പ്രകൃതിയിൽ ധാരാളം കീടങ്ങളും അവയെ ഭക്ഷണമാക്കുന്ന ചെറുപ്രാണികളുമുണ്ട്. കൃഷിയിടത്തിൽ ശത്രുകീടങ്ങളുണ്ടെങ്കിലും അവയെ ഭക്ഷണമാക്കുന്ന ഇത്തരം പ്രാണികളുണ്ടെങ്കിൽ സസ്യങ്ങളെ ആക്രമിക്കുന്ന കീടങ്ങളെ അവർ തന്നെ ഭക്ഷണമാക്കിക്കൊള്ളും. ഇതുവഴി കീടനാശിനികളുടെ ഉപയോഗം പരമാവധി കുറയ്ക്കാനാകും. പക്ഷേ മിത്രകീടങ്ങൾ ധാരാളമായി വളരുന്നതിന് ചില പ്രത്യേക വിളകൾ കൃഷിയിടത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടതുണ്ട്. അതുപോലെതന്നെ കീടങ്ങളെ വികർഷിക്കാൻ കഴിവുള്ള വിളകളുമുണ്ട്. പ്രധാന വിളയെ കീടാക്രമണത്തിൽ നിന്നും രക്ഷിക്കുന്ന കെണിവിളകൾ കൃഷിയിടത്തിൽ നട്ടുപിടിപ്പിക്കുന്നതും ഗുണം ചെയ്യും. ഇത്തരം വിളകൾ ഏതൊക്കെയാണെന്ന് നോക്കാം.
മിത്ര കീടങ്ങളെ ആകർഷിക്കുന്ന വിളകൾ
കൃഷിയിടത്തിൽ മല്ലി, ചോളം, ബന്ദി, പുതിന, സൂര്യകാന്തി എന്നിവ നട്ടുപിടിപ്പിക്കുന്നത് മിത്ര കീടങ്ങളെ ആകർഷിക്കുന്നതിന് സഹായിക്കും. മല്ലി, ബന്ദി, പുതിന, സൂര്യകാന്തി എന്നിവ മുഞ്ഞകളെ ഭക്ഷണമാക്കാൻ കഴിവുള്ള സിർഫിഡ് ഈച്ചകളെ ആകർഷിക്കും. ഒപ്പം സിർഫിഡ് ഈച്ചകൾ പരാഗണത്തിനും സഹായിക്കും. ബന്ദി, പുതിന എന്നിവയ്ക്ക് പുഴുക്കളെ ഭക്ഷണമാക്കുന്ന എട്ടുകാലികളെ ആകർഷിക്കാൻ കഴിവുണ്ട്. ഒരു ദിവസം നൂറോളം മുഞ്ഞകളയും മറ്റ് മൃദുശരീരികളായ ശത്രുകീടങ്ങളെയും ഭക്ഷണമാക്കാൻ കഴിവുള്ള ലെയ്സ് വിങ് ബഗ്ഗുകളെ ആകർഷിക്കാൻ സൂര്യകാന്തി, ചോളം എന്നീ വിളകൾക്ക് സാധിക്കും. മുഞ്ഞകളെ ഭക്ഷണമാക്കുന്ന ലേഡി ബേർഡ് വണ്ടുകളെ ആകർഷിക്കാനും സൂര്യകാന്തിക്ക് കഴിയും.
കീടങ്ങളെ വികർഷിക്കുന്ന സസ്യങ്ങൾ
വേരുകളെ ആക്രമിച്ച് വിളകളെ നശിപ്പിക്കുന്ന നിമാവിരകളെ വികർഷിക്കാൻ ബന്ധിച്ചെടിക്ക് കഴിയും. പട്ടാളപ്പുഴു, കായ്തുരപ്പൻ എന്നിവയെ വികർഷിക്കാൻ തുളസിച്ചെടി നട്ടു പിടിപ്പിക്കാം. ഉള്ളി, വെളുത്തുള്ളി എന്നിവയ്ക്ക് മുഞ്ഞ, എട്ടുകാലി മണ്ഡരി എന്നിങ്ങനെയുള്ള ചെറുകീടങ്ങളെ തുരത്താൻ കഴിയും.
കെണി വിള
കായ്തുരപ്പൻ പുഴുക്കളിൽ നിന്നും തക്കാളിയെ സംരക്ഷിക്കുന്നതിന് കെണി വിളയായി ബെന്തിച്ചെടി നട്ടു പിടിപ്പിക്കാം. കായ്തുരപ്പൻ പുഴുക്കൾ തക്കാളിയെ ആക്രമിക്കുന്നതിന് പകരം ബെന്തിച്ചെടിയെ ആഹാരമാക്കും. ഇവയെ ബന്ദിയിൽ നിന്ന് ശേഖരിച്ച് നശിപ്പിക്കുകയും ചെയ്യാം.
കൃഷിയിടത്തിൽ ഇത്തരം വിളകൾ നട്ടുപിടിപ്പിച്ച് കീടങ്ങളുടെ ആക്രമണത്തെ തടയുന്നതിനെ ഇക്കോളജിക്കൽ എൻജിനീയറിങ് എന്നാണ് വിളിക്കുന്നത്. ഇക്കോളജിക്കൽ എൻജിനീയറിങ്ങിലൂടെ ശത്രു കീടങ്ങളുടെ സംഖ്യ ഉപദ്രവകരമാകുന്ന വിധത്തിൽ ഉയരുന്നത് തടയാനാകും.
Discussion about this post