ചെടികളുടെ കായിക വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം വേണ്ട മൂലകമാണ് നൈട്രജന്‍. അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള വാതകവും നൈട്രജന്‍ തന്നെ. 78%.പക്ഷെ അതിനെ പ്രയോജനപ്പെടുത്താന്‍ മുക്കാലേ മുണ്ടാണി ചെടികള്‍ക്കും കഴിവില്ല. അതുള്ളതു പയര്‍ (Leguminosae)തറവാട്ടില്‍ പിറന്ന പിള്ളകള്‍ക്ക് മാത്രം. ശീമക്കൊന്ന, കണിക്കൊന്ന, സുബാബുള്‍, ഡെയ്ഞ്ച, ചണമ്പ്, കിലുക്കി, വള്ളിപ്പയര്‍, കുറ്റിപയര്‍, ഉഴുന്ന്, ചെറു പയര്‍, മുതിര ഒക്കെ ഈ കുടുംബക്കാര്‍. അതുകൊണ്ടാണ് വര്‍ഷത്തില്‍ ഒരു സീസണില്‍ മണ്ണിനെ ബലപ്പെടുത്താന്‍ പയര്‍ വര്‍ഗ വിളകള്‍ മണ്ണില്‍ ചേര്‍ത്ത് കൊടുക്കാന്‍ പറയുന്നത്. അവരുടെ വേര് മുകുളങ്ങളില്‍ വസിക്കുന്ന ബാക്ടീരിയകള്‍ അന്തരീക്ഷ നൈട്രജനെ മണ്ണിലേക്ക് ആവാഹിച്ചു പ്രതിഷ്ഠിക്കും. അപ്പോള്‍ മണ്ണ് നൈട്രജന്‍ സമ്പുഷ്ടമാകും. പക്ഷെ നമ്മള്‍ വിള പരിക്രമത്തിലൂടെ പയര്‍ കൃഷി ഒന്നും ചെയ്യാന്‍ തയ്യാറല്ല. ജൈവ വളത്തിനു വേണ്ടി പശുവിനെയും ആടിനെയും വളര്‍ത്തുകയുമില്ല. പിന്നെ യൂറിയയെ കുറ്റം പറഞ്ഞിട്ട് എന്താകാനാ?
എന്ത് കൊണ്ടാണ് ജൈവ കൃഷിയില്‍ യൂറിയയ്ക്കു ഇത്ര പതിത്വം?
മല്‍സ്യങ്ങള്‍ തങ്ങളുടെ ശരീരത്തിലെ അഴുക്കുകള്‍ (metabolic waste )അമോണിയ രൂപത്തിലും, സസ്തനികള്‍ യൂറിയ രൂപത്തിലും, പക്ഷികള്‍ (കോഴികള്‍ അടക്കം )യൂറിക് ആസിഡ് രൂപത്തിലും പുറം തള്ളുന്നു. അവ നമ്മള്‍ വളമായി ഉപയോഗിക്കുന്നു. ഗോമൂത്രത്തിലും പച്ച ചാണകത്തിലും ഒക്കെ ഉള്ളത് അമോണിയ ആണ്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന നൈട്രജന്‍ വളമത്രെ യൂറിയ. ഏതാണ്ട് 184 മില്യണ്‍ ടണ്‍. നമ്മുടെ ഭക്ഷ്യ ധാന്യ ഉല്‍പ്പാദനത്തിന്റെ ചാലക ശക്തി. ഒരു കൊല്ലം ഇന്ത്യയില്‍ മാത്രം വേണം ഏതാണ്ട് 32മില്യണ്‍ ടണ്‍ യൂറിയ. 2019-20ല്‍ ഇന്ത്യ 11മില്യണ്‍ ടണ്‍ യൂറിയ ആണ് ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്തത്. അതോടെ നിര്‍ത്തി. ‘ആത്മ നിര്‍ഭര്‍ ഭാരത്’ പദ്ധതിയില്‍ പെടുത്തി അഞ്ച് യൂറിയ ഫാക്ടറികളാണ് നമ്മള്‍ ഇപ്പോള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നു. രാമഗുണ്ടം, ഗോരക്പുര്‍, സിന്ദ്രി, ബറൗണി, താല്‍ച്ചര്‍ എന്നിവിടങ്ങളില്‍ ആണ് ഫാക്ടറികള്‍ തയ്യാറായി കൊണ്ടിരിക്കുന്നത്.
1773 ല്‍ ആണ് ഹിലയ്ന്‍ മറീന്‍ റൗള്‍ മനുഷ്യമൂത്രത്തില്‍ നിന്നും യൂറിയ ആദ്യമായി വേര്‍തിരിച്ചെടുത്തത്. 1828 വരെ ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത് യൂറിയ ഒരു ജീവശരീരത്തില്‍ മാത്രമേ ഉണ്ടാകൂ എന്നായിരുന്നു.(Theory of Vitalism ) എന്നാല്‍ 1828 ല്‍ ഫ്രഡറിക് വോളര്‍ ഈ മിത്ത് പൊളിച്ചു. അമോണിയം സയനൈഡ് , കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്നിവ സംയോജിപ്പിച്ചു വോളര്‍ കൃത്രിമമായി യൂറിയ ഉണ്ടാക്കി.
കൃഷിയില്‍ മാത്രമല്ല യൂറിയയുടെ ഉപയോഗം. പ്ലൈവുഡ് വ്യവസായത്തില്‍ പശ ഉണ്ടാക്കാന്‍ യൂറിയ വേണം. കാലിത്തീറ്റകളില്‍ ഒരു ചെറിയ ശതമാനം യൂറിയ ചേര്‍ക്കാറുണ്ട്. പ്രോട്ടീന്‍ നിര്‍മ്മാണത്തിന് നൈട്രജന്‍ അനിവാര്യം. അമിനോ അമ്ലങ്ങള്‍ ചേര്‍ന്നതാണല്ലോ പ്രോട്ടീന്‍. പ്രോട്ടീന്‍ ഭക്ഷണം നമ്മള്‍ കൂടുതല്‍ കഴിച്ചാല്‍ മൂത്രത്തില്‍ കൂടുതല്‍ യൂറിയ ഉണ്ടാകും. അതൊരു പാട് കൂടിയാല്‍ യുറീമിയ എന്ന അവസ്ഥ വരും. യൂറിക് ആസിഡ് ഒരുപാട് ആയാല്‍ ഗൗട് എന്ന രോഗാവസ്ഥയും ഉണ്ടകും.
സോറിയാസിസ്, എക്‌സിമ പോലെ ഉള്ള ചര്‍മ്മ രോഗങ്ങള്‍ ചികില്‍സിക്കാന്‍ യൂറിയ അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കാറുണ്ട്. ചെവിക്കായം ഒക്കെ മൃദുവാക്കി അലിയിച്ചു കളയാനും യൂറിയ അടങ്ങിയ ക്രീമുകള്‍ നന്ന്.
യൂറിയയിലെ നൈട്രജന്‍ (അഥവാ അമോണിയ ) കുതറി ഓടാന്‍ നില്‍ക്കുന്ന ഒരു കൗമാരക്കാരനെ പോലെ ആണ്. ഈര്‍പ്പം സ്വീകരിച്ചു അലുത്തു പോകും. (Hygroscopic ). തുറന്ന് വയ്ക്കുകയോ, മണ്ണില്‍ ഇട്ടതിനു ശേഷം മണ്ണുമായി നന്നായി ഇളക്കാതെ തുറന്ന് തന്നെ കിടക്കുകയോ ചെയ്താല്‍ താല്‍ക്കാലികമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്ന രണ്ടു അമോണിയ തന്മാത്രകളും അന്തരീക്ഷത്തിലേക്ക് പറന്ന് പൊങ്ങും.
യൂറിയ മണ്ണില്‍ ചേര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ യൂറീയേസ് എന്ന എന്‍സൈമിന്റെ സഹായത്തോടെ അമോണിയ ആയി മാറും. പിന്നെ പണി ബാക്റ്റീരിയകള്‍ ഏറ്റെടുക്കും. ആദ്യം നൈട്രോസോമോണസ് അമോണിയയെ നൈട്രൈറ്റ് (Nitrite )ആക്കി മാറ്റും. പിന്നെ നൈട്രോബാക്ടര്‍ നൈട്രൈറ്റിനെ, നൈട്രേറ്റ് (nitrate )ആക്കി മാറ്റും. അപ്പോള്‍ ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പറ്റിയ പാകത്തിലാകും.
1.കുമ്മായ പ്രയോഗം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞു മാത്രം മണ്ണില്‍ യൂറിയ ഉപയോഗിക്കുക.
2.പ്രയോഗം അമിതമാകാതെ നോക്കുക. അമിതമായാല്‍ ചെടികളുടെ വേര് നശിക്കും.
3.മണ്ണില്‍ യൂറിയ ഇടുമ്പോള്‍ അതിന് മുകളില്‍ മണ്ണോ പുതയോ ഇല്ലെങ്കില്‍ അമോണിയ രൂപത്തില്‍ നൈട്രജന്‍ നഷ്ടം കൂടും.
4.തരി വലിപ്പം കൂടിയ രൂപത്തില്‍ (super granules)ആയി ഉപയോഗിക്കുന്നത് അമോണിയ നഷ്ടം കുറയ്ക്കും.
5.യൂറിയയുടെ അഞ്ചിലൊന്നു അളവ് വേപ്പിന്‍ പിണ്ണാക്കുമായി കലര്‍ത്തി ഇരുപത്തിനാലു മണിക്കൂര്‍ വച്ചതിനു ശേഷം ഉപയോഗിക്കുന്നത് അമോണിയ നഷ്ടം കുറയ്ക്കും.
6.യൂറിയയുടെ ആറിരട്ടി മണ്ണുമായി ചേര്‍ത്ത് പന്ത്രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഉപയോഗിക്കുന്നതും നല്ലത് തന്നെ.
7.ഫ്രഷായ യൂറിയ (Biuret ഉണ്ടാകാന്‍ പാടില്ല ) 10ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുന്നത് കായിക വളര്‍ച്ച കൂട്ടും. പ്രത്യേകിച്ചും ചീരയിലും തീറ്റപ്പുല്ലിലും
തയ്യാറാക്കിയത്
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍
Discussion about this post