ബംഗാൾ ഡേ ഫ്ലവർ, ട്രോപ്പിക്കൽ സ്പൈഡർവേർട്ട്, വാൻഡറിങ്ങ് ജ്യു, എന്നൊക്കെ അറിയപ്പെടുന്ന ഒരു കള സസ്യമാണ് കാനവാഴ. ഏഷ്യയും ആഫ്രിക്കയും ജന്മദേശമായ ഇവ ഇപ്പോൾ ലോകത്തിന്റെ എല്ലായിടത്തും തന്നെ ഒരു അധിനിവേശ സസ്യമാണ്. കോമല്ലിന ബംഗാളെൻസിസ്സ് എന്നാണ് ശാസ്ത്രനാമം. കോമല്ലിനേസിയെ സസ്യ കുടുംബത്തിലെ അംഗമാണ്.
ഒരു വർഷത്തിനുള്ളിൽ ജീവിതചക്രം പൂർത്തിയാക്കുന്ന സസ്യമാണ് കാനവാഴ. ജൂലൈ-നവംബർ മാസങ്ങളിലാണ് പൂക്കാലം. നീല നിറത്തിലുള്ള പൂക്കൾ. ഏക ബീജപത്ര സസ്യങ്ങളിലാണ് കാനവാഴ ഉൾപ്പെടുന്നത്. ഏഷ്യയിൽ നെൽപ്പാടങ്ങളിലെ പ്രധാന കളകളിലൊന്നാണ് ഇവ. സമുദ്രനിരപ്പിൽ നിന്ന് 2300 മീറ്റർ ഉയരത്തിൽ വരെ ഇവ കാണപ്പെടുന്നു.
കാനവാഴയുടെ പ്രത്യുല്പാദന രീതിയും പ്രത്യേകതയുള്ളതാണ്. മൂന്നു തരത്തിലുളള പൂക്കളുണ്ടാകും ഇവയിൽ. പരപരാഗണം മാത്രം നടക്കുന്ന കാസ്മോഗാമസ് പൂക്കൾ, സ്വയം പരാഗണത്തിന് മാത്രം കഴിവുള്ള ക്ലിസ്റ്റോഗാമസ്സ് പൂക്കൾ, പിന്നെ ഇവ രണ്ടിനും കഴിവുള്ള ഹെർമാഫ്രോഡൈറ്റിക് പൂക്കളും.
കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട് കാനവാഴ. അതുപോലെതന്നെ ചിലയിടങ്ങളിൽ പച്ചക്കറിയായും ഉപയോഗിക്കുന്നു. ഔഷധഗുണങ്ങളും ഇവയ്ക്കുണ്ട്. ദഹനക്കേടിനും ത്വക്ക് രോഗങ്ങൾക്കും പരിഹാരമായും കാനവാഴ ഉപയോഗിക്കുന്നു.
Discussion about this post