സ്ഥലപരിമിതി മൂലം കുരുമുളക് വളർത്താൻ കഴിയാത്തവർക്കും വളരെ എളുപ്പത്തിൽ കുറ്റികുരുമുളക് കൃഷി ചെയ്യാം. ഫ്ലാറ്റുകളുടെ ബാൽക്കണിയിൽ പോലും ഇത് വളർത്താനാകും. പൂന്തോട്ടങ്ങളിലും ആകർഷകമായ ഒരു ചെടിയായി കുറ്റിക്കുരുമുളക് വളർത്താം. കരിമുണ്ട, നാരായക്കൊടി, കുംഭക്കൊടി തുടങ്ങിയ നാടൻ ഇനങ്ങളും അത്യുല്പാദനശേഷിയുള്ള പന്നിയൂർ ഇനങ്ങളുമെല്ലാം ഇന്ന് ലഭ്യമാണ്. എന്നാൽ അതത് സ്ഥലങ്ങളിലെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കരിമുണ്ട, പന്നിയൂർ എന്നീ ഇനങ്ങളാണ് കുറ്റി ക്കുരുമുളക് തൈ ഉത്പാദിപ്പിക്കുന്നതിന് ഏറ്റവും നല്ലത്.
താങ്ങു കാലുകളിൽ പറ്റിപ്പിടിച്ച് മുകളിലേക്ക് വളരുന്ന രീതിയാണ് കുരുമുളകിന്റേത്. ഇതിനായി നടീൽ വസ്തുവായി നാം ഉപയോഗിക്കുന്നത് ചെന്തലകളാണ്. എന്നാൽ കുറ്റിക്കുരുമുളകിന് ഈ സ്വഭാവം ഉണ്ടാവുകയില്ല. ഇവ നിലത്തോ പോളി ബാഗിലോ ചട്ടിയിലോ കുറ്റിച്ചെടിപോലെ വളർത്താനാകും.
കുറഞ്ഞത് ഏഴുവർഷം പ്രായമായ കുരുമുളക് ചെടിയുടെ പാർശ്വശാഖകൾ മുറിച്ച് നട്ട് കുറ്റിക്കുരുമുളക് ഉൽപാദിപ്പിക്കാനാകും. തീരെ മൂപ്പ് കൂടിയതോ ഇളയതോ ആയ ശാഖകൾ തിരഞ്ഞെടുക്കാൻ പാടില്ല. മധ്യ പ്രായമുള്ള പച്ച നിറം മാറാത്ത ശാഖകളാണ് ശേഖരിക്കേണ്ടത്. മെയ് – ജൂൺ മാസങ്ങളാണ് പാർശ്വ ശാഖകൾ ശേഖരിക്കാൻ നല്ലത്. ഇത്തരത്തിലുള്ള ശാഖകൾ നാലഞ്ച് മുട്ടുകൾ വരത്തക്ക രീതിയിൽ നീളത്തിൽ മുറിച്ച് അഗ്രഭാഗത്തെ ഇലകൾ മാത്രം നിലനിർത്തി മറ്റ് ഇലകൾ നീക്കം ചെയ്യണം. ശേഷം പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീൻ ബാഗുകളിൽ നടാം. നടുന്നതിനു മുൻപ് 45 സെക്കൻഡ് 1000പി പി എം, ഇന്റോൾ ബ്യുട്ടിറിക്ക് ആസിഡിൽ (IBA) മുക്കിവച്ചശേഷം നടുന്നത് വളരെ വേഗത്തിൽ വേര് പിടിക്കാൻ സഹായിക്കും.1000 പി പി എം ഇന്റോൾ ബ്യുട്ടിറിക്ക് ആസിഡ് ഉണ്ടാക്കുന്നതിനായി ഒരു ഗ്രാം ഐ ബി എ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി എടുത്താൽ മതിയാകും.
വേര് പിടിച്ച് വളർന്നു കഴിഞ്ഞാൽ 15 ഗ്രാം കടലപ്പിണ്ണാക്ക് 30 ഗ്രാം വേപ്പിൻ പിണ്ണാക്ക് എന്നിവ ഒരാഴ്ച ഇടവിട്ട് നൽകുന്നത് വളർച്ചയ്ക്ക് നല്ലതാണ്. വീട്ടാവശ്യങ്ങൾക്കല്ലാതെ വാണിജ്യപരമായി കൃഷി ചെയ്യുകയാണെങ്കിൽ രണ്ട് മാസത്തിലൊരിക്കൽ രണ്ട് ഗ്രാം യൂറിയ, രണ്ട് ഗ്രാം ഫോസ്ഫറസ്, 4 ഗ്രാം പൊട്ടാഷ് എന്നിവ നൽകുന്നത് നല്ല വിളവ് ലഭിക്കാൻ സഹായിക്കും. തൈകൾ ഭാഗികമായി തണൽ ഉള്ള സ്ഥലത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. നിലത്ത് നടുകയാണെങ്കിൽ വെള്ളം കെട്ടിനിൽക്കാത്ത സ്ഥലത്ത് രണ്ടടി വീതിയിലും നീളത്തിലും ആഴത്തിലും കുഴികളെടുത്ത് അതിൽ തുല്യഅളവിൽ മേൽമണ്ണും മണലും കമ്പോസ്റ്റും നിറച്ച് തൈകൾ നടാം. നീണ്ടുവരുന്ന തണ്ടുകൾ സമയാസമയങ്ങളിൽ മുറിച്ച് കുറ്റിയായി നിർത്താൻ ശ്രദ്ധിക്കണം. രണ്ടുവർഷം കൂടുമ്പോൾ ചട്ടിമാറ്റി കൊടുക്കുകയും വേണം.
കുരുമുളകിന്റെ പരാഗണം നടക്കുന്നത് വെള്ളത്തിലൂടെയാണ്. അതിനാൽ നനയ്ക്കുമ്പോൾ ചെടി മുഴുവനായി നനക്കുന്നത് പരാഗണത്തിനു സഹായിക്കും. തൈകളെ രോഗ – കീടങ്ങളിൽ നിന്നും സംരക്ഷിക്കാൻ വേപ്പിൻപിണ്ണാക്ക് സഹായിക്കും. എന്നാൽ വാട്ടം, അഴുകൽ എന്നീ രോഗങ്ങളെ ചെറുക്കാൻ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കുന്നത് നല്ലതാണ്. സാധാരണ കുരുമുളകിൽ നിന്ന് വർഷത്തിൽ ഒരു തവണ മാത്രം കായ്ഫലം ലഭിക്കുമ്പോൾ കുറ്റിക്കുരുമുളകിൽ നിന്നും വർഷം മുഴുവൻ വിളവ് ലഭിക്കും എന്നതാണ് പ്രത്യേകത. കൃത്യമായി പരിപാലിക്കുകയാണെങ്കിൽ 10 മുതൽ 15 വർഷം വരെ കുറ്റിക്കുരുമുളകിൽ നിന്നും വിളവെടുക്കാൻ സാധിക്കും.
Discussion about this post