കൃഷിയുടെ അടിസ്ഥാനം മണ്ണാണ്. മണ്ണിലെ ഈര്‍പ്പം, അമ്ലത അഥവാ ക്ഷാരത, മൂലകങ്ങളുടെ അളവ്, സൂക്ഷ്മജീവികള്‍ ഇവയെല്ലാം ചെടികളുടെ വിളവിനെയും വളര്‍ച്ചയെയും ബാധിക്കുന്ന ഘടകങ്ങളാണ്. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മണ്ണിലുള്ള രോഗാണുക്കളുടെ ആക്രമണം. ചില രോഗാണുക്കള്‍ മണ്ണില്‍ വന്നുകയറിയാല്‍ കാലങ്ങളോളം അവശേഷിക്കും. പല തരം വിളകളെ ഇവ ആക്രമിക്കുകയും ചെയ്യും. ഇവിടെയാണ് മണ്ണ് പരിചരണത്തിന്റെ പ്രാധാന്യം.
ജൈവ ധൂമീകരണം അഥവാ ബയോ ഫ്യൂമിഗേഷന്‍
പ്രകൃതി സൗഹാര്‍ദവും ചിലവ് കുറഞ്ഞതും ലഘുവായതുമായ ഒരു മാര്‍ഗമാണ് ജൈവ ധൂമീകരണം. സാധാരണയായി മണ്ണിലുള്ള രോഗാണുക്കളെ നശിപ്പിക്കാനായി പല തരത്തിലുള്ള രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറുണ്ട്. തുടര്‍ച്ചയായുള്ള അവയുടെ ഉപയോഗം പ്രകൃതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ദോഷകരമാണ്. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഇതുണ്ടാക്കുന്നു. ഇവിടെയാണ് സസ്യജന്യരോഗ നിയന്ത്രണ മാര്‍ഗമായുള്ള ജൈവ ധൂമീകരണത്തിന്റെ പ്രസക്തി.
ക്രൂസിഫറെസ് എന്ന കുടുംബത്തില്‍പ്പെട്ട കാബേജ്, കോളിഫ്‌ളവര്‍, കടുക്, റാഡിഷ് എന്നിവയും ഇതര കുടുംബത്തില്‍പ്പെട്ട വെളുത്തുള്ളി, വെളുത്തുള്ളി ചെടി എന്നിവയുടെ കോശങ്ങളില്‍ ഒരു പദാര്‍ത്ഥമുണ്ട്. ഗ്ലൂക്കോസിനോലേറ്റുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതേ കോശത്തില്‍ തന്നെ ഗ്ലൂക്കോസിനോലേറ്റുകള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള മിറോസിനേസ് എന്ന എന്‍സൈമും ഉണ്ട്. കോശങ്ങള്‍ക്ക് ക്ഷതം സംഭവിക്കുമ്പോള്‍ മിറോസിനേസ് ഗ്ലൂക്കോസിനോലേറ്റുകളില്‍ പ്രവര്‍ത്തിച്ച് വാതകരൂപത്തിലുള്ള ഐസോതിയോസിനേറ്റുകള്‍ രൂപാന്തരം പ്രാപിക്കുന്നു. ഈ ഐസോതിയോസിനേറ്റുകള്‍ക്ക് രോഗാണുക്കളെയും നിമാവിരകളെയും ചില കീടങ്ങളെയും നശിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ജൈവധൂമീകരണം എങ്ങനെ ചെടികളില്‍ പ്രയോജനപ്പെടുത്താം?
ചെടി നടുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും ഇത്തരം ചെടികളുടെ ഇലകള്‍ മുറിച്ച് മണ്ണില്‍ ചേര്‍ത്തുകൊടുക്കാം. ഐസോതിയോസിനേറ്റുകള്‍ വാതകരൂപത്തിലായതിനാല്‍ 12 മുതല്‍ 48 മണിക്കൂറാണ് അവയുടെ പ്രവര്‍ത്തനശേഷി. ആയതിനാല്‍ കുഴമ്പുരൂപത്തിലുള്ള ചാണകം കൊണ്ട് ഇവയുടെ മുകളിലുള്ള മണ്ണ് മൂടിക്കൊടുക്കാം.ഒരാഴ്ചയ്ക്ക് ശേഷം ചാണകവും മണ്ണും നന്നായി കലര്‍ത്താം.
ജൈവ ധൂമീകരണത്തിന്റെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കാനായി ഇവയോടൊപ്പം തന്നെ മിത്രകുമികളുടെ ഉപയോഗവും അനുവര്‍ത്തിക്കാം. ചാണകത്തിലും വേപ്പിന്‍പിണ്ണാക്കിലും വര്‍ത്തിച്ച ട്രൈകോര്‍ഡെര്‍മ ഒരാഴചയ്ക്ക് ശേഷം മണ്ണില്‍ ചേര്‍ത്തുകൊടുക്കാം. അതോടൊപ്പം വിത്തിടുമ്പോള്‍ ഒരു വിത്തിന് അഞ്ച് ഗ്രാം എന്ന തോതില്‍ മറ്റൊരു മിത്രകുമിളായ ആര്‍ബസ്‌കുളാര്‍ മൈകോറൈസയുടെ ഉപയോഗവും ജൈവ ധൂമീകരണത്തിന്റെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കും.ഇത്തരത്തില്‍ പ്രകൃതി സൗഹാര്‍ദവും ചിലവ് കുറഞ്ഞതുമായ ജൈവ ധൂമീകരണം കൃഷിയിടത്തില്‍ പ്രാവര്‍ത്തികമാക്കി പരീക്ഷിച്ചു നോക്കാവുന്നതാണ്.
വിവരങ്ങള്‍ക്കും വീഡിയോക്കും കടപ്പാട്: കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി
Discussion about this post