വിപണി മൂല്യമേറെയുള്ള സമുദ്രമത്സ്യമായ വറ്റയെ കൃത്രിമമായി പ്രജനനം നടത്തുന്നതിനുള്ള വിത്തുൽപാദന സാങ്കേതിക വിദ്യ വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കടൽമത്സ്യകൃഷിയിൽ വലിയ മുന്നേറ്റത്തിന് വഴിതുറക്കുന്നതാണ് ഈ നേട്ടം. കൂടുകളിൽ കടലിലും തീരദേശ ജലാശയങ്ങളിലും കൃഷി ചെയ്യാനാകും.
സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം. സിഎംഎഫ്ആർഐ ശാസ്ത്രജ്ഞരായ അംബരീഷ് പി ഗോപ്, ഡോ. എം ശക്തിവേൽ, ഡോ. ബി സന്തോഷ് എന്നിവർ നേതൃത്വം നൽകി.
ഇന്തോ-പസിഫിക് മേഖലയിൽ ഏറെ ആവശ്യക്കാരുള്ള വാണിജ്യസാധ്യതകൾ ഏറെയുള്ള മീനാണ് വറ്റ. മികച്ച മാംസവും രുചിയുമാണ് ഇവയെ മത്സ്യപ്രേമികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. കിലോക്ക് 400 മുതൽ 700 രൂപവരെ വിലയുണ്ട്. കുറഞ്ഞ കാലം കൊണ്ട് വലിയ വലിപ്പം കൈവരിക്കുന്ന മീനായതിനാൽ കൃഷിക്ക് ഏറെ അനുയോജ്യമാണ്. തീരദേശ റീഫുകളിലും ലഗൂണുകളിലും ഉൾക്കടലിലും ഇവയെ കണ്ടുവരുന്നു.
സിഎംഎഫ്ആർഐയുടെ പരീക്ഷണത്തിൽ, ഈ മീൻ കൂടുകൃഷിയിൽ അഞ്ച് മാസം കൊണ്ട് 500 ഗ്രാം വരെയും എട്ട് മാസം കൊണ്ട് ഒരു കിലോഗ്രാം വരെയും വളർച്ച നേടുന്നതായി കണ്ടെത്തി.കടൽ മത്സ്യകൃഷിയുടെ വളർച്ചയിൽ നിർണായകമായേക്കാവുന്ന നേട്ടമാണിതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. കുറഞ്ഞ കാലയളവ് കൊണ്ട് മികച്ച വളർച്ചനേടുന്ന ആവശ്യക്കാരേറെയുള്ള മത്സ്യമായതിനാൽ വറ്റയുടെ കൃഷി മത്സ്യകർഷകരുടെ ഉപജീവനം മെച്ചപ്പെടുത്താൻ വഴിയൊരുക്കും.
The Central Marine Fisheries Research Institute (CMFRI) has developed a seed production technique for artificial breeding of giant trevally, a highly marketable marine fish.
Discussion about this post