സംസ്ഥാനത്ത് വാഴപ്പഴത്തിൻ്റെ വിലയും കുതിക്കുന്നു. വിപണിയിൽ ഡിമാൻഡ് ഏറെയുള്ള ഏത്തപ്പഴത്തിൻ്റെ വിലയെ കടത്തിവെട്ടി മുന്നേറുകയാണ് ഞാലിപ്പൂവന്റെ വില. എറണാകുളത്തെ ചില്ലറ വിപണിയിൽ 100 രൂപയാണ് കിലോയ്ക്ക് വില. ചില സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ വില 110-ൽ വരെയെത്തി.
ഏത്തപ്പഴത്തിന് 70-75 രൂപ വരെ വിലയുണ്ട്. റോബസ്റ്റയ്ക്ക് 50 രൂപ വരെയും പാളയൻതോടന് 55 രൂപ വരെയും പൂവൻ പഴത്തിന് 65 രൂപ വരെയുമാണ് വിപണി നിരക്ക്. രണ്ട് ദിവസം കൂടുമ്പോൾ വില വർദ്ധിക്കുന്നുവെന്ന് വ്യാപാരികൾ പറയുന്നു. വരവ് കുറഞ്ഞതും കയറ്റുമതി ഉയർന്നതുമാണ് ഞാലിപ്പൂവന്റെ വില ഉയരാൻ കാരണം. വരവിൽ 40 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് വാഴപ്പഴത്തിന് ആവശ്യം കൂടുതലാണെങ്കിലും തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പഴങ്ങൾ അധികവുമെത്തുന്നത്. തമിഴ്നാട്ടിലെ മേട്ടുപ്പാളയം, തൃച്ചിനാപ്പള്ളി, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് വാഴപ്പഴമെത്തുന്നത്. ഇവിടെങ്ങളിൽ കാലാവസ്ഥ വ്യതിയാനം കൃഷിയെ കാര്യമായി ബാധിച്ചതും വിലയെ സ്വാധീനിക്കുന്നുണ്ട്.
banana price hike in kerala
Discussion about this post