തിരുവനന്തപുരം: പച്ചത്തുരുത്തുകളുടെ വ്യാപനത്തിനൊരുങ്ങി ഹരിത കേരളം മിഷൻ. ബൃഹത് കാമ്പയിന് ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ തുടക്കമാകും. ഇതിന്റെ ഭാഗമായി 1000-ത്തിലധികം പച്ചത്തുരുത്തുകൾ കൂടി പുതിയതായി ആരംഭിക്കും. ഒരു ഗ്രാമപഞ്ചായത്ത്-നഗരസഭയിൽ ഒന്നു വീതം എന്ന തോതിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്തിനായി തൈകൾ നടും.
പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ ഹരിത കേരളം മിഷന്റെ ബൃഹത്ത് പദ്ധതിയാണ് പച്ചത്തുരുത്ത്. ജൈവ വൈവിധ്യം ഉറപ്പാക്കി കൂട്ടമായി തൈകൾ നട്ടുവളർത്തുന്ന പദ്ധതിയാണ് ഇത്. പരിസ്ഥിതി സമ്പത്ത് കാത്തു പരിപാലിക്കുന്നതിൽ പദ്ധതി നിർണായക പങ്ക് വഹിക്കുന്നു. ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഭൂമി, മാലിന്യകേന്ദ്രങ്ങളായി മാറിയ പൊതു ഇടങ്ങൾ, തരിശുഭൂമി തുടങ്ങിയവ കണ്ടെത്തിയാണ് പച്ചത്തുരുത്ത് പദ്ധതി ആവിഷ്കരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി എന്നിവയുടെ സേവനം കൂടി പ്രയോജനപ്പെടുത്തുന്നുണ്ട്. അഞ്ചു വർഷം പിന്നിടുമ്പോൾ പദ്ധതിയിലൂടെ സംസ്ഥാനത്ത് പച്ചപ്പ് പരത്തുകയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതു വരെ വിവിധയിടങ്ങളിലായി 850 ഏക്കർ വിസ്തൃതിയിൽ 2,950 പച്ചത്തുരുത്തുകൾ ഹരിതകേരളം മിഷൻ വച്ചുപിടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനമൊട്ടാകെ പരിസ്ഥിതി ദിനത്തിൽ പുതിയ കാമ്പയിന് തുടക്കമാകും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ എല്ലാ ജില്ലകളിലും നടക്കും. മന്ത്രിമാർ,എം.എൽ.എ മാർ,ജില്ലാ കളക്ടർമാർ,ജനപ്രതിനിധികൾ എന്നിവർ വിവിധ സ്ഥലങ്ങളിൽ പച്ചത്തുരുത്തുകളിൽ വൃക്ഷത്തെ നട്ടു കൊണ്ട് പരിപാടികളുടെ ഭാഗമാകും.
തലസ്ഥാനത്ത് മാണിക്കൽ ഗ്രാമപഞ്ചായത്തിൽ കാവോരം വീഥിയിൽ മന്ത്രി ജി ആർ അനിൽ പച്ചത്തുരുത്ത് ജില്ലാതല ഉദ്ഘാടനം വൃക്ഷ തൈ നട്ട് നിർവഹിക്കും. പത്തനംതിട്ട ജില്ല റാന്നി ഗ്രാമപഞ്ചായത്തിൽ പരമ്പരാഗത തിരുവാഭരണ പാതയിൽ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. കോട്ടയം കുമരകം എൽ.പി സ്കൂളിൽ മന്ത്രി വി.എൻ.വാസവൻ പച്ചത്തുരുത്തിൽ വൃക്ഷ തൈ നടും. ഇടുക്കി അറക്കുളം ഗ്രാമപഞ്ചായത്തിൽ അറക്കുളം പിഎച്ച്സിക്ക് സമീപം ജില്ലാ കളക്ടർ ഷീബ ജോർജ് ഉദ്ഘാടനം നിർവഹിക്കും.
Discussion about this post