തെങ്ങ് കൃഷി എന്താണ് എന്നും എങ്ങനെയാണ് എന്നും മലയാളിയോട് കൂടുതല്‍ വിശദികരിക്കേണ്ടതില്ല. എന്നാല്‍ തെങ്ങ് കൃഷിയെ പുരയിട കൃഷി എന്നാണ് പണ്ട് മുതല്‍ പറയുക. അതായത് തെങ്ങ് കൃഷിയോടൊപ്പം അതിന്റെ കൂടെ ചെയ്യുവാന്‍ കഴിയുന്ന ഇടവിള കൃഷിയെയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.
തെങ്ങ് കൃഷി ചെയ്യുന്നതോടൊപ്പം ഒരു വീട്ടിലേക്ക് ആവശ്യമുള്ള വസ്തുക്കള്‍ എല്ലാം തന്നെ തെങ്ങിന് ഇടവിളയായി കൃഷി ചെയ്ത് അധികവരുമാനം ഉണ്ടാക്കാം എന്നതാണ് തെങ്ങ് കൃഷിയെ പുരയിട കൃഷി എന്നും വിളിക്കാന്‍ കാരണം.
തെങ്ങിന് ഇടവിളയായി എന്ത് കൃഷി ചെയ്യാം എന്നാണ് ചോദിക്കുന്നതെങ്കില്‍, തെങ്ങിന്റെ മുകളില്‍ എത്തി തെങ്ങിന്റെ വളര്‍ച്ചയെ തടയാത്ത എന്തും തെങ്ങിന് ഇടവിളയായി കൃഷി ചെയ്യാം. സൂര്യപ്രകാശം നല്ലതുപോലെ ആവശ്യമുള്ള ഒന്നാണ് തെങ്ങ്. തെങ്ങിന്റെ മുകളില്‍ മറ്റ് വൃക്ഷങ്ങള്‍ വളരുന്നതും തെങ്ങിന് കിട്ടുന്ന സൂര്യപ്രകാശത്തെ മറയ്ക്കുന്നതും തെങ്ങിന്റെ വളര്‍ച്ചയെയും, കായ്ഫലത്തെയും ബാധിക്കുന്നതായി കാണുന്നുണ്ട്. പച്ചക്കറികള്‍ മുതല്‍ ഹ്രസ്വകാല വിളകളും, ജാതി, ഗ്രാമ്പു, കൊക്കോ പോലുള്ള ദീര്‍ഘകാല വിളകളും തെങ്ങിന് തോപ്പില്‍ പരീക്ഷിക്കാറുണ്ട്.
നല്ല രീതിയിലുള്ള പരിപാലനമുറകള്‍ ഉണ്ടെങ്കില്‍ തെങ്ങ് കൃഷിയെയും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കും. ഓരോ വസ്തുവിന്റെയും ലഭ്യത കുറയുമ്പോള്‍ ആണ് അതിന് വിലയും കൂടുന്നത്. തേങ്ങയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഇപ്പോള്‍ കേരളത്തില്‍ ഉപയോഗിക്കുന്നതിന് ആവശ്യമുള്ള തേങ്ങാ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നില്ല. കേരളത്തിന് പുറത്ത് നിന്നും ആണ് തേങ്ങാ ,കരിക്ക് ഒക്കെ ഇപ്പോള്‍ കേരളത്തില്‍ എത്തുന്നത് .അതുകൊണ്ട് ഇനിയുള്ള നാളുകളില്‍ തേങ്ങയ്ക്ക് ഇപ്പോള്‍ ഉള്ളതിലും വില കുറയും എന്ന് ചിന്തിക്കുവാനും പറ്റില്ല. ഉടയാടകളുടെ കാറ്റാണ് കൃഷിയുടെ ഏറ്റവും വലിയ ഊര്‍ജ്ജം എന്നാണ് പറയുക. അതായത് കൃഷിക്കാരന്റെ സാമിപ്യം എപ്പോഴും ഉണ്ടെങ്കില്‍ അതിന് അനുസരിച്ച് കൃഷിയും നന്നാകും എന്ന് അര്‍ഥം.
‘നോട്ടത്തില്‍ പകുതി നേട്ടം’ എന്ന പഴമൊഴി അക്ഷരംപ്രതി അനുസരിച്ചാല്‍ മാത്രമേ തെങ്ങിന്‍ തൈകള്‍ പിടിച്ച് കിട്ടുകയുള്ളൂ. അതുപോലെത്തന്നെ ‘നാമ്പോലയില്‍ എപ്പോഴും വേണം ഒരു കണ്ണ്’. ആഴ്ചയിലൊരിക്കലെങ്കിലും നാമ്പോല പരിശോധിച്ച് രോഗ – കീട ബാധ ഇല്ലെന്ന് ഉറപ്പ് വരുത്തണം. അഥവാ പ്രശ്‌നമുണ്ടെങ്കില്‍ ഉടന്‍ തന്നെ വേണ്ട നിയന്ത്രണ മാര്‍ഗ്ഗം സ്വീകരിക്കണം. അല്ലാത്തപക്ഷം തൈകള്‍ നശിച്ചുപോകാനിടയുണ്ട്.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post