കോട്ടയം ജില്ലയിലെ മലയോരങ്ങളിൽ പഴയ കാലങ്ങളിൽ അടുക്കളത്തോട്ടങ്ങളിൽ വളർത്തിയിരുന്ന പയറിനമായിരുന്നു ‘നാരില്ലാപയർ ‘ . വിളഞ്ഞു പാകമായാലും ഈ ഇനം പയറിൻ്റെ പുറം തൊലിയിൽ നാരു കുറഞ്ഞ് മൃദുവായി കാണപ്പെടുന്നു. പാകം ചെയ്യാൻ രുചികരമായ ഇവയുടെ പയറുകൾ വിരിയുമ്പോൾ പച്ച നിറമാണെങ്കിലും വിളഞ്ഞ് പാകമാകുമ്പോൾ ചുവപ്പായി മാറും. കീടാക്രമണം കുറവായ ഇവ ഒരിക്കൽ നട്ടു വളർത്തിയാൽ ആറു മാസത്തോളം തുടർച്ചയായി വിളവു ലഭിക്കും. സൂര്യ പ്രകാശമുള്ള സ്ഥലം കിളച്ചൊരുക്കി ജൈവവളങ്ങൾ ചേർത്ത് തടമെടുത്ത് നാലു വിത്തുകൾ വീതം കുത്തിയിടുകയാണ് രീതി.മഴ ലഭിക്കുന്നില്ലെങ്കിൽ ജലസേചനം ആവശ്യമാണ്. വള്ളി നീണ്ടു തുടങ്ങുന്നതോടെ പടർന്ന് വളരാൻ പന്തൽ നിർമ്മിക്കുകയോ കമ്പുകൾ കുത്തിക്കൊടുക്കുകയോ ചെയ്യണം.
രണ്ടു മാസം കൊണ്ട് പൂവിട്ടു പയർ വിരിഞ്ഞ് തുടങ്ങും. വിളവ് കുറവാണെന്നു തോന്നിയാൽ വള്ളിത്തലപ്പുകളും ഇലയും നുള്ളി കറിയാക്കാം. വീണ്ടും തലപ്പുകൾ വളർന്ന് വിളവേറും. ഇടയ്ക്ക് ചുവട്ടിലെ കളകൾ നീക്കി വളം ചേർത്ത് മണ്ണ് കൂട്ടിക്കൊടുക്കണം. ഗ്രോബാഗുകളിലും മറ്റും എളുപ്പം വളർത്താൻ നാരില്ലാപയർ അനുയോജ്യമാണ്. പയറുകൾക്ക് നീളം കുറവാണ് . ഇവ തൂക്കാനായി കൂട്ടിക്കെട്ടിയാൽ മുറിയുന്നതായും കാണാറുണ്ട്.അടുക്കളത്തോട്ടത്തിലെ ചെറിയ കൃഷിക്കാണ് നാരില്ലാപയർ കൂടുതൽ അനുയോജ്യം.
രാജേഷ് കാരാപ്പള്ളിൽ
ഫോൺ: 9495234232
Discussion about this post