ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യം വേണ്ട സൂക്ഷ്മമൂലകങ്ങളില്‍ ഒന്നാണ് ബോറോണ്‍. സസ്യങ്ങളുടെ കോശഭിത്തിനിര്‍മ്മാണത്തിന് ഈ മൂലകം അത്യാവശ്യമാണ്. മെറിസ്റ്റമാറ്റിക് കലകളുടെ വിഭജനത്തെയും പ്രവര്‍ത്തനത്തെയും ഈ മൂലകം സഹായിക്കുന്നു. ചെടികളുടെ പല ജൈവരാസപ്രവര്‍ത്തനങ്ങളെയും ബോറോണ്‍ സ്വാധീനിക്കുന്നു. നൈട്രജന്‍ ആഗിരണം, പൂമ്പൊടിയുടെ വളര്‍ച്ച തുടങ്ങിയവയ്ക്കും ഈ മൂലകം അത്യാവശ്യമാണ്. കേരളത്തിലെ 30 ശതമാനത്തിലേറെ മണ്ണിലും ബോറോണ്‍ അപര്യാപ്തതയുണ്ടെന്ന് കാര്‍ഷിക സര്‍വ്വകലാശാലയുടെ പഠനങ്ങള്‍ തെളിയിക്കുന്നു. നീര്‍വാര്‍ച്ച കൂടുതലുള്ള മണല്‍ കലര്‍ന്ന മണ്ണിലാണ് ഇതിന്റെ അപര്യാപ്തത കൂടുതല്‍. പി എച്ച് അഞ്ച് മുതല്‍ ഏഴ് വരെയുള്ള മണ്ണിലാണ് ഇതിന്റെ ലഭ്യത കൂടുതല്‍. മണ്ണിലെ പിഎച്ച് ഏഴരയില്‍ കൂടുതലാണെങ്കില്‍ അത് ബോറോണ്‍ ലഭ്യതയെ ബാധിക്കും. കൂടിയ അളവിലുള്ള കുമ്മായ പ്രയോഗവും ബോറോണ്‍ ലഭ്യതയെ പ്രതികൂലമായി ബാധിക്കും. കായ് പിടുത്തം, കായ്കളുടെ വളര്‍ച്ച, പെക്ടിന്‍ ഉല്പാദനം, പ്രോട്ടീന്‍ ഉദ്പാദനം എന്നിവയെയെല്ലാം ബോറോണിന്റെ അഭാവം ബാധിക്കും. ബോറോണ്‍ അപര്യാപ്തതയുണ്ടായാല്‍ അത് സസ്യങ്ങളുടെ അഗ്രങ്ങളെയും കൂമ്പിലകളെയും ബാധിക്കും. മുകുള ഭാഗങ്ങളുടെ വളര്‍ച്ച മുരടിക്കും കായ്പിടുത്തം കുറയുക, വിത്തുകള്‍ ഉണ്ടാകാതിരിക്കുക, കായ്കള്‍ വിണ്ടുകീറുക തുടങ്ങിയ ലക്ഷണങ്ങള്‍ പല വിളകളിലും കണ്ടു വരുന്നു.
അടുത്ത കാലത്തായി കേരളത്തില്‍ തെങ്ങിന്‍ത്തോട്ടങ്ങളില്‍ ബോറോണ്‍ അപര്യാപ്തത വ്യാപകമായി കണ്ടുവരുന്നു. തെങ്ങില്‍ ബോറോണ്‍ അപര്യാപ്തത ഓലകള്‍ , തേങ്ങ, പൂങ്കുല എന്നീ ഭാഗങ്ങളില്‍ ഒന്നിച്ചോ ഒറ്റയ്ക്കായോ കണ്ടുവരുന്നു. ബോറോണ്‍ അപര്യാപ്തത ഉണ്ടായാല്‍ ഈ ഭാഗങ്ങള്‍ വളര്‍ച്ച മുരടിച്ച് വികൃതമാകുന്നു. ഉല്പാദനം കുറയുന്നു. എല്ലാ ലക്ഷണങ്ങളും ഒരു തെങ്ങില്‍ ഒരേ സമയം ഒന്നിച്ച് പ്രത്യക്ഷപ്പെടണമെന്നില്ല. തെങ്ങിന്‍തൈകളിലും കായ്ഫലമുള്ള തെങ്ങുകളിലും കുരുത്തോലകളുടെ നീളത്തിലുണ്ടാകുന്ന കുറവുമാണ് ബോറോണ്‍ അപര്യാപ്തതയുടെ ആദ്യ ലക്ഷണം. വിടരുന്ന കുരുത്തോലകള്‍ കുറുകിയതും ചുരുങ്ങിയതുമായിരിക്കും. ചിലപ്പോള്‍ ഇവ മഞ്ഞനിറത്തിലോ ഓറഞ്ച് നിറത്തിലോ ഉള്ള നിറം മാറ്റവും പ്രകടിപ്പിച്ചേക്കാം. ബോറോണ്‍ അപര്യാപ്തത രൂക്ഷമെങ്കില്‍ ഓലക്കാലുകള്‍ കൂടിപ്പിണഞ്ഞ് വിശറിയുടെ രൂപത്തില്‍ കാണപ്പെടും. ഓലകളുടെ അഗ്രഭാഗം കത്തിയുടെ ആകൃതിയിലായിരിക്കും. ഓലകളുടെ എണ്ണത്തിലും കുറവുണ്ടായിരിക്കും. ചിലപ്പോള്‍ ഓല മടലുകളില്‍ ചുളുക്കുകള്‍ പ്രത്യക്ഷപ്പെടും. മടലിന്റെ നീളം കുറയും. താഴ്ഭാഗത്ത് ചിലപ്പോള്‍ ഓലകള്‍ പ്രത്യക്ഷപ്പെടില്ല.
ചിലപ്പോള്‍ ഓലമടലില്‍ ഓലകളൊന്നുമില്ലാതെ പടി പോലെ കാണപ്പെടും. ഓലമടല്‍ തടിക്കുകയും അറ്റത്തെ ഓല പട്ടയുടെ ആകൃതിയില്‍ കാണപ്പെടുകയും ചെയ്യും. തെങ്ങിന്റെ മണ്ടയടപ്പ് ഉണ്ടാകുന്നത് ബോറോണിന്റെ അഭാവം മൂലമാണ്. വിശറിയുടെ രൂപത്തില്‍ കാണപ്പെടുന്നതിന് പുറമേ ഓലകള്‍ ചിലപ്പോള്‍ കൂടിപ്പിണഞ്ഞ് കാണപ്പെടും.
പൂങ്കുലകള്‍ കരിഞ്ഞുണങ്ങുന്നതും മച്ചിങ്ങ കൊഴിയുന്നതും പേട്ടുതേങ്ങ ഉണ്ടാകുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. പൂങ്കുലകളുടെ വളര്‍ച്ച മുരടിക്കും ചിലപ്പോള്‍ തൊണ്ട് വിണ്ടു കീറും. മറ്റു ചിലപ്പോള്‍ തെങ്ങിന് ബാഹ്യമായ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും പൊതിച്ചെടുക്കുമ്പോള്‍ ചിരട്ടയില്‍ നീളത്തിലുള്ള പൊട്ടലുകള്‍ ഉള്ളതായി കാണാം. ഉള്ളിലെ മാംസളഭാഗം ചിലപ്പോള്‍ മുഴച്ച് പുറത്തേക്ക് തള്ളിനില്‍ക്കുന്നതായി കാണാം. തെങ്ങയുടെ കണ്ണിനോട് ചേര്‍ന്ന് ഭാഗം ചിലപ്പോള്‍ അഴുകി ദുര്‍ഗന്ധം പുറപ്പെടുവിക്കും. നാളികേരത്തിനുള്ളില്‍ ചിലപ്പോള്‍ കാമ്പ് ഉണ്ടാവില്ല. അല്ലെങ്കില്‍ ഭാഗികമായി മാത്രം കാണപ്പെടും. ചകിരിയില്‍ പുറമേ കറുത്തപാടുകളും കാണാം. വെസ്റ്റ് കോസ്റ്റ് ടോള്‍, ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫ് തുടങ്ങിയ ഇനങ്ങളില്‍ ബോറോണ്‍ അപര്യാപ്തതകൊണ്ടുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ താരതമ്യേന കൂടുതലാണ്. ചിലപ്പോള്‍ വരണ്ട കാലാവസ്ഥയില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും മഴക്കാലത്ത് അപ്രത്യക്ഷമാവുകയും ചെയ്യും. വ്യാപകമായ മച്ചിങ്ങ കൊഴിച്ചില്‍ നാളികേര ഉല്പാദനം ഗണ്യമായി കുറയ്ക്കും അവസാന ഘട്ടത്തില്‍ തെങ്ങിന്റെ വളര്‍ച്ച പൂര്‍ണ്ണമായും മുരടിക്കും.
ബോറോണ്‍ അപര്യാപ്തതയുണ്ടായാല്‍ തെങ്ങിന്റെ ഉല്പാദനം ക്രമേണ കുറഞ്ഞുവരും. നാലഞ്ച് വര്‍ഷം കൊണ്ട് അത് തീര്‍ത്തും ഇല്ലാതാകും. ശാസ്ത്രീയമായ മണ്ണ് പരിശോധനയിലൂടെ ആദ്യം ഇതിന്റെ കാരണം കണ്ടെത്തണം. ആദ്യഘട്ടത്തില്‍ തന്നെ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. തെങ്ങൊന്നിന് ശുപാര്‍ശപ്രകാരമുള്ള 25 കിലോഗ്രാം ജൈവവളം കൃത്യമായി നല്‍കുക. ബോറോണ്‍ അപര്യാപ്തതയുടെ ആദ്യലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഒരു തെങ്ങിന് 50 ഗ്രാം ബൊറാക്സ് എന്നനിരക്കില്‍ ഒരു മാസം ഇടവിട്ട് രണ്ടു തവണയായി തടത്തില്‍ ഇട്ട് കൊടുക്കണം. കാറ്റുവീഴ്ച്ച ബാധിത പ്രദേശങ്ങളില്‍ ബോറോണ്‍ അപര്യാപ്തത പരിഹരിക്കുന്നതിനായി 300 ഗ്രാമും കായ്ഫലമുള്ള തെങ്ങിന് 500 ഗ്രാമും ബോറാക്സ് തടത്തില്‍ ചേര്‍ത്ത് കൊടുക്കണം…..
വിവരങ്ങള്‍ക്ക് കടപ്പാട്: അനില്‍ മോനിപ്പിള്ളി
Discussion about this post