റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കാര്‍ഷിക മേഖലയ്ക്ക് 303.38കോടി രൂപയുടെ പദ്ധതിക്ക് കൂടി സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ ആകെ 486 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാന കൃഷി വകുപ്പ്, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി നടപ്പാക്കുന്നത്. തൃശൂര്‍-പൊന്നാനി കോള്‍ നിലങ്ങളുടെ അടിസ്ഥാന വികസനത്തിനുള്ള 298കോടി രൂപ, എറണാകുളം രാമമംഗലത്തെ പാമ്പൂരിച്ചാല്‍ പാടശേഖരത്തിന്റെ അടിസ്ഥാന വികസനത്തിനുള്ള 5കോടി രൂപ എന്നീ പദ്ധതികള്‍ക്ക് കൂടി പുതിയതായി അംഗീകാരം ലഭിച്ചു.
2018-ലെ മഹാപ്രളയത്തിനും 2019-ലെ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കും ശേഷമാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കൃഷി വകുപ്പ് പാരിസ്ഥിതിക പഠനം തുടങ്ങിയതും സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതും. കൃഷി വകുപ്പ് സമര്‍പ്പിച്ച 945 കോടിയുടെ വികസന പദ്ധതികള്‍ RKI പരിഗണിക്കുകയും തുടര്‍ന്ന് ആദ്യഘട്ടത്തില്‍, 182.76 കോടി രൂപയുടെ പദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ 141 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇതിനകം ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
അംഗീകാരം ലഭിച്ച പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നത് 298 കോടി രൂപയുടെ തൃശൂര്‍-പൊന്നാനി കോള്‍ വികസന പദ്ധതിയ്ക്കാണ്. ഭക്ഷ്യസുരക്ഷയ്ക്ക് പ്രസക്തി ഏറിവരുന്ന അവസരത്തില്‍ കേരളത്തിന്റെ സവിശേഷമായ കാര്‍ഷിക മേഖലയുടെയും അതിനെ നിലനിര്‍ത്തുന്ന പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ അജണ്ടയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് റാംസാര്‍ സൈറ്റ് ആയി ലോക പ്രകൃതിവിഭവ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ കേരളത്തിലെ കോള്‍ മേഖലയുടെ വികസനം പ്രധാന വിഷയമായി കൃഷി വകുപ്പ് ഏറ്റെടുത്തതും വിവിധ പദ്ധതികള്‍ സര്‍ക്കാരിലേയ്ക്ക് അനുമതിയ്ക്കായി നല്‍കിയതും. കോള്‍ മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളുടെ ആദ്യഘട്ടം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. ഇപ്പോള്‍ അംഗീകാരം ലഭിച്ച 298 കോടി രൂപയുടെ പദ്ധതികള്‍ കൂടി നടപ്പിലാക്കുന്നതോടെ ഈ മേഖലയുടെ വികസനം പൂര്‍ത്തിയാക്കി, കേരളത്തിന്റെ നെല്ലറയായി തൃശൂര്‍-പൊന്നാനി കോള്‍ മേഖലകളെ മാറ്റുവാന്‍ സാധിക്കും.
തൃശൂര്‍-പൊന്നാനി കോള്‍ നിലങ്ങളുടെ വികസനത്തിനായി അംഗീകരിച്ച പദ്ധതി പ്രകാരം കോള്‍ മേഖലയിലെ 32 പ്രധാന തോടുകളില്‍ അടിഞ്ഞുകൂടിയ ചളിയും മാലിന്യങ്ങളും മാറ്റുന്ന പ്രവര്‍ത്തിയാണ് ആദ്യം നടത്തുക. ബൃഹത്തായ ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കോട്ടച്ചാല്‍, പുഴയ്ക്കല്‍ ചാല്‍, ചേറ്റുപുഴച്ചാല്‍ എന്നിവയാണ് വൃത്തിയാക്കുന്ന പ്രധാന കനാലുകള്‍. 66 കോടി രൂപയാണ് ഇതിന് മാത്രം ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് സാധ്യമാകുന്നതിലൂടെ കാലവര്‍ഷക്കാലത്ത് തൃശൂര്‍ നഗരത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുവാനും പാടശേഖരങ്ങളിലെ ജലവിതാനം നിയന്ത്രിക്കുവാനും സാധ്യമാകും. പാടശേഖരങ്ങളുടെ അടിസ്ഥാന വികസന പ്രവൃത്തികള്‍ക്കായി 20 കോടി രൂപയുടെ പദ്ധതിയില്‍ ചാലുകളുടെ ആഴം വര്‍ദ്ധിപ്പിക്കല്‍ (5 കോടി), ഫാം റോഡുകളുടെ നിര്‍മ്മാണം (5 കോടി), വിളക്കുമാടം പാടശേഖരവികസനം (5കോടി), കോവിലകം പാടശേഖര വികസനം (4 കോടി), ഫാം റോഡുകളിലെ നടപ്പാലങ്ങള്‍ (1 കോടി) എന്നീ പ്രധാന ജോലികളാണ് ഉദ്ദേശിക്കുന്നത്. കൂടാതെ എഞ്ചിന്‍ തറകളുടേയും എഞ്ചിന്‍ ഷെഡ്ഡുകളുടേയും നിര്‍മ്മാണം (14.4 കോടി), വെള്ളം വറ്റിക്കുന്നതിനുള്ള സംവിധാനം സ്ഥാപിക്കല്‍ (25 കോടി), ട്രാന്‍സ്ഫോര്‍മറുകളും സബ്സ്റ്റേഷനുകളും സ്ഥാപിക്കല്‍ (3.76 കോടി), യന്ത്രവല്‍ക്കരണം (2.5 കോടി) എന്നിവയും ഉള്‍പ്പെടുന്നു.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പാടശേഖരങ്ങളുടെ അടിസ്ഥാന വികസനത്തിന് 75 കോടിയും വെള്ളം വറ്റിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 32 കോടിയും വകയിരുത്തിയിട്ടുണ്ട്. മൂന്നാം ഘട്ടത്തില്‍ പാടശേഖരങ്ങളുടെ അടിസ്ഥാന വികസനത്തിന് 58.57 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഇത് കൂടാതെ വെജിറ്റബ്ള്‍ & ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ വിപണി വികസനത്തിന് 15 കോടി രൂപയുടെ പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. കര്‍ഷകരില്‍ നിന്നും നേരിട്ട് പഴം- പച്ചക്കറികള്‍ സംഭരിച്ച്, പ്രാഥമിക സംസ്ക്കരണം നടത്തി ഉല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധനവിലൂടെ പരമാവധി ലാഭം കര്‍ഷകര്‍ക്ക് തന്നെ ലഭ്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ആദ്യഘട്ടത്തില്‍ ഭരണാനുമതി ലഭിച്ച പദ്ധതികളില്‍ പ്രധാനപ്പെട്ടത് ഇനി പറയുന്നതാണ്. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതികളുടെ വികസനവും ലക്ഷ്യമാക്കി സംസ്ഥാനത്തൊട്ടാകെ 14,000 സംയോജിത കൃഷിത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് 50 കോടിയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. സുഭിക്ഷ കേരളം ജൈവഗൃഹം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ കൃഷിക്കു പുറമേ കുറഞ്ഞത് 5 സംരംഭങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന കര്‍ഷകര്‍ക്ക് 50,000 രൂപവരെ ധനസഹായം നൽകുന്നതിന് സാധ്യമാകും. കാര്‍ഷികവിളകള്‍ക്കൊപ്പം മൃഗപരിപാലനം, മത്സ്യകൃഷി, കോഴി, താറാവ്, തേനീച്ച എന്നിവയെല്ലാം ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് കുറഞ്ഞ ഭൂമിയിൽനിന്നും പരമാവധി ആദായം ഉറപ്പാക്കാവുന്ന രീതിയിലാണ് സംയോജിത കൃഷി രീതി ആസൂത്രണം ചെയ്തിരിക്കുന്നത്.
കൈപ്പാട് നിലങ്ങളുടെ വികസനം(3 കോടി), കുട്ടനാട്ടിലെ നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പാരിസ്ഥിതിക സംവിധാനം മെച്ചപ്പെടുത്താനുള്ള പദ്ധതി (2.91 കോടി), ചെങ്ങന്നൂര്‍ സമൃദ്ധി- തരിശ് രഹിത പദ്ധതി (10 കോടി), നേര്യമംഗലം ഫാം വികസനം (10 കോടി), കാര്‍ഷിക കര്‍മ്മ സേന ശാക്തീകരണ പദ്ധതി (5 കോടി) എന്നിവയ്ക്കും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നേരത്തെ ഭരണാനുമതി ലഭിച്ച മണ്ണ് സംരക്ഷണ – മണ്ണ് പര്യവേഷണ വകുപ്പിന്റെ 60 കോടി രൂപയുടെ പദ്ധതിയും നടന്നുവരികയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ 2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തില്‍ കേരളത്തിലെ കൃഷി ഭൂമിയിലെ മണ്ണിലുണ്ടായ ശോഷണം പരിഹരിക്കുന്നതിനും സാധിക്കും.
സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കല്‍, കൃഷി വകുപ്പിന്റെ മാനവവിഭവശേഷിയും നൈപുണ്യവും വികസിപ്പിക്കല്‍, സംസ്ഥാന ഫലമായ ചക്കയുടെയും നാളികേരത്തിന്റെയും മൂല്യവര്‍ദ്ധനയുടെ സാദ്ധ്യതകള്‍, കാര്‍ഷികോല്‍പന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് VFPCK ചുമതലപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ കൃഷി വകുപ്പ് വിദഗ്ധരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടത്തിവരുന്ന പഠനങ്ങള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ പാരിസ്ഥിതിക മേഖലാ അടിസ്ഥാനത്തില്‍ കേരളത്തിലെ കാര്‍ഷിക മേഖലയെ പുനഃസംഘടിപ്പിക്കുന്നതിനും അതുവഴി കാര്‍ഷിക മേഖലയിലെ സ്വയംപര്യാപ്തത എന്ന മഹത്തായ ലക്ഷ്യം കൈവരിക്കുന്നതിനും സാധിക്കും.
കടപ്പാട് : ബഹു .ശ്രി വി .എസ് സുനിൽകുമാർ ഫേസ്ബുക് പേജ്
Discussion about this post