കരിമ്പിന്റെ കൃഷിയെ കുറിച്ച് ഇത് വായിക്കുന്ന ഭൂരിഭാഗം പേർക്കും താല്പര്യം ഉണ്ടാകണമെന്നില്ല. പക്ഷേ പഞ്ചസാരയ്ക്കോ ശർക്കരയ്ക്കോ വില കൂടിയാൽ നമ്മൾക്ക് പരാതിയായി.
ഏത് കാർഷിക ഉൽപ്പന്നത്തിനും വില കൂടുമ്പോൾ അത് മൂലം കുറച്ച് കർഷകർക്കെങ്കിലും നല്ല വില കിട്ടുമെന്ന് ആരും കരുതാറില്ല. നമ്മൾ ഉണ്ടാക്കുന്ന എല്ലാറ്റിനും നല്ല വില കിട്ടണം. പക്ഷേ നമ്മൾ പുറത്തു നിന്നും വാങ്ങുന്ന എല്ലാം വില കുറച്ച് കിട്ടണം.
കേരളത്തിൽ പണ്ട് കാലത്ത് കരിമ്പ് കൃഷി പലയിടങ്ങളിലും പ്രചാരത്തിൽ ഉണ്ടായിരുന്നു. പന്തളം, തിരുവല്ല, ചിറ്റൂർ, അട്ടപ്പാടി, മറയുർ എന്നിവിടങ്ങളിൽ ഒക്കെ. എന്നാൽ ഇന്ന് വാണിജ്യടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒരിടം ഇടുക്കിയിലെ മറയൂർ ആണ്. കൃഷി വകുപ്പിന്റെ പന്തളം ഫാമിലും കരിമ്പ് കൃഷി ചെയ്ത് പതിയൻ ശർക്കര ഉണ്ടാക്കുന്നുണ്ട്.
മറയൂരിൽ ഏതാണ്ട് 250ഹെക്റ്ററിൽ കരിമ്പ് കൃഷി ചെയ്യുന്നുണ്ട്. അത് വിളവെടുത്ത്,അവിടെ വച്ച് തന്നെ ശർക്കരയാക്കി വിപണനം ചെയ്യുന്നു.
ലോകത്ത് കൃഷി ചെയ്യുന്ന വിളകളിൽ ഏറ്റവും കൂടുതൽ വെള്ളം വേണ്ട കൃഷിയാണ് കരിമ്പ്. മൂപ്പ് കൂടിയ വിളയായത് കൊണ്ടും പ്രധാന ഉല്പണം കരിമ്പ് നീരായത് കൊണ്ടും വെള്ളം വളരെയധികം വേണം . ഒരു കിലോ പഞ്ചസാര ഉൽപാദിപ്പിക്കാൻ ഏതാണ്ട് 1500 ലിറ്റർ വെള്ളം വേണം എന്നാണ് കണക്കു കൂട്ടിയിരിക്കുന്നത്. ഒരു കിലോ പഞ്ചസാരയുടെ വിലയും 1500 ലിറ്റർ വെള്ളത്തിന്റെയും വില ഒന്ന് കണക്കു കൂട്ടി നോക്കിക്കേ. അത് പോലെ തന്നെ ആണ് നെൽകൃഷിയും.
സ്റ്റീവ് സോളമൻ തന്റെ ‘Water -The Epic Struggle for Wealth, Power and Civilization’ എന്ന പുസ്തകത്തിൽ ഭാവിയിലെ ഏറ്റവും വിലയേറിയ ഉല്പന്നം വെള്ളം ആകുന്നത് എങ്ങനെ എന്ന് വിശദീകരിക്കുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ലോകത്ത് ശുദ്ധജലത്തിന്റെ ആവശ്യകത ഇരട്ടിയാവുകയും ലഭ്യത കുറയുകയും ചെയ്തിരിക്കുന്നു. ലോക ജനസംഖ്യ കൂടുന്നതിനനുസരിച്ചു ഭാവിയിൽ ജല ലഭ്യത ഇനിയും ഭീഷണമാകും വിധം കുറഞ്ഞേക്കാം.അവിടെയാണ് പുതിയ കൃഷി രീതിയായ SSI യുടെ പ്രസക്തി.
ലോകത്ത് പഞ്ചസാര ഉണ്ടാക്കുന്നത് പ്രധാനമായും കരിമ്പിൽ നിന്നും ഷുഗർ ബീറ്റിൽ നിന്നുമാണ്. ഏതാണ്ട് 70:30അനുപാതത്തിൽ. ട്രോപിക്കൽ കാലാവസ്ഥ ഉള്ള രാജ്യങ്ങളിൽ പ്രധാനമായും കരിമ്പിൽ നിന്നുമാണ് പഞ്ചസാര നിർമ്മിക്കുന്നത്.
ഒരു എക്കറിൽ നിന്നും ഏതാണ്ട് 100 ടൺ വരെ കരിമ്പ് വിളവെടുക്കാം. ഒരു ടൺ കരിമ്പിൽ നിന്നും 100കിലോ ശർക്കര ലഭിക്കും. എന്നാൽ വളരെ അധികം അധ്വാനം വേണ്ടി വരുന്ന ഒരു വിളയാണ് കരിമ്പ്. വിള പരിപാലനത്തിനും വിളവെടുപ്പിനും ശർക്കര നിർമാണത്തിനും ഒക്കെ. കൃഷി വകുപ്പ് മറയൂരിൽ കരിമ്പ് കൃഷിയ്ക്കും ശർക്കര നിർമാണത്തിനും സബ്‌സിഡികൾ നൽകുന്നുണ്ട്.കാന്തല്ലൂരും മറയൂരിലുമായി ഏതാണ്ട് തൊള്ളായിരത്തോളം കർഷകർ കരിമ്പു കൃഷി ചെയ്യുന്നു.
പരമ്പരാഗത രീതിയിലാണ് ഇവിടുത്തെ ശർക്കര നിർമാണം. ക്രഷർ ഉപയോഗിച്ച് കരിമ്പിൻ നീരെടുത്തു കൊപ്ര എന്ന വലിയ പാത്രത്തിൽ ചൂടാക്കി തിളപ്പിക്കുന്നു. അതിലുള്ള അഴുക്കുകൾ മുകളിൽ പതഞ്ഞു വരുമ്പോൾ അത് വെട്ടി മാറ്റിക്കൊണ്ടിരിക്കും. കരിമ്പിൻ നീര് കുറുകി വരുമ്പോൾ ശുദ്ധമായ കുമ്മായം അല്പം ചേർക്കുന്നു. അത് പ്രകൃതിയിൽ നിന്നും തന്നെ കിട്ടുന്നതാണല്ലോ. ജലാംശം പൂർണമായും ആവിയായിക്കഴിഞ്ഞാൽ അത് മാവിൻ തടി കൊണ്ടുള്ള ഒരു പരന്ന തോണിയിലേക്ക് പകരുന്നു. അത് നിരന്തരമായി ഇളക്കി പൊടിയാക്കി തണുക്കുന്നതിനു മുൻപ് കൈകൾ കൊണ്ട് ഉരുട്ടി എടുക്കുന്നു. നല്ല തേനിന്റെ നിറമാണ് മറയൂർ ശർക്കരയ്ക്ക്. ബ്ലീച്ചിങ് നടത്താൻ പൊതുവെ ചേർക്കുന്ന Hydros അവർ ചേർക്കാറില്ല. കൈകൊണ്ട് ഉരുട്ടി എടുക്കുന്നതിനാൽ കൈപ്പാട് ശർക്കരയിൽ തെളിഞ്ഞു കാണാം. മറ്റു ശർക്കരയെക്കാൾ മധുരവുമുണ്ട്.കരിമ്പ് കർഷകർക്കായി അഞ്ചുനാട് കരിമ്പ് കർഷക സമിതിയും പ്രവർത്തിച്ചു വരുന്നു.
മറയൂരിലെ കർഷകരുടെ കരിമ്പ് കൃഷി ലാഭാകരമാക്കുന്നതിനു UNDP യും കൃഷി വകുപ്പും ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ കൃഷി രീതിയായ Sustainable Sugarcane Initiative പരീക്ഷിക്കുന്നത്.പൈലറ്റ് സ്റ്റഡിയുടെ ഭാഗമായി പത്തു കർഷകരുടെ തോട്ടങ്ങളിൽ ആണ് കൃഷി നടക്കുന്നത്.
നെൽകൃഷിയിലെ ഒറ്റ ഞ്ഞാർ കൃഷിയ്ക്കു സമാനമാണ് SSI.
ICRISAT -WWF സംയുക്ത സംരംഭമായാണ് ഈ കൃഷിരീതി വികസ്സിപ്പിച്ചെടുത്തത്.
‘ To produce more with less’ എന്ന സന്ദേശമാണ് ഈ കൃഷി രീതി പകരുന്നത്.
എന്താണ് ഈ കൃഷി രീതിയുടെ പ്രത്യേകതകൾ എന്ന് നോക്കാം.
സാധാരണ ഗതിയിൽ ഒരു ഏക്കർ നടാൻ 16000, മൂന്ന് കണ്ണുകൾ (buds ) ഉള്ള കരിമ്പിൻ കഷണങ്ങൾ വേണം. അതിന് തന്നെ കർഷകന് വലിയ ചെലവ് വരുന്നുണ്ട്. എന്നാൽ SSI യിൽ ഒരു കണ്ണ് (bud )മാത്രം Bud chipper എന്ന യന്ത്രം ഉപയോഗിച്ച് അടർത്തിയെടുത്തു പ്രോ -ട്രേയ്കളിൽ, ചകിരിചോറിൽ വച്ച് വളർത്തിയെടുത്തു 30-35 ദിവസം പ്രായമുള്ള തൈകൾ ആക്കി മാറ്റി നടുന്നു. അപ്പോൾ വെറും 5000 തൈകൾ മതിയാകും. അത് കൊണ്ട് മാത്രം വലിയ ലാഭം കർഷകനുണ്ടാകും. ബഡ് എടുത്തതിനു ശേഷം ആ കരിമ്പിൻ തണ്ട് നീരെടുക്കാൻ ഉപയോഗിക്കുകയും ചെയ്യാം.
നല്ല അകലത്തിൽ നടുക എന്നതാണ് രണ്ടാമത്തെ കാര്യം.
കരിമ്പ് കൃഷിയിൽ സാധാരണ ആയി രണ്ട് വരികൾ തമ്മിൽ രണ്ട് അടിയും ഒരു വരിയിലെ ചെടികൾ തമ്മിൽ ഒന്നര അടിയുമാണ് നൽകുന്നത്. അപ്പോൾ ഏതാണ്ട് 16000 കരിമ്പ് കഷ്ണങ്ങൾ നടണം. അത്രയും തടങ്ങളിൽ ഇടാനുള്ള ജൈവ വളങ്ങളുടെ ലഭ്യതക്കുറവും ചെലവും ഒക്കെ നോക്കുമ്പോൾ പൊതുവെ കർഷകർ ജൈവവളങ്ങൾ ഇടാറില്ല. എന്നാൽ SSI രീതിയിൽ വരികൾ തമ്മിൽ അഞ്ചടിയും വരിയിലെ ചെടികൾ തമ്മിൽ രണ്ടടിയും നൽകുന്നു. അപ്പോൾ 5000 തൈകൾ മതി. അത്രയും തടങ്ങളിൽ ജൈവവളങ്ങൾ ചേർത്താൽ മതി. അതിനാൽ തന്നെ കർഷകർക്ക് വളം ചേർക്കാൻ താല്പര്യം കൂടും.
ഇത്രയും അകലം കൊടുക്കുമ്പോൾ തോട്ടത്തിൽ നല്ല വായു സഞ്ചാരവും സൂര്യപ്രകാശവും കിട്ടും. രോഗ കീടങ്ങൾ കുറയും. തോട്ടത്തിൽ ഇടയിളക്കാനും വിളവെടുക്കാനും ഒക്കെ എളുപ്പമാണ്. അങ്ങനെയുള്ള ഒരു SSI കരിമ്പ് തോട്ടത്തിൽ കയറിയാൽ തന്നെ നമ്മുടെ പുറം കരിമ്പിന്റെ ഇലകളുടെ അരികു കൊണ്ട് മുറിയും. അപ്പോൾ പിന്നെ അടുത്തടുത്തു നട്ട തോട്ടങ്ങളിൽ തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പറയാനില്ലല്ലോ.
ഇനി ഇത്രയും അകലത്തിൽ നടുന്ന കരിമ്പിൻ തൈകൾക്ക് പടക്കം പൊട്ടുന്നത് പോലെ ചിനപ്പുകൾ പൊട്ടും. സാധാരണ രീതിയിൽ മൂന്ന് മുട്ടുള്ള ഒരു കരിമ്പിൻ തണ്ടിൽ നിന്നും ശരാശരി 10-15ചിനപ്പുകളും 4-5 നീരെടുക്കാൻ പറ്റിയ കരിമ്പിൻ തണ്ടുകളും (Millable Cane ) കിട്ടും. എന്നാൽ SSI രീതിയിൽ ശരാശരി 20-25 ചിനപ്പുകളും 9-10 നീരെടുക്കാൻ പറ്റിയ തണ്ടുകളും കിട്ടും.മാത്രമല്ല നല്ല വണ്ണമുള്ള, ജ്യൂസി ആയ ഉയരം കൂടിയ തണ്ടുകളാണ് SSI യിൽ നിന്നും കിട്ടുക. പ്രതി ഹെക്ടർ ഉൽപ്പാദനം അതിനാൽ തന്നെ 15-20ശതമാനം കൂടുതൽ ആയിരിക്കും.
സാധാരണ ഉപയോഗിക്കുന്നതിൽ നിന്നും മൂന്നിലൊന്നു മാത്രം നടീൽ വസ്തുക്കൾ ഉപയോഗിച്ച് 20ശതമാനം കൂടുതൽ വിളവ് കിട്ടുന്നു. അതാണ് More with Less എന്ന മാജിക്.
അടുത്തത് ഡ്രിപ് ഇറിഗേഷൻ നൽകുക എന്നതാണ്. പക്ഷേ മറയൂരിലെ കർഷകർ ഇനിയും അതിന് തയ്യാറായിട്ടില്ല. അതിന് വരുന്ന പ്രാരംഭ ചെലവും ഭൂമി പാട്ടത്തിനായതുമൊക്കെ ആയത് കൊണ്ടാകാം. പരമ്പരാഗത രീതിയിൽ ഉള്ള ജലസേചനത്തെക്കാൾ പത്തിലൊന്നു വെള്ളം മതിയാകും SSI യിൽ. ആ മേഖലയിൽ കർഷകരെ ബോധവൽക്കരിച്ചു കൊണ്ട് വരേണ്ടി വരും.
ഇടയകലം കൂടുമ്പോൾ കളകൾ കൂടുതൽ വളരാൻ സാധ്യത ഉണ്ട്. ഇവിടെ അത് ഒരു അവസരമാണ്. സാധാരണ രീതിയിൽ കരിമ്പ് കൃഷിയിൽ ഇടവിള കൃഷി ചെയ്യുന്ന പതിവില്ല. എന്നാൽ SSI യിൽ തണ്ണി മത്തൻ, കുറ്റിപയർ, തുവര, ഉരുളക്കിഴങ്ങ്, വഴുതന എന്നിവ ചെയ്ത് അധിക വരുമാനം ഉണ്ടാക്കാം. ആ കാര്യത്തിലും മറയൂർ കർഷകർ മാറേണ്ടിയിരിക്കുന്നു.
ചെടികളുടെ വളർച്ചയുടെ ആദ്യഘട്ടത്തിൽ കരിമ്പിന്റെ ഉണങ്ങിയ ഇലകൾ ഉപയോഗിച്ച് ഇടസ്ഥലങ്ങളിൽ പുതയിട്ട് കൊടുക്കുന്നത് കള വളർച്ച കുറയ്ക്കാനും ബാഷ്പീകരണ ജല നഷ്ടം കുറയ്ക്കാനും സാധിക്കും.
എന്നും ഒരേ വഴിയിലൂടെ സഞ്ചാരിച്ചാൽ ഒരേ ലക്ഷ്യത്തിൽ ആയിരിക്കും നമ്മൾ എത്തുക. എന്നാൽ പുതിയ ലക്ഷ്യങ്ങളിൽ എത്തണമെങ്കിൽ പുതു വഴികളിലൂടെ സഞ്ചരിക്കേണ്ടി വരും. അതാണ് UNDP മറയൂരിൽ ചെയ്യുന്നത്. അതിന് ചാലക ശക്തിയാകുന്നത് അവരുടെ High Range Mountain Landscape Program ന്റെ പ്രൊജക്റ്റ് ഓഫീസർ ആയ ശ്രീ ടോണി ജോസും ടീമും. അവരോടൊപ്പം മറയുർ കൃഷി ഓഫീസർ കുമാരി. പ്രിയ പീറ്ററും മറയൂർ ഗ്രാമ പഞ്ചായത്തും നീലകണ്ഠൻ നായരും അദ്ദേഹത്തിന്റെ മകനും ജോമോനും ഒക്കെ അടങ്ങിയ പത്തോളം കർഷകരും.
വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞു. മികച്ച രീതിയാണ് എന്ന് കർഷകർ സമ്മതിക്കുന്നുണ്ട്. ക്രമേണ എല്ലാവരും ഈ രീതിയിലേക്ക് മാറും എന്ന് തന്നെയാണ് കൃഷി വകുപ്പിന്റെ വിലയിരുത്തൽ. അതിന് സർക്കാർ പിന്തുണയും (കൃഷി വകുപ്പിലൂടെ ) കർഷകർ പ്രതീക്ഷിക്കുന്നുണ്ട്.
തയ്യാറാക്കിയത്
പ്രമോദ് മാധവൻ
അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ
ദേവികുളം
Discussion about this post