എറണാകുളം ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ജി.സി.ഡി.എ. യും സംയുക്തമായി 40 മത് കൊച്ചിൻ ഫ്ലവർ ഷോ മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ ഡിസംബർ 22 മുതൽ ജനുവരി 1 വരെ സംഘടിപ്പിക്കുന്നു. മുൻ ഫ്ലവർ ഷോകളെ അപേക്ഷിച്ച് കെട്ടിലും മട്ടിലും 40 മത് ഷോ എല്ലാ തരത്തിലും ഗംഭീരമായിരിക്കും. 5000 ചതുരശ്ര അടിയിൽ ഒരുക്കുന്ന പുഷ്‌പാലങ്കാരവും വെജിറ്റബിൾ കാർവിങ് ആകർഷണങ്ങളിൽ മുന്നിലായിരിക്കും. 38000 ചതുരശ്ര അടിയിൽ ഒരുക്കുന്ന പൂച്ചെടികളുടെ പ്രദർശനത്തിൽ 5000 പൂവിട്ട ഓർക്കിഡുകൾ സന്ദർശകരക്ക് പൂക്കളുടെ വർണ്ണ കാഴ്ച ഒരുക്കും. 6 നിറങ്ങളിലായി പൂവിട്ട 1000 ലില്ലിയ൦ ചെടികൾ, പുത്തൻ നിറത്തിലുള്ള 400 പോയിൻസെറ്റിയ, നൂതന ഇനം പൂക്കളുമായി 1200നുമേൽ അഡീനിയം, പുതിയ ഇനത്തിലുള്ള 2000 ജമന്തി ചെടികൾ, ഒറ്റ ചെടിയിൽ തന്നെ 5 നു മേൽ നിറങ്ങളിൽ പൂവിട്ടുനിൽക്കുന്ന, ഗ്രാഫ്ട് ചെയ്തു തയ്യാറാക്കിയ 100 ഓളം വലിയ ബൊഗൈൻവില്ല ചെടികൾ, ഏറ്റവും പുതിയ ഇനത്തിലുള്ള പൂക്കളുമായി മിനിയേച്ചർ ആന്തൂറിയം എല്ലാം ഉൾപ്പടെ പൂക്കളുടെ വര്ണകാവടിയാണ് ഒരുക്കിയിരിക്കുന്നത്.
20000 ചതുരശ്ര അടിയിൽ തയ്യാറാക്കുന്ന ഉദ്യാനങ്ങൾ കാണികൾക്ക് ഉദ്യാന ശൈലിയുടെ നൂതന സങ്കൽപ്പങ്ങൾ പകർന്നു തരും. ടെറേറിയം, ബോൺസായ് ചെടികൾ, ഇറക്കുമതി ചെയ്ത സെറാമിക് ചട്ടികളിൽ കാലപരമായി ഒരുക്കിയിരിക്കുന്ന അകത്തള ചെടികളുടെ ശേഖരം, വലിയ പൊയ്കകളിൽ പൂവിട്ടു നിൽക്കുന്ന മറുനാടൻ ആമ്പൽ ഇനങ്ങൾ, നാഗാർജുന ആയൂർവേദ ഒരുക്കുന്ന ഔഷധ ഉദ്യാനം എല്ലാം മറ്റ് ആകർഷണങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ വളരുന്ന പലതരം പ്രാണിപിടിയൻ ചെടികൾ മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ കൗതുകമുണർത്തും.
കോളേജുകൾക്കും സ്കൂളുകൾക്കുമായി പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചുള്ള ഇൻസ്റ്റാളേഷൻ മത്സരത്തിൽ തയ്യാറാക്കിയിരിക്കുന്നവ മറ്റൊരു ആകർഷണമെന്നതിനൊ പ്പം പൊതുജനങ്ങളിൽ പാഴ് വസ്തുക്കളുടെ പുനരുപയോഗത്തെ പറ്റി അവബോധം ഉണർത്തുവാനും ഉപകരിക്കും. കൃഷി സംബന്ധിയായി സന്ദർശകരുടെ സംശയ നിവാരണത്തിനായി സംസ്ഥാന കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ നയിക്കുന്ന അഗ്രി ക്ലിനിക്കും പ്രദർശന നഗരിയുടെ ഭാഗമായിരിക്കും. സന്ദർശകർക്ക് സെൽഫി എടുക്കുവാൻ ധാരാളം ഫോട്ടോ ബൂത്തുകളും ഡിസ്‌പ്ലേ ഭാഗത്ത് ഉണ്ടാകും.
Discussion about this post