രാജ്യത്തെ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നു. മാസം 3000 രൂപ പെന്‍ഷനാണ് 60 വയസ് കഴിയുമ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുക. 18 നും 40 നും ഇടയില്‍ പ്രായമുള്ള കര്‍ഷകര്‍ക്ക് അവരുടെ പ്രവേശന പ്രായം അനുസരിച്ച് വിരമിക്കല്‍ പ്രായം (60) വരെ പ്രതിമാസം 55 മുതല്‍ 200 രൂപ വരെ സംഭാവന നല്‍കാം.
ചെറുകിട, നാമമാത്ര കര്‍ഷ കര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയായ കിസാന്‍ മന്‍ ധന്‍ യോജനയാണ് നടപ്പിലാക്കുന്നത്. ഇത് രാജ്യത്തൊട്ടാകെയുള്ള 5 കോടി ചെറുകിട കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ഷകര്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. സ്വന്തമായി കൃഷിഭൂമിയുണ്ടായിരിക്കണമെന്നതാണ് പദ്ധതിയുടെ പ്രധാന മാനദണ്ഡം. എന്നാല്‍ അഞ്ച് ഏക്കറിലധികം ഭൂമിയുണ്ടാകാന്‍ പാടില്ല. രണ്ടേക്കര്‍ വരെ ഭൂമി കൈവശമുള്ള കര്‍ഷകരാണു അപേക്ഷിക്കാന്‍ അര്‍ഹര്‍.
പദ്ധതിയ്ക്കായി അടുത്ത മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാര്‍ 10,774 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ആണ് ഈ പെന്‍ഷന്‍ വിതരണം ചെയ്യുക. കര്‍ഷകന്റെ കാലശേഷം പങ്കാളിക്ക് കുടുംബ പെന്‍ഷനായ 1500 രൂപ ലഭിക്കും. മാസവിഹിതം അടയ്ക്കുന്നതിനിടെ കര്‍ഷകന്‍ മരിച്ചാല്‍ പങ്കാളിക്ക് വിഹിതം അടച്ച് പദ്ധതിയില്‍ തുടരാം.
പിഎം കിസാന്‍ പദ്ധതിപ്രകാരം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന തുകയില്‍ നിന്ന് പ്രതിമാസ വിഹിതം അടയ്ക്കാന്‍ സൗകര്യം നല്‍കും. അക്ഷയകേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് pmkisan.gov.in
Discussion about this post