ന്യൂഡല്‍ഹി : കോവിഡ് 19 എന്ന മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിക്കാനുള്ള കേന്ദ്രസാമ്പത്തിക പാക്കേജില്‍ കൃഷിക്ക് മുന്‍ഗണന. ആത്മ നിര്‍ഭര്‍ ഭാരത് സാമ്പത്തിക പാക്കേജിന്റെ മൂന്നാം ദിനത്തിലാണ് കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന പുതിയ പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയത്. മൂന്നാം ദിനം പ്രഖ്യാപിച്ച 11 പദ്ധതികളില്‍ 8 എണ്ണവും കാര്‍ഷികമേഖലയുടെ അടിസ്ഥാന വികസനത്തിന് ഉള്ളതായിരുന്നു എന്നതും ശ്രദ്ധേയമാണ്.
കൃഷി , മത്സ്യബന്ധനം, മൃഗ സംരക്ഷണം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുന്ന മൂന്നാം ഘട്ട പാക്കേജിനെ കുറിച്ച്:
1. കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടിയുടെ ഫണ്ട് നല്‍കും. കൂടാതെ വിളകളുടെ സംഭരണത്തെക്കുറിച്ചുള്ള കര്‍ഷകരുടെ ആശങ്കയ്ക്കും പരിഹാരം കാണും. സംഭരണ പ്രശ്‌നം ഒഴിവാക്കാന്‍ തുക ചെലവഴിക്കാനും തീരുമാനമായി.
2. ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി വ്യാപിപ്പിക്കുന്നതിനൊപ്പം ആവശ്യ സാധനനിയമം ഭേദഗതി ചെയ്യും. പഴം – പച്ചക്കറി കര്‍ഷകര്‍ക്ക് വിപണി കണ്ടെത്താനുള്ള സഹായത്തിന്റെ ഭാഗമായാണ് നടപടി.
3. ഭക്ഷ്യ വസ്തുക്കളുടെ ഗുണ നിലവാരം ഉയര്‍ത്തുക, വിപണനം വര്‍ധിപ്പിക്കുക ഇത് വഴി സംരംഭങളുടെ വരുമാനം ഉയര്‍ത്തുക എന്നി ലക്ഷ്യങ്ങളോടെയാണ് ഭക്ഷ്യ മേഖലയ്ക്ക് പരിഗണന നല്‍കിയിരിക്കുന്നത്. ഭക്ഷ്യ മേഖലയിലെ നാമമാത്ര സംരംഭങ്ങള്‍ക്ക് 10000 കോടിയുടെ പദ്ധതിയും അനുവദിച്ചിട്ടുണ്ട്. ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിനൊപ്പം 2 ലക്ഷം സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ഗുണവും ലഭിക്കുന്നു.
4. പ്രധാനമന്ത്രി മല്‍സ്യസമ്പദ് യോജന പ്രകാരം മത്സ്യത്തൊഴിലാളികള്‍ക്കായി 20000 കോടിയുടെ പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. 9000 കോടി രൂപ അടിസ്ഥാന വികസനത്തിന് ചിലവഴിക്കുന്നതിനൊപ്പം 11,000 കോടി രൂപ മത്സ്യ മേഖലയ്ക്കും നല്‍കും.
5. ക്ഷീരോല്‍പ്പാദന രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 15,000 കോടി രൂപ വകയിരുത്തി. മൃഗസംരക്ഷണത്തിനായി 13,343 കോടിയുടെ പദ്ധതി.കൂടാതെ കന്നുകാലികള്‍ക്കും, വളര്‍ത്തു മൃഗങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ്പും ഉണ്ടാകും.
6. 2 ലക്ഷം തേനീച്ച കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി. തേനീച്ച വളര്‍ത്തല്‍ സംരംഭങ്ങള്‍ക്ക് 500 കോടി രൂപയുടെ സഹായമാണ് ഒരുക്കുക. ഇത് വഴി തേനിന്റെ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യം.
7. 10 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ഔഷധകൃഷി നടപ്പാക്കും.800 ഹെക്ടര്‍ ഔഷധ സസ്യ ഇടനാഴി ഒരുങ്ങുന്നത് ഗംഗാ തീരത്താണ്. ഇവിടെ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെയും ഔഷധകൃഷി വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായാണിത്.
8.അസാധാരണ സന്ദര്‍ഭങ്ങളില്‍ ഒഴികെ മറ്റ് സന്ദര്‍ഭങ്ങളില്‍ കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ കൂടുതല്‍ സംഭരിക്കാനും , വിപണനം മെച്ചപെടുത്താനും കഴിയുന്ന രീതിയില്‍ ആവശ്യസാധന നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനം.
കൂടാതെ കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് വില്‍ക്കാന്‍ കഴിയുക, ഇഷ്ടമുള്ളയിടത്ത് വില്‍ക്കാനാവുക എന്നീ ലക്ഷ്യങ്ങളോടെയുള്ള ഇ- ട്രേഡിംഗിനും തുടക്കം ആകുന്നു. ഇതോടെ ലൈസന്‍സ് ഇല്ലാത്തവര്‍ക്കും ഉല്‍പന്നങ്ങള്‍ വില്‍ക്കാനാകും. കൂടാതെ കൃഷി തുടങ്ങുമ്പോള്‍ തന്നെ ഉല്‍പ്പന്നങ്ങളുടെ വില കണക്ക് കൂട്ടുകയും ചെയ്യാം.
സാമ്പത്തിക പാക്കേജിന്റെ രണ്ടാം ദിനത്തില്‍ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുമെന്നും വ്യക്തമാക്കിയിരുന്നു.
Discussion about this post