നമ്മുടെ ഭൂമിയുടെ രക്ഷാകവചമാണ് ഓസോൺ. കുറച്ചുകൂടി ആധികാരികമായി പറഞ്ഞാൽ സൂര്യനിൽ നിന്ന് വരുന്ന അപകടകരമായ അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിർത്തുന്ന ഒരു അന്തരീക്ഷപാളിയാണ് ഓസോൺ. ഭൂമിയിൽ നിന്ന് ഏകദേശം 20 മുതൽ 35 കിലോ മീറ്റർ വരെ ഉയരത്തിലുള്ള ഈ അന്തരീക്ഷപാളിയെ കുറച്ച് ചിലരെങ്കിലും ഓർക്കുന്ന ഒരു ദിനമാണ് ഇന്ന്. 1987 സെപ്റ്റംബർ 16-ന് ലോകരാഷ്ട്രങ്ങൾ ഒപ്പുവെച്ച മോൺട്രിയൽ ഉടമ്പടി പിറവി കൊണ്ട ഈ ദിനം ലോകമെമ്പാടും ഓസോൺ ദിനമായി ആചരിക്കപ്പെടുന്നു. ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ അല്ലെങ്കിൽ വിഷ വാതകങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന് ലക്ഷ്യമിട്ടാണ് മോൺട്രിയൽ ഉടമ്പടി നിലവിൽ വരുന്നത്. 1913 ലാണ് ചാൾസ് ഫാബ്രി, ഹെൻട്രി ബൂഷൻ എന്ന് പേരുള്ള രണ്ട് ഭൗതികശാസ്ത്രജ്ഞരാണ് ഓസോൺ കുടയെ കണ്ടെത്തുന്നത്. എന്നാൽ ഈ കുടയ്ക്ക് വിള്ളൽ വീണു എന്ന കാര്യം ലോകം തിരിച്ചറിയുന്നത് 1980-കളുടെ മദ്ധ്യത്തിലാണ്. ജോയ് ഫോർമാൻ, ജോനാതൻ ഫ്രാങ്ക്ലിൻ, ബ്രയിൻ ഗാർഡനർ തുടങ്ങിയ ശാസ്ത്രജ്ഞനാണ് അൻറാർട്ടിക്കിന് മുകളിൽ കാണപ്പെട്ട ഓസോൺപാളിയുടെ വിള്ളലിന് കുറിച്ച് ആദ്യത്തെ സൂചന നൽകുന്നത്. ഈ വിള്ളൽ സ്കിൻ കാൻസർ അടക്കമുള്ള രോഗങ്ങളിലേക്ക് എത്തിക്കുമെന്നും നമ്മുടെ ഭക്ഷ്യശൃംഖലയുടെ പൂർണ നാശമുണ്ടാകും എന്നുള്ള ചർച്ചകൾ ലോകമെമ്പാടും നടന്നു. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളൽ മനുഷ്യ ജീവന് തന്നെ വിസ്മൃതിയിൽ ആകുമെന്നുള്ള ചൂടൻ ചർച്ചകൾക്ക് വിരാമമിട്ട് ലോകരാഷ്ട്രങ്ങൾ ഇത്തരം വാതകങ്ങൾ ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുവാനുള്ള നടപടികൾക്ക് ആക്കം കൂട്ടി. 2050 ആകുന്നതോടെ ഓസോണിന്റെ വിള്ളൽ പൂർണ്ണമായും അകറ്റാൻ എല്ലാവരും സജ്ജരായി കഴിഞ്ഞിരിക്കുന്നു.
ഇനി കാർഷികരംഗത്ത് ഓസോൺ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് അറിയേണ്ടേ? നൈട്രസ് ഓക്സൈഡ്, നൈട്രിക് ഓക്സൈഡ്, ബ്രോമിൻ ക്ലോറിൻ, മീഥൈൻ, ക്ലോറോ ഫ്ലൂറോ കാർബൺ ബ്രോമോ ഫ്ലൂറോ കാർബൺ തുടങ്ങി ഓസോൺ പാളിക്ക് സുഷിരങ്ങൾ ഉണ്ടാക്കുന്ന വാതകങ്ങൾ ഏറെയാണ്. ഈ വാതകങ്ങളുടെ അന്തരീക്ഷത്തിലേക്കുള്ള ബഹിർഗമനം കാലാവസ്ഥ വ്യതിയാനത്തിലേക്കും, ആവാസവ്യവസ്ഥയുടെ നാശത്തിനും വഴിയൊരുക്കുന്നു. വിഷവാതകങ്ങൾ പുറംതള്ളുന്നതിൽ കാർഷികമേഖലയ്ക്കും പ്രാധാന്യമുണ്ട്. ഇതിനെ തടയാനുള്ള ആദ്യത്തെ പടിയാണ് കാർബൺ ന്യൂട്രൽ കൃഷിരീതി.Introgovernmental panel on climate change (IPCC) പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം 30 ശതമാനത്തോളം ഹരിതഗൃഹവാതകങ്ങൾ ഭക്ഷ്യ -കാർഷിക മേഖല പുറംതള്ളുന്നുവെന്ന് കണക്കാക്കുന്നു. ഇതിനെ തടയിടുവാൻ വേണ്ടിയാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കാർബൺ ന്യൂട്രൽ അഥവാ നെറ്റ് സീറോ എന്ന ആശയത്തിന് ഇത്രത്തോളം പ്രാധാന്യം നൽകുന്നത്. ഈ ആശയത്തിലൂടെ അന്തരീക്ഷം ആഗിരണം ചെയ്യപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവും അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവും സമനിലയിൽ എത്തിക്കാം അല്ലെങ്കിൽ ഒന്ന് ന്യൂട്രൽ ആകാം.
കേരളത്തിൻറെ കാഴ്ചപ്പാട്
കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്ന സുസ്ഥിരമായ പ്രകൃതി സൗഹൃദ കൃഷി രീതിയോട് തുറന്ന സമീപനമാണ് കേരളത്തിന്. അതുകൊണ്ടുതന്നെയാണ് കാർബൺ ന്യൂട്രൽ കൃഷി രീതി അവലംബിക്കുന്ന ഭാരതത്തിലെ ആദ്യ സംസ്ഥാനമായി മാറുവാൻ കേരളം തയ്യാർ എടുക്കുന്നതും. ഇതിനുവേണ്ടി ഇത്തവണത്തെ ബഡ്ജറ്റിൽ 6 കോടി രൂപയാണ് വക വച്ചിരിക്കുന്നത്. ഈ കൃഷി രീതി നമ്മുടെ കാലഘട്ടത്തിൻറെ ആവശ്യമാണ്. ഹരിതഗൃഹ വാതകങ്ങളുടെ അളവ് ക്രമീകരിക്കുന്നുതോടൊപ്പം ഈ രീതിയിലൂടെ നാം സ്വയന്തമാക്കുന്ന ലക്ഷ്യങ്ങൾ അനവധിയാണ്. ജൈവവൈവിധ്യം സംരക്ഷിച്ച്, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി, വരുംതലമുറയ്ക്ക് കൃഷിയിലൂടെ തന്നെ ഒരു ഉപജീവനം സാധ്യമാക്കാൻ ഈ രീതിക്ക് സാധിക്കും. കാർബൺ ന്യൂട്രൽ ആകുവാനുള്ള ആദ്യത്തെ വഴി രാസവളങ്ങളുടെ ഉപയോഗം പൂർണമായും നിർത്തുക എന്നത് തന്നെയാണ്. കാർബൺ ബഹിർഗമനം കുറച്ച് മണ്ണിൽ ഓർഗാനിക് കാർബൺ അളവ് വർദ്ധിപ്പിച്ചാൽ മാത്രമേ മണ്ണിൻറെ ഉർവരത നഷ്ടപ്പെടാതെയിരിക്കുകയുള്ളൂ. എന്നാൽ മാത്രമേ മണ്ണിൻറെ പുനർജീവനം സാധ്യമാകുകയുള്ളൂ. രാസവളങ്ങളുടെ ഉപയോഗം നിർത്തി ജീവനുള്ള കൃഷിയായ ജൈവകൃഷിയിലേക്ക് മാറേണ്ടത് ഏറെ അനിവാര്യമാണ്….
(ഭാഗം -1)
Discussion about this post