വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന് പഴംചൊല്ല്. എന്നാൽ വേണമെങ്കിൽ ടെറസിലും പ്ലാവ് വളർത്തി ചക്ക വിളവെടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഐ എസ് ആർ ഒ ശാസ്ത്രജ്ഞനായ അനൂപ്. വീടിന്റെ ടെറസിൽ വലിയ വീപ്പയിൽ വളർത്തിയ ഒരു വർഷം പ്രായമായ വിയറ്റ്നാം ഏർലി പ്ലാവ് കായ്ച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
കോട്ടയം പാലാ സ്വദേശിയായ അനൂപ് ജോലിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് 6 സെന്റ് സ്ഥലത്തെ വീട്ടിലാണ് താമസം . കൃഷി ചെയ്യാനായി മനസ്സുണ്ടെങ്കിലും സ്ഥലപരിമിതിയും സമയക്കുറവും തടസ്സമായിരുന്നു. മട്ടുപ്പാവിൽ പച്ചക്കറികൃഷി ചെയ്താണ് തുടക്കം. പാവൽ, പയർ, കോവൽ, വെണ്ട, മുളക് തുടങ്ങി അനേകം വിളകൾ കൃഷി ചെയ്തിട്ടുണ്ട്.എന്നാൽ കൃത്യമായ പരിപാലനവും ശ്രദ്ധയും ആവശ്യമുള്ളതിനാൽ സമയപരിധി ഒരു തടസ്സമായി.
പിന്നീട് അധികം ശ്രദ്ധ നൽകാതെ എങ്ങനെ കൃഷിചെയ്യാം എന്നായി ചിന്ത. അങ്ങനെയാണ് വീപ്പകളിൽ പ്രത്യേകരീതിയിൽ ഫലവൃക്ഷങ്ങൾ കൃഷിചെയ്യാനാരംഭിച്ചത്. അതിനായി വീപ്പകൾ വാങ്ങി. ഒരു വീപ്പയ്ക്ക് 700 മുതൽ 1000 രൂപ വരെ നൽകേണ്ടി വരും. താഴെനിന്നും മൂന്നിലൊന്ന് ഉയരത്തിൽ ചുറ്റിലും ഹോളുകളുണ്ടാക്കി. അത്രത്തോളം ഉയരത്തിൽ ചകിരി നിറച്ചു. എന്നും വെള്ളമൊഴിക്കാൻ സാധിച്ചില്ലെങ്കിലും ചകിരിയിൽ ശേഖരിച്ചു വയ്ക്കപ്പെടുന്ന ജലം ചെടികളെ വാടാതെ കാക്കും.അതുകൊണ്ട് തന്നെ 4 ദിവസത്തിലൊരിക്കൽ നനച്ചാൽ മതി. വേനലിൽ 2 ദിവസത്തിലൊരിക്കൽ വെള്ളമൊഴിക്കണം.
ചകിരി നിറച്ചതിനുമുകളിലായി മണ്ണും ചാണകപ്പൊടിയും ആട്ടിൻകാഷ്ഠവും കമ്പോസ്റ്റും പച്ചിലവളങ്ങളും നിറച്ചു. അതിന് മുകളിൽ 3 മാസം പ്രായമായ വിയറ്റ്നാം ഏർലി പ്ലാവ് നട്ട് ഫലവൃക്ഷകൃഷിക്ക് തുടക്കം കുറിച്ചു. ഏറ്റവും മുകളിൽ ചകിരിയും പച്ചിലകളും കൊണ്ട് പുതയിട്ടു. ശേഷം വെയിൽ കൊണ്ട് വീപ്പ നശിച്ചുപോകാതിരിക്കാനായി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു. ബയോഗ്യാസിൽ നിന്നും ലഭിക്കുന്ന സ്ലറി മാത്രമാണ് വളമായി നൽകിയത്. എട്ടു മാസങ്ങൾക്ക് ശേഷം ഇപ്പോഴിതാ പ്ലാവ് കായ്ച്ചിരിക്കുകയാണ്. പ്ലാവിലുള്ള തന്റെ പരീക്ഷണം വിജയമായതോടെ മാവ്, പേര, ആപ്പിൾ ചാമ്പ, ചെറി, റംബുട്ടാൻ, പുലാസൻ, അവക്കാഡോ, മൽബറി, ബെർ ആപ്പിൾ, കുടംപുളി, ചാമ്പ എന്നിവയും അനൂപ് ടെറസിൽ തന്നെ നട്ടു.
“പ്ലാസ്റ്റിക് ഷീറ്റിന് മുകളിലോ ചുടുകല്ലിന് മുകളിലോ വീപ്പ വയ്ക്കണം. ഇല്ലെങ്കിൽ അത് മേൽക്കൂരയുടെ ആരോഗ്യത്തെ ബാധിക്കും. അതല്ലെങ്കിൽ മട്ടുപ്പാവ്കൃഷി ചെയ്യാൻ ആഗ്രഹമുള്ളവർ വീട് പണിയുമ്പോൾ തന്നെ മേൽക്കൂരയിൽ അതിനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ടെറസ്സിലെ കൃഷിയിൽ രാസവളങ്ങളൊന്നും പാടില്ല”, അനൂപ് പറയുന്നു.
വിക്രം സാരാഭായി സ്പേസ് സെന്ററിൽ ശാസ്ത്രജ്ഞനായി ജോലി നോക്കുകയാണ് അനൂപ്. സ്കൂൾ അധ്യാപികയായ ബിനു കൃഷ്ണയാണ് അനൂപിന്റെ ജീവിതപങ്കാളി. മകൾ ഗൗരി നന്ദന ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കൃഷിയിൽ മുഴുവൻ പിന്തുണയുമായി കുടുംബാംഗങ്ങളും അനൂപിനൊപ്പമുണ്ട്.
Discussion about this post