
ആനക്കര
Discussion about this post