(നെല്ലിന് ) ചാരമിട്ടാല്‍ ചട്ടിയിലും ചാണകമിട്ടാല്‍ പുരപ്പുറത്തും – സസ്യ പോഷണത്തെക്കുറിച്ചോ അവശ്യമൂലകങ്ങളെക്കുറിച്ചോ ആധികാരിക ആംഗലേയ ഗ്രന്ഥങ്ങള്‍ പ്രചാരത്തിലാകുന്നതിനും എത്രയോ മുന്‍പേ നെല്ലില്‍ നൈട്രജന്റെയും പൊട്ടാസ്യത്തിന്റെയും കളികളെക്കുറിച്ചു നമ്മുടെ പ്രപിതാമഹന്മാര്‍ക്കു നിശ്ചയമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ഒരു നെല്‍കൃഷി പഴഞ്ചൊല്ലാണിത്. നൈട്രജന്‍ എന്ന മൂലകം നെല്ലിന്റെ കായിക വളര്‍ച്ചയെയാണ് ഉദ്ദീപിപ്പിക്കുക എന്നും അത് അളവില്‍ കൂടിയാല്‍ ചെടി വായ്ച്ചു വളര്‍ന്നു വൈക്കോല്‍ അളവ് കൂടുമെന്നും(അപ്പോള്‍ നെല്‍ വിളവ് കുറയും ) ചാരം കൂടുതല്‍ ഇട്ടാല്‍ അതിലുള്ള പൊട്ടാസ്യത്തിന്റെ ഗുണം കൊണ്ട് നെന്മണികളുടെ എണ്ണവും തൂക്കവും കൂടുമെന്നുമാണ് ഈ ചൊല്ലിന്റെ പൊരുള്‍. സസ്യമൂലകങ്ങളില്‍ ‘King pin ‘എന്ന് പറയാവുന്ന പൊട്ടാസ്യത്തിന്റെ പ്രാധാന്യം ഇതിലൂടെ വ്യക്തമാകുന്നു. വൈക്കോല്‍ പണ്ടുകാലങ്ങളില്‍ പുര മേയാന്‍ ഉപയോഗിച്ചിരുന്നുവല്ലോ. അതുകൊണ്ടാണ് ചാണകമിട്ടാല്‍ നൈട്രജന്‍ കൂടുതല്‍ കിട്ടുകയും വയ്‌ക്കോല്‍ വിളവ് കൂടുകയും ചെയ്യും എന്ന് പറഞ്ഞത്.
പാടത്തു ഉമിച്ചാരം വിതറുന്നത് വളരെ നല്ലതാണ്. കാരണം അതില്‍ പൊട്ടാസ്യത്തോടൊപ്പം സിലിക്കണ്‍ എന്ന മൂലകവും ഉള്ളത് കൊണ്ട് തണ്ടിന് നല്ല ബലം കിട്ടുകയും കുലവാട്ടം(Blast ) പോലെയുള്ള കുമിള്‍ രോഗങ്ങള്‍ കുറയുകയും ചെയ്യും. ഉമ പോലെ ഉള്ള മധ്യകാല മൂപ്പുള്ള നെല്ലിനങ്ങള്‍ക്കു പൊതുവില്‍ കൊടുക്കേണ്ട സമ്മിശ്ര വളപ്രയോഗ രീതി താഴെ കൊടുക്കുന്നു.
ഒരു സെന്റ് സ്ഥലത്തേക്ക് കൊടുക്കേണ്ട സാധനങ്ങള്‍
കുമ്മായം /ഡോളോമൈറ്റ് – 2.25കിലോ
അഴുകി പൊടിഞ്ഞ ചാണകപ്പൊടി -20കിലോ
വേപ്പിന്‍ പിണ്ണാക്ക് -2 കിലോ
യൂറിയ -800ഗ്രാം (മൂന്ന് തവണ ആയി )
മസൂറിഫോസ് -900ഗ്രാം, ഒറ്റത്തവണ (മണ്ണ് പരിശോധന പ്രകാരം ചെയ്താല്‍ ചിലപ്പോള്‍ അളവില്‍ ഗണ്യമായ കുറവ് വരുത്താം.)
പൊട്ടാസ്യം -300ഗ്രാം. (മൂന്ന് തവണ ആയി )
കുമ്മായം രണ്ടു തുല്യ തവണകളായി നിലം ഒരുക്കുമ്പോഴും നട്ടു രണ്ടാഴ്ച കഴിഞ്ഞും മണ്ണില്‍ ചേര്‍ക്കണം.
പുട്ടിയടിക്കുമ്പോള്‍ കുമ്മായം ചേര്‍ത്ത് രണ്ട് ദിവസം വെള്ളം കെട്ടി നിര്‍ത്തി പിന്നീട് മേല്‍മണ്ണ് ഒഴുക്കി കളയണം. അപ്പോള്‍ മണ്ണിന്റെ പുളിപ്പ് കുറയും. ചെടികളുടെ വളാഗിരണ ശേഷി കൂടുകയും ചെയ്യും.
അവസാനവട്ട നിലമൊരുക്കല്‍ സമയത്ത് അടിസ്ഥാന വളമായി സെന്റിന് 20കിലോ ചാണകപ്പൊടി, 400ഗ്രാം യൂറിയ, 900ഗ്രാം മസൂറിഫോസ് /രാജ്ഫോസ്,150ഗ്രാം പൊട്ടാഷ്, 2 കിലോവേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് കൊടുക്കാം.
നട്ട് രണ്ടാഴ്ച കഴിഞ്ഞു രണ്ടാം ഡോസ് കുമ്മായം മണ്ണില്‍ ചേര്‍ക്കാം.
നട്ട് നാലാഴ്ച കഴിഞ്ഞ് 200ഗ്രാം യൂറിയ, 150ഗ്രാം പൊട്ടാഷ് എന്നിവ ഒരു സെന്റില്‍ ചേര്‍ക്കാം. ഈ സമയത്താണ് ചിനപ്പുകള്‍ മലര് പൊരിയുന്നതുപോലെ പൊട്ടേണ്ടത്.
നട്ട് ഏഴാഴ്ച കഴിഞ്ഞാല്‍ സെന്റിന് 200ഗ്രാം യൂറിയയും 150ഗ്രാം പൊട്ടാഷും കൊടുക്കാം. അപ്പോഴാണ് നെല്ലിന് വയറാകുന്നത്. എത്ര നെന്മണികള്‍ ഉണ്ടാകണം എന്നത് അപ്പോള്‍ തീരുമാനിക്കപ്പെടും. വൈകി ചെയ്യുന്ന വളം നെന്മണികളുടെ എണ്ണം കൂട്ടാന്‍ സഹായിക്കില്ല.
ഞാറിന്റെ മൂപ്പ്, അടുത്തടുത്തുള്ള രണ്ട് നുരികള്‍ തമ്മിലുള്ള അകലം, ഒരു നുരിയിലെ ഞാറുകള്‍ (അലകുകള്‍ )എന്നിവ നെല്ലിന്റെ വിളവിനെ ഗണ്യമായി സ്വാധീനിക്കുന്നു. എത്ര ചെറുതിലേ ഞാറുകള്‍ പറിച്ചു നടാമോ, അത്രയും നന്ന്. അകലം കൂട്ടി നടുന്നത് കൂടുതല്‍ ചിനപ്പുകള്‍ പൊട്ടാനും കതിരുകളുടെ എണ്ണം കൂട്ടാനും പതിര് കുറയാനും അവിച്ചില്‍ രോഗം കുറയാനും സഹായിക്കും. ഒരു നുരിയില്‍ എത്ര കുറച്ച് ഞാറുകള്‍ നടുന്നോ അത്രയും നന്ന്. അതാണ് മഡഗാസ്‌കറിലെ ഫ്രഞ്ച് ജെസ്യൂട്ട് പാതിരിയായ ഫാദര്‍ ഹെന്റി ഡി ലൗലൈന്‍ മഡഗാസ്‌കര്‍ രീതിയിലൂടെ നമ്മെ പഠിപ്പിച്ചത്.
തയ്യാറാക്കിയത്
പ്രമോദ് മാധവന്‍
Discussion about this post