നമ്മുടെ അടുക്കളകളിലെ സ്ഥിരം സാന്നിധ്യങ്ങളിലൊന്നായ വെള്ളരിയുടെ ജന്മദേശമേതെന്ന് അറിയാമോ? ഹിമാലയ സാനുക്കളുടെ താഴ്വര ജന്മസ്ഥലങ്ങളായ വെള്ളരി മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ വ്യാപകമായി കൃഷി ചെയ്തിരുന്നുവേ്രത. കറികളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളരി അത്ര ചില്ലറക്കാരനുമല്ല. വിവിധ രോഗങ്ങള്‍ക്ക് പ്രതിരോധ ശക്തി നല്കുന്ന വെള്ളരിയില്‍ വൈറ്റമിന്‍ എ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ് എന്നിവ അടങ്ങിയിരിക്കുന്നു. മാത്രമല്ല, കൊഴുപ്പ് കുറഞ്ഞ അളവില്‍ മാത്രമേയുള്ളൂ.
വെള്ളരി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അത് കൃത്യമായി പാലിച്ചാല്‍ മികച്ച രീതിയില്‍ വെള്ളരി കൃഷി ചെയ്യാനാകും. ജൈവ രീതിയില്‍ കൃഷി ചെയ്യുന്നതാണ് നല്ലത്.
വെള്ളരിയുടെ നടീല്‍ അകലം 2×1.5 മീറ്ററാണ്. 60 സെന്റിമീറ്റര്‍ വ്യാസത്തിലും 30-45 സെന്റിമീറ്റര്‍ താഴ്ചയിലും കുഴിയെടുക്കുക. ഇതില്‍ ഒരു ചിരട്ട കുമ്മായമിട്ട് നന്നായി ഇളക്കുക. നല്ലതു പോലെ അഴുകിയ ജൈവവളം മേല്‍മണ്ണുമായി ചേര്‍ത്ത് തടത്തിലിട്ട് മൂടണം. ഒരു തടത്തില്‍ 3 മുതല്‍ 5 വരെ വിത്ത് സ്യൂടോമോണാസുമായി കലര്‍ത്തി നടുക. വിത്ത് വിതയ്ക്കുമ്പോള് തടത്തില്‍ ഈര്‍പ്പമുണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. വിത്ത് മുളച്ച് രണ്ടാഴ്ചക്ക് ശേഷം ഒരു തടത്തില്‍ രണ്ട് കരുത്തുള്ള ചെടികളെ നിര്‍ത്തി ശേഷിക്കുന്നവയെ പറിച്ചു മാറ്റുക.
ജൈവളക്കൂട്ട് തയ്യാറാക്കി വള്ളി പടരുന്ന സമയത്തും ചെടി പൂക്കുന്ന സമയത്തും തടമൊന്നിന് നാല് ചിരട്ട എന്ന തോതില്‍ ചേര്‍ത്തു കൊടുക്കുക. മണ്ണ് ഉണങ്ങാത്ത രീതിയില്‍ നന ക്രമീകരിക്കണം. പൂത്തു തുടങ്ങിയാല്‍ പിന്നെ ശ്രദ്ധിക്കേണ്ടത് നന മുടക്കാതിരിക്കുന്നതിലാണ്. അതേസമയം വെള്ളം കെട്ടി നില്‍ക്കാനും പാടില്ല. കള നിയന്ത്രണവും ഉറപ്പാക്കണം. മണ്ണില്‍ ഓല വിരിച്ച് അതില്‍ വള്ളികള്‍ പടര്‍ത്തുന്ന രീതി സ്വീകരിക്കാവുന്നതാണ്. വിളവെടുപ്പിന് പാകമായ കായ്കള്‍ കൃത്യമായ സമയത്ത് പറിച്ചെടുക്കണം.
Discussion about this post