വീടിനോട് ചേർന്ന് പച്ചപ്പ് നിറഞ്ഞൊരു സ്ഥലം വേണം. കടുത്ത വേനലിലും മരങ്ങൾ കുട പിടിക്കുന്ന , കുളിർമ തരുന്ന ഇടമാകണമത്. നമ്മളിൽ പലരുടെയും വെളിപ്പെടുത്തപ്പെടാത്ത സ്വപ്നമിതാണ് . ഇതൊക്കെ ആസ്വദിക്കാൻ കാട്ടിൽ പോകണമല്ലോ എന്ന വിചാരം കൊണ്ടാകാം കൂടുതൽ പേരും ഇൗ സ്വപ്നത്തിന് പിന്നാലെ പോകാറില്ല.
നിങ്ങള് ഒരാളെ പരിചയപ്പെടെണ്ടതുണ്ട്. വീടിനോട് ചേർന്നൊരു കുഞ്ഞു കാടും അവിടെയൊരു അടുക്കളത്തോട്ടവും ഒരുക്കാൻ ആഗ്രഹിക്കുന്നവർക്ക് ജാപ്പനീസ് വനവത്കരണ രീതിയായ “മിയാവാക്കി”യെ പരിചയപ്പെടുത്തുന്ന ഇൻവിസ് മൾട്ടിമീഡിയ മാനേജിങ് ഡയറക്ടർ എം ആര്‍ ഹരിയെ.
ഒരു കാടുണ്ടാക്കാൻ 100 വർഷമെങ്കിലും വേണ്ടി വരും.കൂടാതെ ഏക്കർ കണക്കിന് വസ്തുവും വേണമെന്ന ചിന്താഗതിയെ പൊളിച്ചടുക്കുകയാണ് ഹരി. വേണമെങ്കിൽ 50 സ്ക്വയർഫീറ്റിൽ പോലും പച്ചപ്പിന്റെ കാട് തയ്യാറാക്കാനാകും എന്നാണ് അദ്ദേഹം പറയുന്നത്.
മിയാവാക്കിയെ അറിയണം
തരിശു ഭൂമിയില് പോലും പ്രകൃതി ദത്തമായ രീതിയിൽ മാസങ്ങൾ കൊണ്ട് കാട് വളർത്തിയെടുക്കുന്ന ജാപ്പനീസ് രീതിയാണ് മിയാവാക്കി. ഇതനുസരിച്ച് 30 വർഷം കൊണ്ട് 100 വർഷം പഴക്കമുള്ള കാടിന്റെ മാതൃക നിർമിക്കാനാകും. ലോക പ്രശസ്തനായ ബോട്ടാണിസ്‌റ്റ് അകിറോ മിയാവാക്കിയാണ് ഇത്തരമൊരു രീതിയിൽ കാട് വളർത്തിയെടുക്കാൻ കഴിയുമെന്ന് കണ്ടെത്തിയത്.
ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന മരങ്ങൾ വച്ചുപിടിപ്പിക്കുന്നത് വഴി ഭൂമിയുടെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കുക , ഭൂഗർഭജല നിരപ്പ് സംരക്ഷിക്കുക എന്നിവയാണ് മിയാവാക്കി ലക്ഷ്യമിടുന്നത്.
അടുപ്പിച്ച് നട്ടാൽ സൂര്യപ്രകാശം കിട്ടാതെ ചെടികൾ നശിക്കുന്നു എന്ന വിശ്വാസത്തെ തിരുത്തിയത് രീതി കൂടിയാണിത്. ആഴത്തിൽ ഇറങ്ങുന്ന വേരുകൾക്ക് സൂര്യപ്രകാശം കിട്ടാതെ വരുന്നതോടെ അവ മുകളിലേക്ക് വളർന്നു തുടങ്ങുകയും പിന്നീട് കാടുപോലെയാകുകയും ചെയ്യുന്നു.
കാട് വെട്ടിത്തെളിച്ച ഇടങ്ങളിൽ, നഗരങ്ങളിൽ ഒക്കെയാണ് മിയാവാക്കി ഫലപ്രദമാകുന്നത്. സ്വാഭാവിക വനത്തിനു പുറത്ത് അതിരുകൾ ഒരുക്കാനും ഇത് സഹായകമാണ്. പുതയിടലാണ് മിയാവാക്കിയുടെ പ്രത്യേകത.
ഇവിടെ വിദേശ വൃക്ഷങ്ങൾ അധികം ഉപയോഗിക്കാറില്ല.വളർച്ചയിലെ വ്യത്യാസം, ബലക്കുറവ്, വേര് ഉറയ്ക്കാതെ ഇരിക്കുന്നതോക്കെയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചുരുക്കി പറഞ്ഞാല് പുറം നാട്ടിലെ മരങ്ങൾ കേരളത്തിലെ കാലാവസ്ഥയുമായി ഇണങ്ങി വരണമെങ്കിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
പ്രകൃതിയെ അറിഞ്ഞ മനുഷ്യൻ
മനുഷ്യനൊന്ന് മനസ്സുവച്ചാൽ ഭൂമി തിരിച്ചു പിടിക്കാനാകും എന്ന വിശ്വാസമുള്ള മനുഷ്യൻ.
പേരെടുത്ത ബോട്ടാണിസ്റ്റല്ല. കൃഷിയെ കുറിച്ച് ആഴത്തിൽ പഠിച്ച് സർട്ടിഫിക്കറ്റുകളും നേടിയിട്ടില്ല. ജേർണലിസം പഠിച്ച് പിന്നീട് വക്കീൽ കോട്ട് ധരിച്ച കാലത്ത് നിന്നും മൾട്ടി മീഡിയ രംഗത്ത് തുടരുന്ന പ്രകൃതി സ്നേഹിയായ വ്യക്തിയാണ് എം ആർ ഹരി.
തിരുവനന്തപുരം പുളിയറക്കോണത്ത് രണ്ടരയേക്കർ സ്ഥലം വാങ്ങി ഭക്ഷ്യ യോഗ്യമായ ചെടികൾ കൂടി ഉൾപ്പെടുത്തിയാണ് അദ്ദേഹം മിയാവാക്കി നടപ്പിലാക്കുന്നത്.
പലതരം മിയാവാക്കി കാടുകൾ ഇതിനോടകം രൂപപ്പെടുത്തിയിട്ടുണ്ട്. ജൈവ വളത്തിനായി പശുക്കളെയും ആടുകളെയും വളർത്തുന്നുണ്ട്.
കേരള സർവകലാശാലയിലെ ഇംഗ്ലീഷ് അധ്യാപികയായ പ്രഫ.മീന ടി പിള്ളയാണ് ജീവിതപങ്കാളി.മകൾ താര സൈക്കോളജിയിൽ ഉപരിപഠനം നടത്തുന്നു.
പച്ചപ്പിനുള്ളിലൂടെ
കപ്പ പോലും വളരാത്ത തരിശുനിലം. മണ്ണിനടിയിലാണെങ്കിൽ വെള്ളത്തിന്റെ ഉറവയുമില്ല. ആ സ്ഥലമാണ് 10 വർഷങ്ങൾക്കിപ്പുറം പച്ച കുട നിവർത്തി നിൽക്കുന്നത്. പല പ്രായത്തിലുള്ള മിയാവാക്കി വനങ്ങൾ ചുറ്റിലുമുണ്ട്.
സാധ്യതകൾ ഏറെയുള്ള മിയാവാക്കി വനത്തിനു നമ്മൾക്ക് ഇഷ്ടമുള്ള രൂപം നൽകാം. മരങ്ങൾ, വൻമരങ്ങൾ, കുറ്റിച്ചെടികൾ , അടിക്കാടുകൾ, വള്ളിച്ചെടികൾ എന്നിങ്ങനെ ഇവയെ വേർതിരിക്കാനുമാകും. ഒരേ വിഭാഗത്തിലുള്ളവ അടുപ്പിച്ചു നടാതെ ഇടകലർത്തി നടാൻ ശ്രദ്ധിക്കണമെന്ന് മാത്രം.
നട്ടുപിടിപ്പിക്കേണ്ട ചെടികൾ, മരങ്ങൾ എന്നിവ ഏതൊക്കെയെന്ന് ആദ്യം തീരുമാനിക്കുക.അതിനുശേഷം ചെടികൾ കണ്ടെത്തി 2 മാസത്തോളം ചട്ടിയിൽ വളർത്തണം. ചെടികൾ നിലത്ത് തട്ടിയിടാൻ ഉള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായി ഗ്രോബാഗ് പരമാവധി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഉമി, ചാണകപൊടി, ചകിരിച്ചോറ് എന്നിവ 1:1:1 എന്ന അളവിൽ കൂടി കലർത്തിയ മിശ്രിതമാണ് മണ്ണിൽ വിരിക്കാൻ ഉപയോഗിക്കുന്നത്.ഇതാണ് ചട്ടികളിലും നിറയ്ക്കേണ്ടത്.
വേര് ബലപ്പെടുമ്പോഴേക്കും (രണ്ടര മാസം ആകുമ്പോൾ) ചട്ടികളിലെ ചെടി അവ നടാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് കൊണ്ടു വയ്ക്കുക.നടാൻ പോകുന്ന സ്ഥലത്തിന്റെ കാലാവസ്ഥയുമായി ഇണങ്ങാൻ ഇത് സഹായിക്കും.
ഒരു സ്ക്വയർ ഫീറ്റിന് ഒരു കിലോ എന്ന കണക്കിലാണ് നേരത്തെ സൂചിപ്പിച്ച മിശ്രിതം വിരിച്ച് നിലം തയ്യാറാക്കേണ്ടത്.കാടുണ്ടാക്കുന്ന സ്ഥലത്തെ മണ്ണ് മുഴുവൻ മാറ്റിയാണ് മിശ്രിതം കട്ടിയിൽ വിരിക്കുക. 2 ആഴ്ച കഴിയുമ്പോൾ ചട്ടിയിൽ നിന്നും ചെടികൾ മണ്ണോടെ പറിച്ച് നടണം.ഒരു മീറ്ററിൽ 4 അല്ലെങ്കിൽ അതിൽ കുറവ് എന്ന കണക്കിലാണ് ചെടി നടേണ്ടത് . ഇങ്ങനെ ഒരു സെന്റിൽ 150 ൽ കൂടുതൽ ചെടികൾ നടാനാകും. ചെടികൾ നട്ട് കഴിഞ്ഞാൽ ദിവസവും നനച്ച് കൊടുക്കാൻ മറക്കരുത്.
“ഹരി”തം
മിയാവാക്കി എന്നതൊരു വനവത്ക്കരണ മാത്യകയാണ്. നമുക്ക് സ്വഭാവിക വനം വച്ചുപിടിപ്പിക്കാനായെന്ന് വരില്ല.പക്ഷേ അതിന്റെ മാതൃക നിർമിക്കാൻ കഴിയും എന്ന ബോധ്യം ഇൗ രീതി നൽകും.
കൃഷിയ്ക്കായി ഇൗ രീതി ഉപയോഗപ്പെടുത്താൻ കഴിയും. ലാഭം ആഗ്രഹിച്ചു ചെയ്യുന്നവർക്ക് അതിനുമുള്ള മാർഗങ്ങളുണ്ട്. പച്ചക്കറിതോട്ടം, വ്യത്യസ്തങ്ങളായ പൂക്കൾ, ആയുർവേദ ചെടികൾ എന്നിവ വളർത്തുന്നതിലൂടെ കൂടുതൽ ഉപയോഗപ്രദമാക്കാൻ കഴിയും. ഏറെ സാധ്യതകളുള്ള ഫലപ്രദമായ രീതിയാണ് മിയാവാക്കി. അത് തെളിയിച്ച് കൊണ്ടിരിക്കുകയാണ് പ്രകൃതിയെ അറിഞ്ഞ , പ്രകൃതി ചേർത്തു നിർത്തിയ കേരളത്തിന്റെ ഹരി.
Discussion about this post