ഓണക്കാലത്ത് അത്തപ്പൂക്കളങ്ങളൊരുക്കാനും അലങ്കാരങ്ങൾക്കുമായി ഏറ്റവുമധികം ആവശ്യം വരുന്ന പൂവാണ് ചെണ്ടുമല്ലി. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും അലങ്കാരത്തിനായി ചെണ്ടുമല്ലി ധാരാളമായി ഉപയോഗിക്കാറുണ്ട്. മറ്റു പൂച്ചെടികളെ അപേക്ഷിച്ച് വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം എന്നത് ചെണ്ടുമല്ലിയുടെ പ്രത്യേകതയാണ്.വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാവുന്ന ഒരു ഹ്രസ്വകാല വിളയാണിത്. നീളത്തിൽ വളരുന്ന ആഫ്രിക്കൻ ചെണ്ടുമല്ലികളും കുറിയ ഇനം ഫ്രഞ്ച് ചെണ്ടുമല്ലികളുമുണ്ട്. ഇവയുടെ സങ്കരഇനങ്ങളും ഇന്ന് ലഭ്യമാണ്. ആപ്രികോട്ട്, പ്രിംറോസ്, സൺ ജയന്റ്, ഹണി കോംബ് എന്നിവ അത്യുൽപാദനശേഷിയുള്ള ആഫ്രിക്കൻ ചെണ്ടുമല്ലി ഇനങ്ങളാണ്.
വിവിധ തരം മണ്ണുകളിൽ കൃഷിചെയ്യാവുന്ന വിളയാണ് ചെണ്ടുമല്ലി. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വിളവെടുക്കാനാകും. ഒപ്പം കൂടുതൽ സമയം പൂക്കൾ കേടുകൂടാതെ സൂക്ഷിക്കാനുമാകും.
നഴ്സറി തയ്യാറാക്കാം
നഴ്സറി ബെഡ്ഡുകളിൽ വിത്ത് പാകി തൈകൾ ഉത്പാദിപ്പിച്ച് അവ പറിച്ചു നടുകയാണ് പതിവ്. ഒരു സെന്റിൽ കൃഷി ചെയ്യാൻ ഏകദേശം രണ്ട് ഗ്രാം വിത്ത് മതിയാകും.നഴ്സറി ബെഡ്ഡുകളിൽ അടിവളമായി ജൈവവളവും എൻ പി കെ മിക്സ്ചർ ആയ 15:15:15ഉം നൽകാം. ഇങ്ങനെ തയ്യാറാക്കിയ ബെഡുകൾക്ക് മുകളിൽ ഏഴര സെന്റീമീറ്റർ അകലത്തിൽ വിത്ത് പാകണം. മുകളിൽ മണ്ണോ ജൈവവളമോ ചേർത്ത് വിത്തുകൾ മൂടാം. ആവശ്യാനുസരണം ജലസേചനം നൽകുകയും വേണം. ഒരു മാസത്തിനുള്ളിൽ തൈകൾ പറിച്ചുനടാം.
നടീലും പരിപാലനവും
പറിച്ചുനടാൻ ഉദ്ദേശിക്കുന്ന കൃഷിയിടത്തിൽ ഒരു സെന്റിന് 80 കിലോഗ്രാം ജൈവവളം അടിവളമായി നൽകണം. അമ്ലാംശം കൂടിയ മണ്ണിൽ ജൈവവളം ചേർക്കുന്നതിന് ഒരാഴ്ച മുൻപ് ആവശ്യത്തിന് കുമ്മായം ചേർത്ത് പിഎച്ച് ക്രമീകരിക്കുന്നത് നല്ലതാണ്. ഒരു സെന്റിലേക്ക് ഏകദേശം 100 തൈകൾ വേണ്ടിവരും. ചാലുകളെടുത്താണ് തൈകൾ പറിച്ചു നടേണ്ടത്.പറിച്ചു നടുമ്പോൾ വരികൾക്കിടയിലും ചെടികൾക്കിടയിലും 45 സെന്റീമീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കാം. നടീൽ സമയത്ത് 976 ഗ്രാം യൂറിയ, 1332 ഗ്രാം റോക്ക്ഫോസ്ഫേറ്റ്, 400 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ മണ്ണിൽ ചേർക്കണം. നട്ട് 30 മുതൽ 45 ദിവസങ്ങൾക്കിടയിൽ 977 ഗ്രാം യൂറിയ കൂടി മണ്ണിൽ ചേർത്ത് ചുവട്ടിൽ മണ്ണ് കൂട്ടാം. ചുവട്ടിൽ മണ്ണ് ചേർത്ത് ചാലുകൾ വരമ്പുകളാക്കി മാറ്റുന്നത് വെള്ളം കെട്ടി നിൽക്കാതിരിക്കാനും നീർവാർച്ച കൂട്ടാനും സഹായിക്കും. തോട്ടത്തിൽ നിന്നും കൃത്യമായി കളകൾ നീക്കം ചെയ്യണം. നട്ട് ഒന്നര മാസമാകുമ്പോൾ എല്ലാ ചെടികളുടെയും തലപ്പ് നുള്ളണം. ഇങ്ങനെ ചെയ്യുന്നത് വശങ്ങളിൽ നിന്നും ധാരാളം ശാഖകൾ ഉണ്ടായി നന്നായി പുഷ്പിക്കാൻ സഹായിക്കും. ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞു വീഴാതിരിക്കാനായി താങ്ങു നൽകുന്നതും നല്ലതാണ്.ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാനിടയായാൽ ചെടികൾ അഴുകി പോകാൻ സാധ്യതയുണ്ട്. അതിനാൽ തോട്ടങ്ങളിൽ നല്ല നീർവാർച്ച ഉറപ്പുവരുത്തണം.
വണ്ടുകളുടെയും തണ്ടുതുരപ്പൻമാരുടെയും നിയന്ത്രണത്തിനായി 20 ഗ്രാം ബിവേറിയ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യാവുന്നതാണ്. മുഞ്ഞ, മീലി മുട്ട എന്നിവയുടെ ആക്രമണങ്ങൾക്കെതിരെ വേപ്പധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കാം. 4 ഗ്രാം കോപ്പർ ഓക്സിക്ലോറൈഡ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടം കുതിർക്കുന്നത് ചുവടു ചീയൽ തടയാൻ സഹായിക്കും.
വിളവെടുപ്പ്
നട്ട് രണ്ട് മാസത്തിനുള്ളിൽ വിളവെടുക്കാനാകും. അടുത്ത രണ്ട് മാസത്തോളം ഇത് തുടരുകയും ചെയ്യാം. വിളവെടുപ്പിന് മുൻപ് തോട്ടം നനയ്ക്കണം. പൂർണ്ണവളർച്ചയെത്തിയ പൂക്കൾ തണ്ടോടുകൂടി പറിച്ചെടുക്കാം.
Discussion about this post