മലയാളക്കരയിലെ സ്ഥിരം കാഴ്ചകളിൽ ഒന്നായിരുന്നു അശോകവൃക്ഷങ്ങൾ. അശോകം എന്ന പദത്തിനർത്ഥം തന്നെ ദുഃഖമില്ലായ്മ എന്നാണ്. പല രോഗങ്ങളുടെയും ചികിത്സയ്ക്ക് അശോക വൃക്ഷത്തിന്റെ തൊലി ആയുർവേദക്കൂട്ടുകളിൽ ചേരുവയായി ഉപയോഗിച്ചുവരുന്നു. എന്നാൽ ഗുണങ്ങളേറെയുള്ള ഈ വൃക്ഷത്തിന്റെ സ്ഥാനം ഇപ്പോൾ വംശനാശഭീഷണി നേരിടുന്ന വൃക്ഷങ്ങളുടെ കൂട്ടത്തിലാണ്. മരുന്നിനായി അശാസ്ത്രീയമായ രീതിയിൽ ചൂഷണം ചെയ്യപ്പെട്ടതോടെ അശോക വൃക്ഷങ്ങളുടെ എണ്ണം കുറഞ്ഞു. അതുകൊണ്ടുതന്നെ മരുന്നുകളിൽ അശോകത്തൊലിക്ക് പകരം ഔഷധ മൂല്യം കുറഞ്ഞ മറ്റു സസ്യങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്.
ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിലുള്ള ആകർഷകമായ പുഷ്പങ്ങളാണ് അശോകത്തിന്റേത്. 9 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഇടത്തരം വലിപ്പമുള്ള ഒരു നിത്യഹരിത വൃക്ഷമാണിത്. ഇടതൂർന്ന ഇലകളുണ്ട്. തളിരിലകൾക്ക് ചുവപ്പ് കലർന്ന ചെമ്പ് നിറമാണ്. പൂവുകൾക്ക് നല്ല സുഗന്ധമാണ്. മരത്തൊലിയും പൂക്കളും ആയുർവേദൗഷധങ്ങളുടെ ചേരുവയായി ഉപയോഗിച്ചുവരുന്നു.
മരത്തൊലിയിൽ കാറ്റകോൾ, സ്റ്റെറോൾ, വാക്സ് എന്നിവ അടങ്ങിയിട്ടുണ്ട്. പൂക്കളിൽ ഫ്ലാവിനോയിടുകളും ആന്തോസയാനിനും അടങ്ങിയിരിക്കുന്നു. അശോകാരിഷ്ടം, അശോകവടി, അശോകഘൃതം തുടങ്ങി അനേകം ആയുർവേദ ഔഷധങ്ങളുടെ ചേരുവയാണ് അശോകം..ഗർഭാശയത്തെ ബലപ്പെടുത്താൻ കഴിവുള്ള ഔഷധമാണിത്. സ്ത്രീകളിലെ ആർത്തവ സംബന്ധമായ രോഗങ്ങൾക്ക് അശോകമരത്തിന്റെ തൊലി കഷായം വച്ചു കഴിക്കാം. അശോകപ്പൂവ് വെളിച്ചെണ്ണയിൽ കാച്ചി എടുത്ത് പുരട്ടുന്നത് കുട്ടികൾക്കുണ്ടാകുന്ന ത്വക്ക് രോഗങ്ങൾക്ക് മരുന്നാണ്. അശോകത്തൊലി, ചെമ്പരത്തി വേര്, നറുനീണ്ടി കിഴങ്ങ്, മഞ്ഞൾ എന്നിവ ചേർത്തുണ്ടാക്കുന്ന കഷായം കുട്ടികളുടെ കരപ്പൻ മാറാൻ സഹായിക്കും. വയറുവേദന, അർശസ്, വ്രണങ്ങൾ എന്നിവയുടെ ചികിത്സയ്ക്കും വിഷചികിത്സയിലും അണുനാശക ഔഷധമായുമെല്ലാം അശോകം ഉപയോഗിക്കുന്നുണ്ട്.
ധാരാളമായി മഴ ലഭിക്കുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് അശോകം നന്നായി വളരുന്നത്. ഇന്ത്യയിലെല്ലായിടത്തും വളരുമെങ്കിലും ബംഗാളും കേരളവുമാണ് ഏറ്റവും അനുയോജ്യം. വളക്കൂറുള്ള മണ്ണും ചെറിയ തണലും കിട്ടിയാൽ അശോകം നന്നായി വളരും. വിത്ത് മുളച്ചുണ്ടാകുന്ന തൈകൾ നടാനായി ഉപയോഗിക്കാം. വിതയ്ക്കുന്നതിനുമുൻപ് വെള്ളത്തിൽ കുതിർക്കാൻ വച്ചാൽ താരതമ്യേന പെട്ടെന്ന് മുളവരും. 20 ദിവസം കൊണ്ട് വിത്തുകൾ മുളച്ചു തുടങ്ങും. അധികം മൂപ്പെത്താത്ത കമ്പുകൾ പതിവച്ചും തൈകൾ ഉൽപാദിപ്പിക്കാം. നട്ട് 6-7 വർഷം കൊണ്ട് അശോക മരം പൂത്തു തുടങ്ങും. ജനുവരി- മാർച്ച് മാസങ്ങളാണ് പൂക്കാലം. മെയ് മാസത്തോടെ കായ്കൾ വിളഞ്ഞു തുടങ്ങും. കറുത്ത കായകളിൽ നാലുമുതൽ എട്ടു വിത്തുകൾ വരെയുണ്ടാകും.
50 വർഷത്തോളം ആയുസ്സുള്ള വൃക്ഷമാണ് അശോകം. പത്താം വർഷമാകുമ്പോൾ മുതൽ മരത്തൊലി ശേഖരിക്കാം. രണ്ടടി നീളത്തിൽ ദീർഘചതുരാകൃതിയിൽ കഷണങ്ങളായി പട്ട ഉരിഞ്ഞെടുക്കാം. ഉരിഞ്ഞെടുക്കുമ്പോൾ തൊലിയുടെ വീതി മരത്തിന്റെ ചുറ്റളവിന്റെ നാലിലൊന്നിൽ കൂടരുത്. ഉള്ളിലുള്ള കോശങ്ങൾക്ക് ക്ഷതം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടുവർഷംകൊണ്ട് ഈ ഭാഗത്ത് വീണ്ടും തൊലി വന്നു മൂടും. ശിഖരങ്ങൾ വെട്ടിയെടുത്ത്, അവയിൽ നിന്നും തൊലി ശേഖരിക്കാം. ഇങ്ങനെ ശേഖരിച്ച തൊലി ഉണക്കി വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കാം.
നമ്മുടെ കൃഷിയിടങ്ങളും പൂന്തോട്ടങ്ങളുമെല്ലാം വിദേശ സസ്യങ്ങൾ കയ്യേറിക്കൊണ്ടിരിക്കുന്നു. അതിനിടയിൽ ഔഷധമൂല്യമുള്ള പല നാടൻ സസ്യങ്ങളും ഇന്ന് അന്യമാകുന്നു. കുറച്ചുകാലം മുൻപ് വരെ നമ്മുടെ ചുറ്റുവട്ടങ്ങളിൽ സുലഭമായി കണ്ടു വന്നിരുന്ന പല സസ്യങ്ങളും ഇന്ന് അപൂർവ കാഴ്ചകളാണ്. അവയിലൊന്നായി മാറുകയാണ് അശോകവും.
Discussion about this post