ചമത എന്നും പ്ലാശ് മരങ്ങൾക്ക് പേരുണ്ട്. “ഫ്ലേം ഓഫ് ദ ഫോറസ്റ്റ്” എന്നാണ് ആംഗലേയത്തിൽ ഇവയെ വിളിക്കുന്നത്. എന്തുകൊണ്ടാണെന്നറിയാമോ? തീജ്വാലയുടെ നിറമാണ് ഇവയുടെ പൂക്കൾക്ക്. അതാണ് അങ്ങനെയൊരു പേരിന് കാരണം. ബ്യൂട്ടിയ മോണോസ്‌പേർമ എന്നാണ് ശാസ്ത്രനാമം. പ്ലാശ് മരങ്ങൾ കൂടുതൽ ഉള്ളതുകൊണ്ടാണ് ബംഗാളിലെ പ്ലാസി എന്ന സ്ഥലത്തിന് ആ പേര് ലഭിക്കുവാൻ കാരണം. അവിടെയാണ് പ്ലാസി യുദ്ധം നടന്നത്.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മലേഷ്യ, തായ്‌ലൻഡ്, എന്നിവിടങ്ങളിലെ കാടുകളിൽ തീയായി ജ്വലിച്ചുനിൽക്കുന്ന മരമാണ് പ്ലാശ് അഥവാ ചമത. ഇലപൊഴിയും മരമാണിത്. ഇലകളൊന്നുമില്ലാതെ മരം നിറയെ പൂക്കളുമായി നിൽക്കുന്ന ചമത വന സൗന്ദര്യത്തിന്റെ മാറ്റ് പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നതായി തോന്നും.
പത്ത് മുതൽ പതിനഞ്ച് മീറ്റർ വരെ ഉയരം വയ്ക്കും ഇവയ്ക്ക്. ഫെബ്രുവരി – മാർച്ച് മാസങ്ങളാണ് പൂക്കാലം. സാംസ്കാരികപരമായി ഒത്തിരി പ്രാധാന്യമുള്ള വൃക്ഷമാണ് ചമത. പൂജാ കർമങ്ങളിലൊക്കെ ഇവ ഉപയോഗിക്കാറുണ്ട്. ഒത്തിരി ഔഷധഗുണങ്ങളും ചമതയ്ക്കുണ്ട്. നിറക്കൂട്ടുകൾ നിർമ്മിക്കുവാനും ചമത ഉപയോഗിക്കുന്നു. ഇവയുടെ തടിയും പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്.
Discussion about this post