ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കുടിക്കുന്ന രണ്ടാമത്തെ പാനീയമാണ് ചായ. ലോകത്തില്‍ തന്നെ ഏറ്റവും വിശിഷ്ടവും വിലയേറിയതുമായ ചായപ്പൊടിയാണ് ഡാര്‍ജീലിങ് തേയില. പശ്ചിമ ബംഗാളിലെ ഡാര്‍ജീലിങ്, കലിംപോങ് എന്നീ ജില്ലകളിലെ അംഗീകൃത തേയില തോട്ടങ്ങള്‍ പരമ്പരാഗത രീതിയില്‍ പാകപ്പെടുത്തി എടുക്കുന്ന തേയിലയാണിത്.
തേയില ചെടി യഥാര്‍ത്ഥത്തില്‍ ഒരു ചെറു വൃക്ഷമാകാന്‍ കഴിവുള്ള ചെടിയാണ്. പക്ഷെ വിളവെടുക്കാനും മറ്റും ഉള്ള സൗകര്യത്തിന് അതിനെ കവാത്ത് ചെയ്ത് (prunning )ഒരു കുറ്റിചെടിയാക്കി വളര്‍ത്തുകയാണ് ചെയ്യാറ്.
Camellia sinensis എന്നാണ് തേയില ചെടിയുടെ ശാസ്ത്രീയ നാമം. അതില്‍തന്നെ പല ഇനങ്ങള്‍ ഉണ്ട്. പ്രധാനമായും Assamica variety യും Chinese variety യും. ഇനത്തിനനുസരിച്ചു അവയുടെ ഗുണങ്ങളും വ്യത്യാസപ്പെട്ടിരിക്കും.
1800കളുടെ ആദ്യ പകുതിയില്‍ ആണ് ഡാര്‍ജിലിംഗില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി തേയില തോട്ടങ്ങള്‍ ആരംഭിക്കുന്നത്. 1841ല്‍ Archibald Campbell ചൈനയില്‍ നിന്നും ഒളിച്ചു കടത്തിയ തേയില വിത്തുകളില്‍ നിന്നും കുറച്ചെണ്ണം സഹറാന്‍പുര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മുളപ്പിച്ചു അവയില്‍ നിന്നും മികച്ച തൈകള്‍ ഡാര്‍ജീലിങ് പ്രദേശങ്ങളില്‍ നട്ട് പിടിപ്പിച്ചു. ഉയര്‍ന്ന പ്രദേശങ്ങളില്‍ ചൈനീസ് ഇനവും ഉയരം കുറഞ്ഞ ഇടങ്ങളില്‍ ആസാമിക്ക ഇനങ്ങളും കൂടുതല്‍ അനുയോജ്യമായി കണ്ടു. ഡാര്‍ജിലിങിന്റെ സവിശേഷമായ കിടപ്പും (ഹിമാലയന്‍ പര്‍വത നിരകളുടെ താഴ്വര, നേപ്പാളിന്റെയും ഭൂട്ടാന്റെയും, സിക്കിമിന്റെയും അതിരുകള്‍ )മിതശീതോഷ്ണ കാലാവസ്ഥയും ഈ തേയിലകള്‍ക്കു വ്യത്യസ്തമായ സുഗന്ധവും രുചിയും നല്‍കി.
കിലോഗ്രാമിന് 2500 രൂപമുതല്‍ മേലോട്ടാണ് നല്ല ഇനം ഡാര്‍ജിലിങ് തേയിലയുടെ വില. ഗുണ നിലവാരവും ഗ്രേഡും അനുസരിച്ചു വില വ്യത്യാസം വരാം. ഒരിക്കല്‍ മക്കായ്ബാരി തേയിലതോട്ടത്തിലെ ഒരു കിലോ തേയില ലേലത്തില്‍ വിറ്റുപോയത് ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപയ്ക്കാണ്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചായ കുടിയ്ക്കുന്നത് ഇന്ത്യക്കാരാണ്. പക്ഷെ പ്രതിശീര്‍ഷ ഉപഭോഗം നോക്കിയാല്‍ ഇംഗ്ലീഷുകാരാണ് മുന്നില്‍. അവര്‍ക്ക് തേയില കൊണ്ടുപോകാന്‍ വേണ്ടിയാണ് ഇന്ത്യയില്‍ അവര്‍ തോട്ടങ്ങള്‍ ആരംഭിച്ചതും.
എന്താണ് ഡാര്‍ജിലിംഗ് തേയിലയുടെ മാഹാത്മ്യം?
2004ല്‍ ഭൗമ സൂചിക പദവി ലഭിക്കുമ്പോള്‍ തന്നെ ഏതൊക്കെ പ്രദേശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന തേയിലയാണ് ഡാര്‍ജിലിങ് തേയില എന്ന ബ്രാന്‍ഡ് നെയിം ഉപയോഗിക്കാന്‍ കഴിയുക എന്ന് ടീ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. മലനിരകളുടെ പരിലാളനത്തിലും സുഖശീതള കാലാവസ്ഥയിലും കോടമഞ്ഞിലും നിന്നും വളരുമ്പോള്‍ തേയില ചെടിയുടെ ഇലകളില്‍ ഉള്ള കഫീന്‍, ടാനിന്‍ തുടങ്ങിയ ലഹരി വസ്തുക്കളുടെ അളവിലും ഗുണത്തിലും വ്യതിയാനങ്ങള്‍ ഉണ്ടാകും. അത്തരം തോട്ടങ്ങളില്‍ മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ വിളവെടുക്കുന്ന നാല് വ്യത്യസ്ത വിളവെടുപ്പുകളില്‍ നിന്നും പരമ്പരാഗത രീതിയില്‍ (orthodox )പ്രോസസ്സ് ചെയ്താണ് ഡാര്‍ജിലിങ് തേയില നിര്‍മ്മിക്കുന്നത്.
ശൈത്യകാല സുഷുപ്തി (winter dormancy )കഴിഞ്ഞ് തേയില ചെടികള്‍ ഉണരുന്നത് മാര്‍ച്ച് മാസത്തോടെ ആണ്. അപ്പോള്‍ ആദ്യം മുളച്ചു വരുന്ന തളിരിലകള്‍ (മെയ് മാസം വരെ ) രണ്ടിലയും ഒരു മൊട്ടും എന്ന രീതിയില്‍ കൈ കൊണ്ട് നുള്ളിയെടുത്തു തയ്യാറാക്കുന്ന Darjeeling First Flush തേയില ഹൃദ്യമായ സുഗന്ധമുള്ള കടുപ്പം കുറഞ്ഞ പാനീയമാണ്.
അതിന് ശേഷം മെയ് -ജൂണ്‍ മാസങ്ങളില്‍ വരുന്ന തളിരുകളില്‍ ചെറിയ കീടബാധ ഉണ്ടാകും. നിശാശലഭമായ Camellia tortrix, നീരൂറ്റുന്ന തുള്ളന്‍ (jassid)ഇനത്തില്‍ പെട്ട Jacobiasca formosana എന്നിവ. അവ ഇലകളില്‍ കടിക്കുമ്പോള്‍ ചെടിയില്‍ അതിനെതിരായി ഈ കീടങ്ങള്‍ക്കെതിരെ ചില രാസവസ്തുക്കള്‍(Mono terpene diol, hotreinol )എന്നിവ ഉണ്ടാകും. അവ ഈ ഇലകള്‍ക്ക് സവിശേഷമായ Muscatel സുഗന്ധം നല്‍കും. (ഒരുതരം flowery, fruity, woody, musky സുഗന്ധം ). ആ ഇലകളില്‍ നിന്നുണ്ടാക്കുന്ന ഡാര്‍ജിലിങ് തേയിലയാണ് ഏറ്റവും മികച്ചത്.
ജൂണ്‍ -ജൂലൈ മാസത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ ഇലകള്‍ കൂടുതല്‍ മാംസളമായി സുഗന്ധം കുറയും. അവയ്ക്കു പ്രിയം കുറവാണ്.
ഒക്ടോബര്‍ -നവംബര്‍ മാസത്തോടെ ശൈത്യത്തിനു മുന്നോടിയായി ഇലകളില്‍ നിന്നും ഉണ്ടാക്കുന്ന ചായയ്ക്ക് കടുപ്പം കൂടും. ഒരേ തോട്ടത്തില്‍ ഒരേ ചെടികളില്‍ നിന്നും വ്യത്യസ്ത മാസങ്ങളില്‍ കിട്ടുന്ന ഇലകളില്‍ നിന്നും ഉണ്ടാക്കുന്ന ചായയുടെ രുചിയും ഗ്രേഡും വിലയും വ്യത്യസ്തമാണ്.
തേയില രണ്ട് രീതിയില്‍ നിര്‍മിക്കുന്നു. Orthodox രീതിയും CTC(Crush-Tear-Curl)എന്ന രീതിയിലും. രണ്ടിന്റെയും രുചി വ്യത്യസ്തമായിരിക്കും. ഡാര്‍ജീലിങ് തേയില ഓര്‍ത്തഡോക്‌സ് രീതിയില്‍ ആണ് നിര്‍മിക്കുന്നത്. വിളവെടുക്കുന്ന തേയില ഫാക്ടറിയില്‍ കൊണ്ട് വന്നു ട്രെയ്കളില്‍ നിരത്തി ശക്തിയേറിയ ഫാനുകള്‍ കൊണ്ട് കാറ്റടിപ്പിച്ചു ജലാംശം കുറയ്ക്കുന്നു. അതിന് ശേഷം കറങ്ങുന്ന പൈപ്പുകളില്‍ പലയാവൃത്തി കറക്കി ഇലകള്‍ ചുരുട്ടുന്നു. അതിന് ശേഷം ഊഷ്മാവും ആര്‍ദ്രതയും ക്രമീകരിച്ച മുറികളില്‍ നിയന്ത്രിത ഓക്‌സീകരണത്തിനു വിധേയമാക്കുന്നു. അതിന് ശേഷം അവ പ്രത്യേക ഊഷ്മാവില്‍ ഉണക്കി ജലാംശം രണ്ട് ശതമാനത്തില്‍ എത്തിക്കുന്നു. പിന്നീട് ഗ്രേഡ് ചെയ്ത് പാക്ക് ചെയ്യുന്നു.
പിന്നീട് ഇവയുടെ രുചി Tea Taster മാര്‍ പരിശോധിക്കുന്നു. 100ml തിളച്ച ഡിസ്റ്റില്‍ഡ് വാട്ടറില്‍ രണ്ട് ഗ്രാം തേയിലപ്പൊടി 3-5മിനിറ്റ് നേരം കിടന്നതിന് ശേഷം പാലും പഞ്ചസാരയും ചേര്‍ക്കാതെ അല്പം വായില്‍ കൊണ്ട്, മേലണ്ണാക്കിലേക്കു ചീറ്റിച്ചു അവര്‍ രുചിയും മണവും രേഖപ്പെടുത്തുന്നു. ഇത് പ്രത്യേകം വൈദഗ്ധ്യം വേണ്ട തൊഴില്‍ ആണ.
പൂര്‍ണമായും കൈകള്‍ കൊണ്ട് വിളവെടുക്കുന്നത് കൊണ്ടും തളിരിലകള്‍ മാത്രം ഉപയോഗിക്കുന്നത് കൊണ്ടും ഉല്‍പ്പാദനം വളരെ കുറവാണ്. ഒരു ഹെക്ടറില്‍ നിന്നും ശരാശരി 500കിലോ. ഡാര്‍ജീലിങ് തേയില തന്നെ ഒരു ലക്ഷം 10 ക്ഷം കിലോഗ്രാം മാത്രമാണ് ഉല്‍പ്പാദനം. ഇതാണ് വില കൂടുന്നതിന്റെ കാരണം.
ഡാര്‍ജിലിങ് തേയില തന്നെ പല ഗ്രേഡ് ഉണ്ട്.
SFTGFOP(Super Fine Tippy Golden Flowery Orange Pekoe ). മുറിയാത്ത ചുരുണ്ട നീളന്‍ ഇലകള്‍
FTGFOP (Fine Tippy Golden Flowery Orange Pekoe)അല്പം നീളം കുറഞ്ഞ ചുരുണ്ട ഇലകള്‍.
Fine Tippy Golden Orange Pekoe
TGBOP
FBOP
BOP
Golden Flowery Orange Fanning,
Tea Type Dust(ഏറ്റവും ഗ്രേഡ് കുറഞ്ഞത്. ടീ ബാഗുകളില്‍ നിറയ്ക്കാന്‍ ഉപയോഗിക്കും ) എന്നിങ്ങനെ ആണ് ഗ്രേഡുകള്‍.
തയ്യാറാക്കിയത്
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
Discussion about this post