കൃഷിഓഫീസര്‍മാര്‍ ജനകീയരാകുന്നില്ലെന്നൊരു പരാതി പണ്ടുമുതലേയുണ്ട്. എന്തുകൊണ്ടാണ് കൃഷി ഓഫീസര്‍മാര്‍ ജനകീയരാകാത്തതെന്ന് എന്ന വിഷയത്തെ കുറിച്ച് യുവകര്‍ഷകന്‍ രഞ്ജിത്ത് ദാസ് എഴുതിയ കുറിപ്പ് വായിക്കാം.
രഞ്ചിത്ത് ദാസിന്റെ വാക്കുകള്‍:
കൃഷി ഓഫീസർമാർ ജനകീയരായാൽ….
കേരളത്തിൽ ഏറ്റവും അധികം ചീത്ത കേൾക്കുന്ന (തെറി കേൾക്കുന്ന) ഒരു ഡിപ്പാർട്ട്മെന്റാണ് കൃഷി വകുപ്പ് .കൃഷി ചെയ്യുന്നവനും ഇല്ലാത്തവരും ഉൾപ്പടെ സന്ദർഭം കിട്ടിയാൽ ഈ വിഭാഗത്തിനെ പൊങ്കാലയിടാറുണ്ട് എന്നാൽ ഇതിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നവരെ ഒന്നഭിനന്ദിക്കാനോ അവരുടെ പ്രവർത്തനം പൊതു സമൂഹത്തിനു മുന്നിൽ എത്തിക്കാനോ ആരും ശ്രമിക്കാറില്ല .കൃഷി വകുപ്പിന്റെ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ,ജില്ലാ ,ബ്ലോക്ക് ,പഞ്ചായത്തുകളുടെയെല്ലാം കാർഷിക പദ്ധതികൾ ജനങ്ങളിലേക്ക് എത്തുന്നത് കൃഷി ഓഫീസുകൾ വഴിയാണ് ഇതിനാൽ തന്നെ ജനങ്ങളുമായി ഏറ്റവും കൂടുതൽ ഇടപഴകുന്ന ഒരു സർക്കാർ സ്ഥാപനവും കൃഷി ഓഫീസുകൾ തന്നെയാണ് അതിനാൽ തന്നെ ഈ പദ്ധതികളെല്ലാം ജനങ്ങളിലേക്കെത്തിക്കണമെങ്കിൽ നല്ല കഴിവും പ്രാപ്തിയുമുള്ള കൃഷി ഓഫീസർമാർ തന്നെ വേണം .അങ്ങനെയുള്ള കൃഷി ഓഫീസർമാരെ ജനകീയ കൃഷി ഓഫീസർ എന്നു വിളിക്കാം .
എന്തുകൊണ്ട് കൃഷി ഓഫീസർമാർ ജനകീയ രാവുന്നില്ല ?
കൃഷി തുടങ്ങിയതുമുതലുള്ള എന്റെ നിരീക്ഷണത്തിൽ നിന്ന് എനിക്ക് മനസ്സിലായത് കൃഷി ഓഫീസർ എന്നത് ഒരു ഗ്ലോറിഫൈഡ് പ്യൂൺ ആണ് ,കാരണം എല്ലാ പദ്ധതികൾക്കും പിന്നിൽ അനവധി പേപ്പർ വർക്കുകൾ ഉണ്ട് ഇതെല്ലാം കൃത്യമായി പഠിച്ച് ഒപ്പിട്ട് വേണം അതാത് ഓഫീസുകളിലേക്കയക്കാൻ ഇതിൽ എവിടെയെങ്കിലും പിഴവു പറ്റിയാൽ പിന്നെ ജീവിതം കുട്ടിച്ചോറാകും .ഡിപ്പാർട്ട്മെന്റടക്കം ഏതാണ്ട് 5 ലധികം ഓഡിറ്റുകൾ ഈ വകുപ്പിലുണ്ട് ഏതെങ്കിലും ഒരു ഫയൽ കൃത്യമായില്ലെങ്കിൽ ജോലി പോകുന്നതുൾപ്പടെ കനത്ത പിഴ അടക്കേണ്ടി കൂടി വരും. അതിനേക്കാൾ രസം ഗസറ്റഡ് റാങ്ക് ഉള്ളതിനാൽ ഒപ്പിടുവിക്കാൻ മാത്രം കൃഷി ഓഫീസിൽ വരുന്നവർക്ക് നല്ല കൃഷി ഓഫീസറെ കാണാൻ കിട്ടില്ല അവരുടെ ധാരണ ഓഫീസർ എപ്പോഴും ലീവിലോ ,കറക്കത്തിലോ ആണെന്നാണ്. ഇനി ഭൂനികത്തൽ മാഫിയ ഉള്ള സ്ഥലമാണങ്കിൽ പിന്നെ കാര്യം കുശാൽ അവരുടെ ഭീഷണി കൊണ്ട് ഓഫീസിലേ പോകാൻ പറ്റില്ല .നിലം നികത്തൽ ,ഡാറ്റാ ബാങ്കിൽ നിന്ന് മാറ്റിക്കൊടുക്കൽ അങ്ങനെ വേറെ ചടങ്ങുകളും ഒക്കെയാവുംമ്പോൾ കൃഷി നോക്കാനോ കർഷകന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ സമയം കിട്ടില്ല .ഡെമോക്ലസ്സിന്റ വാൾ എന്നതു പോലെ ഓഡിറ്റ് ഉള്ളതിനാൽ കഴിയാവുന്നതും ഓഫീസർമാർ പഞ്ചായത്ത് പദ്ധതികൾ ഒഴിച്ച് മറ്റു പദ്ധതികൾ ഒന്നും എടുക്കാറില്ല .എന്നാൽ സമർത്ഥരായ ഓഫീസർമാരാകട്ടെ എല്ല പദ്ധതികളും എടുക്കുകയും അത് ജനങ്ങളിലേക്കെത്തിച്ച് വൻ വിജയം കൊയ്യുകയും കർഷകർക്ക് വീണ്ടും കൃഷി ചെയ്യുവാൻ പ്രചോദനമാവുകയും ചെയ്യും അവരെയാണ് ജനകീയ കൃഷി ഓഫീസറായി ജനം അംഗീകരിക്കുന്നത് .സർക്കാർ കർഷകനു നൽകുന്ന എല്ലാ ആനുകൂല്യങ്ങളും കർഷകർക്ക് തന്നെ ലഭ്യമാക്കുവാൻ ഇവർക്കും കഴിയുന്നു .അതിനേക്കാളുപരിയായി കർഷകന്റെ അദ്ധ്വാനത്തിന് മികച്ച പ്രതിഫലം കിട്ടുവാനുള്ള അവസരം ഒരുക്കുന്നു. കർഷകർക്ക് വേണ്ടി പ്രവർത്തിച്ച് ഫയൽ വർക്കിൽ പിഴവുകൾ വരുത്തുന്ന കൃഷി ഓഫീസർമാരുടെ കൂടെ നിൽക്കാൻ കർഷകർപ്പോലും പലപ്പോഴും തയ്യാറാകാറില്ല എന്നതും മറന്നു കൂട .അങ്ങനെ പണി വാങ്ങിയവർ പിന്നീട് പദ്ധതികൾ ഒഴിവാക്കി ഓഫീസിൽ തന്നെ ഒതുങ്ങിയിരുന്നു കൃഷി നിയന്ത്രിക്കും അങ്ങനെ വരുംമ്പോളാണ് ജനങ്ങൾ ഈ വകുപ്പിനെതിരാവുന്നത് .
കൃഷി ഓഫീസർ ഫയലിൽ നിന്ന് വയലിലേക്കിറങ്ങിയാലെ കേരളത്തിൽ കൃഷി മെച്ചപ്പെടുകയുള്ളു അതിന് ഓഫീസർമാരെ ഫയൽ വർക്കിൽ നിന്ന് മോചിപ്പിക്കണം .ഞാൻ കൃഷി പഠിച്ചതും ഇപ്പോൾ ചെയ്യുന്നതും കർഷകരുടെ ഇടയിൽ നിന്ന് പണിയെടുത്ത രണ്ട് ഓഫീസർമാരുടെ കൂടെയായതിൽ സന്തോഷിക്കുന്നു ഒരാൾ ഇപ്പോൾ കൃഷി ഓഫീസർ ജോലി ഉപേക്ഷിച്ച് മണ്ണൂത്തി കാർഷിക കോളേജിൽ അസി: പ്രഫസറായി ജോലി ചെയ്യുന്ന T .R സ്വപ്നയും .മറ്റൊരാൾ ആലപ്പുഴ ജില്ലയിലെ മികച്ച കൃഷി ഓഫീസറായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസറായ ശ്രീമതി റോസ്മി ജോർജും .
രഞ്ചിത്ത് ദാസ്
Green EIS FPC
കഞ്ഞിക്കുഴി ബ്ലോക്ക് .
Discussion about this post