പയർ കൃഷി യുടെ പ്രധാന ശത്രുവാണ് ചാഴി. കടും ബ്രൗൺ നിറത്തിൽ നീണ്ട ശരീരമുള്ള കീടമാണിത്.15മില്ലിമീറ്റർ നീളം വരും. ഓരോ പെൺ ചാഴിയും 15 മുട്ടകൾ വരെ ഇടാറുണ്ട്. 4 ദിവസത്തിനുള്ളിൽ മുട്ടവിരിഞ്ഞ് പുറത്തുവരുന്ന കുഞ്ഞുങ്ങൾ പയർ മണികളിൽ നിന്ന് നീരൂറ്റികുടിക്കുന്നു. 17 ദിവസത്തിനുള്ളിൽ ഇവ പൂർണവളർച്ചയെത്തും. പൂർണവളർച്ചയെത്തിയ കീടങ്ങൾ 45 മുതൽ 47 ദിവസം വരെ ജീവിച്ചിരിക്കും. ചാഴികളും ചാഴിക്കുഞ്ഞുങ്ങളും നീരൂറ്റിക്കുടിക്കുന്നത് മൂലം പയറിന് നിറവ്യത്യാസം വരുകയും കറുത്ത കുത്തുകൾ കാണപ്പെടുകയും ചെയ്യും. പയർമണികൾ ചുക്കിച്ചുളിഞ്ഞു പോകുന്നതും കാണാം. ആക്രമണം രൂക്ഷമാകുമ്പോൾ കായകൾ വളർച്ചയില്ലാതെ ഉണങ്ങിപ്പോകും.
നിയന്ത്രണ മാർഗങ്ങൾ
വയലിലെയും കൃഷിയിടത്തിലെയും കളകൾ കൃത്യമായി നീക്കംചെയ്യണം. വൈകുന്നേരങ്ങളിൽ തീപ്പന്തം കത്തിച്ചു ചാഴികളെ അതിലേക്കാകർശിച്ച് നശിപ്പിച്ചു കളയാം. കൈവല ഉപയോഗിച്ച് ചാഴികളെ പിടിച്ചു നശിപ്പിക്കുക എന്നതാണ് മറ്റൊരു മാർഗം.
ദുർഗന്ധം സഹിക്കാനാവില്ല എന്നത് ഇവരുടെ പ്രത്യേകതയാണ്. അതിനാൽ ചെടികൾക്ക് മുകളിൽ രണ്ടു മുതൽ മൂന്നു മില്ലിലിറ്റർ മത്തി ശർക്കര ലായനി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുന്നത് ഇവയെ നിയന്ത്രിക്കാൻ സഹായിക്കും.
മത്തി ശർക്കര മിശ്രിതം എങ്ങനെ തയ്യാറാക്കാം?
ഒരു കിലോഗ്രാം പച്ച മത്സ്യമോ മീനിന്റെ അവശിഷ്ടമോ എടുത്ത് ചെറിയ കഷ്ണങ്ങളായി മുറിക്കണം. മത്തി, ചാള മുതലായ മീനുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ഒരു കിലോഗ്രാം പൊടിച്ച ശർക്കരയുമായി ചേർത്ത് യോജിപ്പിക്കണം. ഈ മിശ്രിതം വായു കടക്കാത്ത അടപ്പുള്ള പാത്രത്തിൽ 20 ദിവസത്തേക്ക് അടച്ചു വയ്ക്കാം. അല്പം ഈസ്റ്റ് കൂടി ചേർത്ത് കൊടുക്കുന്നത് ഗുണം ചെയ്യും. 20 – 30 ദിവസം കഴിയുമ്പോഴേക്കും നല്ല തവിട്ടുനിറമുള്ള ലായനി രൂപപ്പെട്ടിരിക്കും. മുള്ളുകൾ ഒഴികെയുള്ള ഭാഗങ്ങൾ അഴുകി ചേർന്നിരിക്കുന്നതായി കാണാം.ഈ സമയത്ത് ഇത് നേർപ്പിച്ച് ഉപയോഗിക്കാം.
10 ഗ്രാം വീതം കാന്താരി, വെളുത്തുളളി, കായം എന്നിവ 100മില്ലിലിറ്റർ ഗോമൂത്രത്തിൽ കലക്കി അരിച്ചെടുത്തശേഷം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യാം. ബിവേറിയ ബസിയാന എന്ന മിത്രകുമിൾ 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും നല്ലതാണ്. ജൈവ നിയന്ത്രണ മാർഗങ്ങൾ ചാഴി ശല്യം ആരംഭിക്കുന്നതിനു മുൻപ് തന്നെ ആരംഭിക്കാം.
Discussion about this post