ഇന്ത്യയില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയുടെ പുരോഗതി മറ്റ് വികസിത-വികസ്വര രാജ്യങ്ങളേക്കാളും പുറകിലാണ്. എന്നാല്‍ തൊഴിലാളികളുടെ ദൗര്‍ലഭ്യവും ഉയര്‍ന്ന ഉല്‍പ്പാദന ചെലവും കാരണം കാര്‍ഷിക മേഖലയില്‍ ആധുനിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പ്രസക്തി വര്‍ധിച്ചു വരുന്നു. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകാന്‍ കേരള കാര്‍ഷിക സര്‍വകലാശാല വികസപ്പിച്ചെടുത്ത ഏതാനും കാര്‍ഷിക യന്ത്രങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ചറിയാം.
1. കെ.എ.യു തെങ്ങുകയറ്റ യന്ത്രം
എളുപ്പത്തിലും സുരക്ഷിതമായും കര്‍ഷകര്‍ക്ക് തെങ്ങില്‍ കയറാന്‍ സഹായിക്കുന്ന ടിഎന്‍എയു തെങ്ങുകയറ്റ യന്ത്രത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് കെ.എ.യു കോക്കനട്ട് പാം ക്ലൈംബര്‍. മുകളിലും താഴെയുമായി യു ഫ്രെയിം ഘടിപ്പിച്ച രണ്ട് ഫ്രെയിമുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മുകളിലെ ഫ്രെയിം ഓപ്പറേറ്ററുടെ കംഫര്‍ട്ട് സിറ്റിംഗിനായിട്ടുള്ളതാണ്. ഗാല്‍വനൈസ്ഡ് ഇരുമ്പിനാല്‍ നിര്‍മ്മിതമായ മുകളിലെ ഫ്രെയിം ശരാശരി 60-75 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ്. താഴത്തെ ഫ്രെയിം ഓപ്പറേറ്ററുടെ കാലുകള്‍ വെക്കുന്നതിനും മുകളിലേക്കും താഴേക്കുമുള്ള പ്രവര്‍ത്തനത്തിന് വേണ്ടിയുള്ളതുമാണ്. തെങ്ങില്‍ കയറുമ്പോള്‍ രണ്ട് ഫ്രെയിമുകളും കൈയുടെയും കാലിന്റെയും സംയോജിത പ്രവര്‍ത്തനങ്ങള്‍ വഴി മുകളിലേക്ക് നീക്കുന്നു. താഴേക്ക് ഇറങ്ങുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ പഴയ പടിയാകും.ഉപയോക്താവിന്റെ കാലുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ താഴത്തെ ഫ്രെയിമില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫൂട്ട്‌വെയറുകളും പ്രത്യേകം നല്‍കിയിട്ടുണ്ട്.
തേങ്ങ പൊതിക്കുന്ന യന്ത്രം
തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന പവര്‍ ഓപ്പറേറ്റഡ് ഹസ്‌കിംഗ് മെഷീന്‍- തേങ്ങ അനായാസമായി പൊതിച്ചെടുക്കുന്നതിന് കേരള കാര്‍ഷിക യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത പവര്‍ ഓപ്പറേറ്റഡ് റോട്ടറി കോക്കനട്ട് ഹസ്‌കിംഗ് മെഷീനാണിത്. ഈ ഉപകരണത്തില്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന ചെറുബ്ലേഡുകളോട് കൂടിയ സ്‌റ്റേഷനറി ഭാഗവും കറങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു ഭാഗവുമുണ്ട്. റോട്ടറി, സ്‌റ്റേഷനറി ഭാഗങ്ങള്‍ തമ്മിലുള്ള ആപേക്ഷിക ചലനം മൂലം കത്തികളില്‍ തട്ടി തേങ്ങയുടെ പുറംഭാഗം ഭാഗികമായി പൊളിഞ്ഞുപോകുന്നു. അങ്ങനെ പൊതിച്ചെടുത്ത ഭാഗങ്ങള്‍ റോളറുകള്‍ക്കിടയിലൂടെ കടത്തിവിടുമ്പോള്‍ പൂര്‍ണമായും തൊണ്ട് കളയപ്പെടുന്നു. 5 എച്ച്പി പവര്‍ ഇന്‍ഡക്ഷന്‍ മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഉപകരണത്തിലൂടെ മണിക്കൂറില്‍ 450 മുതല്‍ 500 തേങ്ങകള്‍ വരെ പൊതിച്ചെടുക്കാന്‍ കഴിയും.
കൊപ്ര വേര്‍തിരിച്ചെടുക്കുന്ന ഉപകരണം
സ്വമേധയാ പ്രവര്‍ത്തിക്കാവുന്ന കൊപ്ര സെപ്പറേറ്റര്‍ കൊപ്രയെ ചിരട്ടയില്‍ നിന്ന് അപകടമില്ലാതെ വേര്‍തിരിച്ചെടുക്കാന്‍ സഹായിക്കുന്നു.9 സെന്റിമീറ്റര്‍ നീളവും 3 സെന്റിമീറ്റര്‍ വീതിയുമുള്ള എംഎസ് പ്ലേറ്റ് കൊണ്ട് നിര്‍മ്മിച്ച ഒരു ബ്ലേഡാണ് കൊപ്ര സെപ്പറേറ്ററില്‍ അടങ്ങിയിരിക്കുന്നത്. ഇത് കറക്കുവാനായി മരം കൊണ്ടൊരു ഹാന്‍ഡിലും ഘടിപ്പിച്ചിട്ടുണ്ട്. ഈ ഉപകരണം ഒരു മേശയിലോ സ്ലാബിലോ ഘടിപ്പിച്ച് ഉപയോഗിക്കാം. ചെറുകിട കര്‍ഷകര്‍ക്കും വീട്ടാവശ്യങ്ങള്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഈ കൊപ്ര സെപ്പറേറ്ററിലൂടെ മിനിറ്റില്‍ 12 കൊപ്രകള്‍ വേര്‍തിരിക്കാന്‍ സാധിക്കും.
കോക്കനട്ട് പൊതിക്കുന്ന ഉപകരണം
വീട്ടാവശ്യങ്ങള്‍ക്കായി തേങ്ങ പൊതിച്ചെടുക്കുന്നതിന് ഉപയോഗിക്കാവുന്ന ലളിതമായ ഒരു ഉപകരണമാണ് കോക്കനട്ട് ഹസ്‌കിംഗ് ഉപകരണം അഥവാ കേരമിത്ര. രണ്ടര കിലോ ഭാരവും 55 സെന്റിമീറ്റര്‍ ഉയരവുമാണ് ഉപകരണത്തിന്. പൊതുവെ ഭാരം കുറഞ്ഞതും കൈകാര്യം ചെയ്യാന്‍ എളുപ്പത്തിലുമുള്ളതാണ് ഈ ഉപകരണം.
തേങ്ങാപ്പാലെടുക്കാനുള്ള യന്ത്രം
കേരധാര- തേങ്ങാപ്പാല്‍ പിഴിഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ പ്രവര്‍ത്തി അനായാസമായി ചെയ്യാവുന്ന, സ്റ്റീലില്‍ നിര്‍മ്മിച്ച, കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ലളിതമായ ഒരു യന്ത്രമാണിത്. അടുക്കളയിലെ മേശയിലോ, സ്ലാബുകളിലോ ഇത് ഘടിപ്പിച്ച് ഉപയോഗിക്കാം. ചിരകിയെടുക്കുന്ന തേങ്ങ ഈ യന്ത്രത്തില്‍ നിറച്ച് ഹാന്‍ഡില്‍ തിരിക്കുമ്പോള്‍ അടിഭാഗത്തുള്ള വീതി കുറഞ്ഞ വിടവിലൂടെ പുറത്തേക്ക് ഒഴുകി താഴെ വെച്ചിട്ടുള്ള പാത്രത്തിലേക്ക് തേങ്ങാപ്പാല്‍ ശേഖരിക്കും. ചിരകിയ തേങ്ങയില്‍ നിന്ന് 80 ശതമാനത്തോളം പാല്‍ പിഴിഞ്ഞെടുക്കാം. ഏകദേശം 3000 രൂപയാണ് ഇതിന്റെ വില.
വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ളോ പമ്പ്
കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ കനത്ത മഴക്കാലത്ത് ജലനിര്‍മാര്‍ജന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നു. ഉയര്‍ന്ന കാര്യക്ഷമതയും കുറഞ്ഞ ഊര്‍ജവും ഉപയോഗിക്കുന്ന ആക്‌സിയല്‍ ഫ്‌ളോ പമ്പുകള്‍ ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്.
Discussion about this post