കേരളത്തിലെ പച്ചക്കറി വിളകളിൽ ശരാശരി വില എപ്പോഴും ഉറപ്പിക്കാവുന്ന പച്ചക്കറി വിളയാണ് പാവൽ അഥവാ കയ്പ.
തമിഴ് നാട്ടിൽ നിന്നും അത്ര വലിയ ഭീഷണി നേരിടാത്ത പച്ചക്കറി. അവിടെ നിന്നും ലോറി മാറിക്കേറി ഇങ്ങ് വരുമ്പോഴേക്കും മുള്ളൊക്കെ കൊഴിഞ്ഞ് ലൂക്കും പോയി, നമ്മുടെ വെളുത്ത് തുടുത്ത മുള്ളൻ പാവയ്ക്കയുടെ ഏഴയലത്തു പോലും എത്തില്ല.
കാഴ്ച്ചയിൽ ഉള്ള ഗ്ലാമർ ആണല്ലോ ഉപഭോക്താവിനെക്കൊണ്ട് മേടിപ്പിക്കുന്ന പ്രധാന ഘടകം.
ഒരു ഉഷ്ണകാല വിള (ട്രോപിക്കൽ )യാണ് പാവൽ. വളർച്ചാ ഘട്ടത്തിൽ ഏതാണ്ട് 25-28 ഡിഗ്രി ചൂട് ഒക്കെ ആണ് അഭികാമ്യം.
സൂക്ഷിച്ചു വേണം പാവൽ കൃഷിയിൽ ഇറങ്ങാൻ.ഇറങ്ങുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്ന്.ഇല്ലെങ്കിൽ തിരിച്ചു കയറാൻ പണിപ്പെടും.
1. വെള്ളരി വർഗ വിളകളിൽ (Cucurbits ) പൊതുവെയും,പാവലിൽ പ്രത്യേകിച്ചും ഉള്ള മാരകമായ രോഗമാണ് വൈറസ് മൂലം ഉണ്ടാകുന്ന കുരുടിപ്പ് അഥവാ മോസൈക് രോഗം. ഇതിനെ നേരിടാൻ നല്ല ഒരു മുന്നൊരുക്കം വേണം.
2. വെള്ളരി വർഗ വിളകളിൽ സാധാരണയായി കാണുന്ന രണ്ട് കീടങ്ങൾ ആണ് ചുവന്ന മത്തൻ വണ്ടുകളും ഇളം കായ്കളെ കുത്തുന്ന കായീച്ചയും. നല്ല ശ്രദ്ധ ഇവരുടെ മുകളിൽ ഇല്ലെങ്കിൽ കട്ടയും പടവും മടക്കാം.
3. പാവൽ വള്ളി,പന്തലിൽ എത്തി, കായ്കൾ പിടിക്കാൻ ആരംഭിക്കുമ്പോൾ അടിയിലകളിൽ ഇലപ്പുള്ളി (മൃദു രോമ പൂപ്പ് /Downy Mildew Disease )തുടങ്ങും. നിയന്ത്രിച്ചില്ലെങ്കിൽ അകാല വാർദ്ധക്യം ഫലം.
ദിവസവും 6-8മണിക്കൂർ സൂര്യ പ്രകാശം കിട്ടുന്ന തുറസ്സായ സ്ഥലം നിർബന്ധം.
വെള്ളക്കെട്ടുണ്ടാക്കാൻ പാടില്ല. നല്ല നീർവാർച്ച ഉറപ്പ് വരുത്തണം.
ഒന്നര -രണ്ടടി വ്യാസവും ഒന്ന് -ഒന്നര അടി ആഴവും ഉള്ള കുഴികൾ എടുത്ത് കട്ട ഉടച്ച് പൊടിയാക്കണം.
വരികൾ തമ്മിലും ചെടികൾ തമ്മിലും ഏത്തവാഴ നടുമ്പോൾ ഉള്ള അകലം (2mx2m)നൽകണം. ഒരു സെന്റിൽ പത്ത് തടം. പത്ത് സെന്റിൽ 100തടം.
തടമെടുത്ത്,ഓരോ കുഴിയിലും 100-150ഗ്രാം കുമ്മായം ചേർത്ത് നന്നായി ഇളക്കി, പുട്ടുപൊടി ഈർപ്പത്തിൽ നനവ് നില നിർത്തി കരിയിലകൾ കൊണ്ട് മൂടി രണ്ടാഴ്ച ഇട്ടേക്കണം.
ഇത് കൊണ്ട് മൂന്നുണ്ട് ഗുണം.
മണ്ണിന്റെ അമ്ലത ക്രമീകരിച്ചു വളം വലിച്ചെടുക്കാൻ അനുകൂല സാഹചര്യം സൃഷ്ടിക്കാം. കാൽസ്യം എന്ന ഉപപ്രധാന മൂലകം സമൃദ്ധമായി മണ്ണിൽ ഉറപ്പ് വരുത്തി ചെടികളുടെ കോശഭിത്തി ബലപ്പെടുത്തി നീരൂറ്റികളെയും ഇലപ്പുള്ളി രോഗം വരുത്തുന്ന
ഫംഗസുകളെയും ചെറുക്കാം. ഉത്പന്നങ്ങളുടെ സൂക്ഷിപ്പ് കാലാവധി (Shelf Life )കൂട്ടാം. മണ്ണിൽ ഉണ്ടാകാൻ ഇടയുള്ള (പ്രത്യേകിച്ചും മുൻ സീസണിൽ വെള്ളരി വർഗ്ഗത്തിൽ പെട്ട ഏതെങ്കിലും വിളയാണ് ചെയ്തതെങ്കിൽ ) മത്തൻ വണ്ടിന്റെ പുഴുക്കളെയും സമാധികളെയും നിയന്ത്രിക്കാം.
അതിന് ശേഷം കുഴിയൊന്നിന് 10കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി,100ഗ്രാം എല്ലു പൊടി,100ഗ്രാം പൊടിച്ച വേപ്പിൻ പിണ്ണാക്ക്, ഒരു പിടി ചാരം, കുറച്ച് ചകിരിച്ചോറ് കമ്പോസ്റ്റ് എന്നിവ ചേർത്ത്,അസ്സലായി അറഞ്ഞു തടത്തിന്റെ നടുഭാഗം അല്പം ഉയർത്തി,വീണ്ടും ഒരാഴ്ച കഴിഞ്ഞ് നാല് വിത്തുകൾ കുത്തിയിടാം.
പതിനെട്ട് മണിക്കൂർ നേരം 2% വീര്യമുള്ള (20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ) സ്യുഡോമോണാസ് ലായനിയിൽ കുതിർത്തു പാകുന്നത് വേഗം മുള വരാനും വിത്തുകൾ വഴി പകരുന്ന കുമിൾ രോഗങ്ങൾ തടയാനും സഹായിക്കും.
പ്രോ ട്രേ കളിൽ വിത്ത് പാകി നാലില പരുവത്തിൽ കുഴികളിൽ മാറ്റി നടുന്നതും നന്ന്. പ്രത്യേകിച്ചും വില കൂടിയ സങ്കര ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ. വിത്തുകൾ പാഴാകാതിരിക്കാനും രണ്ടാഴ്ച വിളദൈർഘ്യം ലാഭിക്കാനും ഇത് സഹായിക്കും.
ബീജാമൃതത്തിൽ പുരട്ടി വിത്തുകൾ പാകുന്നതും നല്ലത് തന്നെ.
6-8 ദിവസത്തിനുള്ളിൽ വിത്തുകൾ മുളയ്ക്കേണ്ടതാണ്.
ഇനി പാവൽ ഇനങ്ങളെ കുറിച്ച് നോക്കാം.
ഇനങ്ങളെ പൊതുവെ ഇന്ത്യൻ എന്നും ചൈനീസ് എന്നും രണ്ടായി തിരിക്കാം. ഇന്ത്യൻ ഇനങ്ങളിൽ പൊതുവെ കൂർത്ത മുള്ളുകൾ പോലെ ഉള്ള ഭാഗങ്ങൾ (tubercle ) കാണാം. എന്നാൽ ചൈനീസ് ഇനങ്ങൾ മിനുസമായ വടിവുകൾ ഉള്ളവയായിരിക്കും.
കൃഷിക്കാർ തങ്ങളുടെ പ്രാദേശിക വിപണിയുടെ താല്പര്യങ്ങൾ അനുസരിച്ചു വേണം ഇനങ്ങൾ തെരെഞ്ഞെടുക്കാൻ. പച്ച നിറമുള്ള ഇനങ്ങളും വെള്ള നിറമുള്ള ഇനങ്ങളും ഉണ്ട്.
ഒരുപാടു വലിപ്പമുള്ള ഇങ്ങൾ ഉപഭോക്താവിനെ പേടിപ്പിക്കും. അത് ഒരുപാടു വളമിട്ട് വളർത്തിയതാണ്, കഴിക്കാൻ സുരക്ഷിതമാകില്ല എന്നൊക്കെ അവർ ചിന്തിച്ചേക്കാം.
ഇടത്തരം വലിപ്പമുള്ള, മുള്ളുള്ള,വെളുത്ത പാവയ്ക്കയാണ് മല്ലുവിന് പ്രിയം.
പ്രധാന ഇനങ്ങൾ
പ്രിയ : നീണ്ട(40cm), മുള്ളുള്ള, അഗ്രഭാഗത്തു വെളുത്ത ലാഞ്ചനയുള്ള, ശരാശരി 200-240ഗ്രാം തൂക്കം വരുന്ന ഇനം. കേരള കാർഷിക സർവകലാശാല യാണ് പ്രായോജകർ.
പ്രീതി :കേരളത്തിലെ ഉപഭോക്താക്കൾക്ക് ഏറ്റവും പ്രീതിയുള്ള ഇനം. ഇടത്തരം നീളവും തൂക്കവും കൂർത്ത മുള്ളും നല്ല ചുറ്റളവും ഉള്ള വെളുത്ത ഇനം. കേരള കാർഷിക സർവകലാശാലയിലും VFPCK യിലും ലഭിക്കും. ഏക്കറിന് ശരാശരി 6000 കിലോ വിളവ് ലഭിക്കും. വളരെ രുചികരമായ ഇനമാണ്.
പ്രിയങ്ക :കേരള കാർഷിക സർവ്വകലാശാലയുടെ ഉത്പന്നം. വലിപ്പം കൂടിയ, ദശക്കട്ടി ഉള്ള കുരു കുറഞ്ഞ ഇനം. ശരാശരി 300ഗ്രാം തൂക്കം.
തമിഴ് നാടൻ ഇനങ്ങളെല്ലാം പച്ച നിറമുള്ളവയാണ്.
നാംധാരി വിത്ത് കമ്പനിയുടെ NS 435 വെള്ള നിറത്തിൽ കൂർത്ത മുള്ളുള്ള ഇനമാണ്.
പക്ഷേ കർഷകരുടെ ഇടയിൽ താരമായ മായാ മോഹിനിയാണ് ‘മായ ‘.
East West Seeds India Private Limited എന്ന കമ്പനിയാണ് പ്രായോജകർ. ചില നേരങ്ങളിൽ നല്ല വിളവ്. ചിലപ്പോൾ പാടെ നിരാശപ്പെടുത്താനും മതി. മിനുസമായ മുള്ളുള്ള നീണ്ട, കുരു കുറഞ്ഞ ഇനം. അന്ന് തന്നെ വിറ്റുപോയില്ലെങ്കിൽ ദൃഡത കുറഞ്ഞു പോകും.. വിത്തിന് വിലയും കൂടുതൽ ആണ്.
പച്ച നിറമുള്ള,ഇടത്തരം വലിപ്പമുള്ള മുള്ളുള്ള കായ്കൾ തരുന്ന ഇനങ്ങൾ ആണ് മോണിക്ക(Sakata Seeds),
പ്രഗതി (East West ),
നൂർ (Rasi seeds),
പരാഗ് (Ankur Seeds),
SW 810 (US Agri Seeds),
അമാൻഷു (Nunhems)എന്നിവ.
അടിവളം അഥവാ അടിസ്ഥാന വളങ്ങൾ പ്രധാനമായും മണ്ണിന്റെ ഭൗതിക -ജൈവ ഗുണങ്ങൾ മെച്ചപ്പെടുത്താനാണ്.
അതായത് കിളച്ച തടം പെട്ടെന്ന് തറഞ്ഞു പോകാതിരിക്കുക, നല്ല വായു സഞ്ചാരം (gaseous exchange ) ഉറപ്പ് വരുത്തുക,ഉപരിതലത്തിൽ വേരിനോട് ചേർന്ന് വെള്ളം പിടിച്ചു നിർത്തുക, സൗഹൃദ സൂക്ഷ്മാണുക്കൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കുക എന്നിവയൊക്കെ മെച്ചപ്പെടാൻ വേണ്ടിയാണെന്ന് ചുരുക്കം. പിന്നെ ‘നെയ്യപ്പം തിന്നുമ്പോൾ രണ്ടുണ്ട് ഗുണം’ എന്ന് പറയുംപോലെ അതിലൂടെ ഇച്ചിരി നൈട്രജനും ഇമ്മിണി ഫോസ്ഫറസും അല്പം പൊട്ടാസ്യവും കുറേശ്ശേ സൂക്ഷ്മ മൂലകങ്ങളും ഒക്കെ ലഭ്യമാകും.
പക്ഷേ വലിയ അളവിൽ NPK യും മോശമല്ലാത്ത അളവിൽ CalMag ഉം (Calcium, മഗ്‌നീഷ്യം )വും ഒക്കെ ചെടികൾക്ക് കിട്ടി ലാഭകരമായ ഒരു Cost -Benefit Ratio കൃഷിയിൽ ലഭിക്കാൻ എന്താണോ വേണ്ടത്,അത് ചെയ്യുക തന്നെ വേണം.
നൈട്രജൻ ജൈവ രീതിയിൽ കിട്ടാൻ പ്രയാസമില്ല. പച്ചച്ചാണകം നീട്ടി കലക്കിയത്, ഗോമൂത്രം നേർപ്പിച്ചത്, പിണ്ണാക്ക് പുളിപ്പിച്ച തെളി, കോഴിവളം ഇവയൊക്കെ മതിയാകും.
ഫോസ്ഫറസ് കിട്ടാൻ എല്ലുപൊടി, റോക്ക് ഫോസ്ഫേറ്റ് എന്നിവയും ധാരാളം.റോക്ക് ഫോസ്‌ഫെറ്റ് പ്രകൃത്യാ കിട്ടുന്ന വളമാണെല്ലോ.
എന്നാൽ പൊട്ടാസ്യം ഭേദപ്പെട്ട അളവിൽ ജൈവ മാർഗത്തിൽ കിട്ടണമെങ്കിൽ വലിയ അളവിൽ ചാരം അടിവളമായി തന്നെ നൽകണം. അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ സൾഫേറ്റ് ഓഫ് പൊട്ടഷ് (SoP)5-10ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കണം. അതുമല്ലെങ്കിൽ Chloride of Potash (MoP)മണ്ണിൽ ചേർത്ത് കൊടുക്കണം.
ഫോസ്ഫറസ് വളങ്ങളും(MRP) പൊട്ടാഷ് വളങ്ങളും(MoP) (സെന്റിന് അഥവാ പത്തു തടത്തിനു യഥാക്രമം 125ഗ്രാം,40ഗ്രാം )എന്ന അളവിലും 350ഗ്രാം നൈട്രജൻ വളം (Urea )അടിസ്ഥാന വളമായി ആദ്യഘട്ട വളർച്ച ത്വരിതപ്പെടുത്താൻ നൽകുന്നത് വാണിജ്യടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് തുണയാകും.
ബാക്കിയുള്ള 350ഗ്രാം നൈട്രജൻ വളം യൂറിയ രൂപത്തിൽ (സെന്റൊന്നിനു അഥവാ പത്തു തടത്തിന് )ചെറു തവണകളായി രണ്ടാഴ്ച കൂടുമ്പോൾ ചേർത്ത് കൊടുക്കണം.
കായ്കൾക്ക് വളവുണ്ടാകാതിരിക്കാൻ ബോറോൺ അടങ്ങിയ സൊല്യൂബോർ (Solubor ) രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കാം.
ഇലകളുടെ ഞരമ്പോഴികെ ഉള്ള ഭാഗത്തു വിളർച്ച കണ്ടാൽ Epsom Salt (മഗ്‌നീഷ്യം സൾഫേറ്റ് )10ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിച്ച് കൊടുക്കാം. അത് ചെറിയ അളവിൽ മണ്ണിലും ചേർത്ത് കൊടുക്കാം.
ഇനി ശ്രദ്ധിക്കേണ്ട പ്രധാന കാര്യം പ്രധാന വള്ളി പന്തലിനു മുകളിൽ എത്തുന്നത് വരെ യാതൊരു ചിനപ്പുകളും അനുവദിക്കരുത് എന്നുള്ളതാണ്.അവയെല്ലാം അപ്പപ്പോൾ തന്നെ മൂർച്ചയുള്ള കത്തികൊണ്ടോ ബ്ലേഡ് കൊണ്ടോ മുറിച്ചു കളയണം.
മണ്ണിൽ പുട്ടുപൊടിയുടെ നനവിൽ ഈർപ്പം എപ്പോഴും നില നിർത്തണം.
വള്ളികൾ വളർന്ന് തുടങ്ങിയാൽ,തടങ്ങളിൽ തണ്ടിൽ മുട്ടാത്ത രീതിയിൽ കരിയിലകൾ ഇട്ട് പുതച്ചു കൊടുക്കണം.(വളരെ പ്രധാനം )
പന്തലിനു മുകളിൽ വള്ളികൾ പരസ്പരം വളർന്ന് മൂടാത്ത രീതിയിൽ സ്വാതന്ത്രമായി വളരാൻ കൈകൾ കൊണ്ട് വള്ളികൾ മാറ്റി വച്ച് കൊടുക്കണം.
അടിയിലകൾ പ്രായമായി ഉണങ്ങി തുടങ്ങുമ്പോൾ പറിച്ചു മാറ്റി,പച്ച ഇലകൾ മാത്രം എപ്പോഴും ഉള്ള തോട്ടമായി നില നിർത്തണം.
‘നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി സാൻ ഫ്രാൻസിസ്കോയിൽ നിന്നും വരും ‘എന്ന പഴമൊഴി 😝പച്ചക്കറി കർഷകർ മറക്കരുത്.
നമുക്ക് തിന്നാൻ രുചികരമായ ഏത് ഭക്ഷണവും നമ്മളെക്കാൾ കൂടുതൽ ഇഷ്ടപ്പെടുന്ന ഭൂമിയുടെ അവകാശികൾ ഉണ്ട്. അവരെ സംബന്ധിച്ചിടത്തോളം നമ്മളാണ് Pest.നമ്മൾ കണ്ണിൽ ചോരയില്ലാതെ അവരെ Pest എന്ന് വിളിക്കുന്നു. അവർ കൃത്യമായും തോട്ടത്തിൽ തങ്ങളുടെ പങ്ക് പറ്റാൻ വരും. കുറച്ച് അവർക്കു കൊടുക്കുക. എന്നാൽ കൂടുതൽ വിളവും നമുക്ക് കിട്ടാൻ വേണ്ടി വിയർപ്പ് രോഗം ഇല്ലാത്തവർ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിയ്ക്കുക.
1. അടിസ്ഥാന വളത്തോടൊപ്പം 90:10:1കിലോ എന്ന അളവിൽ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയും പൊടിച്ച വേപ്പിൻപിണ്ണാക്കും ട്രൈക്കോഡെർമ കൾച്ചറും ചേർത്ത് അടിവളത്തോടൊപ്പം മണ്ണിൽ ചേർത്ത് കൊടുത്താൽ വാട്ട രോഗവും അഴുകലും കുറയ്ക്കാനും വേരിന്റെ ആരോഗ്യം (Root Health )നില നിർത്താനും സഹായിക്കും.
2. വിത്തിൽ ബിജാമൃതം, സ്യൂഡോമോണാസ് എന്നിവ പുരട്ടി പാകുക.
3. മത്തൻ വണ്ടുകളുടെ പുഴുക്കൾ, പ്യുപ്പകൾ എന്നിവയെ നിയന്ത്രിക്കാൻ പൊടിച്ച വേപ്പിൻ പിണ്ണാക്ക് തടങ്ങളിൽ ചേർത്ത് ഇളക്കണം. കുമ്മായം വിധിയാം വണ്ണം പ്രയോഗിക്കണം.
4. മത്തൻ വണ്ടുകളെ വലകൾ കൊണ്ടോ പവർ ബാറ്റ് കൊണ്ടോ തുടക്കത്തിലേ നശിപ്പിക്കണം.
5. വെള്ളീച്ചകളെ നിയന്ത്രിക്കാൻ മഞ്ഞക്കെണി പന്തലിനു മുകളിലായി തുടക്കത്തിലേ സ്ഥാപിക്കണം. വെള്ളീച്ചകൾ ആണ് പ്രധാനമായും മോസൈക് രോഗം പരത്തുന്നത്.
6. ഇലകൾ തിന്ന് അരിപ്പ പോലെ ആക്കുന്നത് ആമ വണ്ടുകളും അവയുടെ സന്തതികളായ മുള്ളൻ പുഴുക്കളും ആണ്. അവയെ പിടിച്ചു നശിപ്പിക്കണം.
7. തണ്ടിൽ മുഴകൾ ഉണ്ടാക്കുന്ന ഗാളീച്ച ശല്യം ചിലപ്പോൾ ഉണ്ടായേക്കാം. മുഴയുള്ള ഭാഗം മുറിച്ച് മാറ്റുക.
8. പിഞ്ച് (പെൺ പൂക്കൾ )വീഴാൻ തുടങ്ങുമ്പോൾ തന്നെ കായീച്ചകൾ എത്തും. ഫിറമോൺ കെണി, പഴക്കെണി, തുളസിക്കെണി എന്നിവ പന്തലിൽ തൂക്കിയിടണം. ഒട്ടും വൈകാൻ പാടില്ല.പരാഗണശേഷം പെൺപൂവിന്റെഅഗ്രത്തുള്ള ദളങ്ങൾ കൂമ്പിക്കഴിഞ്ഞാൽ,കായ്കൾ പേപ്പർ കൊണ്ടോ ദ്വാരങ്ങൾ ഇട്ട കവറുകൾ കൊണ്ടോ പൊതിഞ്ഞു സംരക്ഷിക്കണം
9. ഇലകളിൽ മുഞ്ഞ, പച്ചത്തുള്ളൻ എന്നിവ വന്ന് പറ്റാതിരിക്കാൻ 2%വീര്യത്തിൽ ഉള്ള വേപ്പെണ്ണ -ബാർസോപ്പ് -വെളുത്തുള്ളി മിശ്രിതം രണ്ടാഴ്ച കൂടുമ്പോൾ ഇലകളുടെ അടിയിൽ തളിച്ച് കൊടുക്കണം.
10. കായ്കൾ പിടിക്കുന്നതോടു കൂടി അടിയിലകളിൽ മഞ്ഞ പുള്ളിക്കുത്തുകൾ (Downy Mildew Disease )കാണാൻ തുടങ്ങും. കുമിൾ രോഗമാണ്. പെട്ടെന്നു മുകൾ ഇലകളിലേക്ക് പകരും. ചെടികളെ അകാലവാർദ്ധക്യത്തിലേക്കു നയിക്കും. അവ അപ്പോൾ തന്നെ പറിച്ചുമാറ്റി കത്തിച്ചു കളയണം രണ്ടാഴ്ച കൂടുമ്പോൾ രണ്ട് ശതമാനം വീര്യത്തിൽ സ്യൂഡോമോണാസ് ലായനി മുൻകരുതലായി തളിക്കണം.
ഇനി ‘അരി വയ്ക്കുന്നതിനും മുൻപ്’ വിളവെടുക്കണം. പാവയ്ക്കയുടെ അരി (വിത്ത് )കട്ടി വയ്ക്കുന്നതിനു മുൻപ് തന്നെ കായ്കൾ പറിച്ചു എടുക്കണം. അപ്പോഴാണ് രുചി കൂടുതൽ. രണ്ട് മൂന്ന് ദിവസം കൂടുമ്പോൾ കായ്കൾ പറിച്ചു ലോഡ് ഒഴിവാക്കി കൊടുക്കണം. വിളവെടുപ്പ് കഴിഞ്ഞാൽ ചെറിയ അളവിൽ വളം കൊടുക്കണം. ഇലകളെ സജീവമാക്കി നിർത്താൻ പച്ചച്ചാണകം നീട്ടി കലക്കി തടങ്ങളിൽ ഒഴിച്ച് കൊടുക്കണം.
തയ്യാറാക്കിയത്
പ്രമോദ് മാധവൻ
അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ
ദേവികുളം
Discussion about this post