ഋതു ഭേദങ്ങള്‍ ചെടികളിലേല്‍പ്പിക്കുന്ന ഭേദ്യം ചില്ലറയല്ല. മനുഷ്യനില്‍ ഋതുഭേദങ്ങള്‍ വാത -പിത്ത -കഫ ദോഷങ്ങള്‍ ഉണ്ടാക്കുന്നത് പോലെ ചെടികളിലും നിരവധിയായ ആരോഗ്യപ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ തകരാറുകള്‍ എന്നിവ ഇവ ഉണ്ടാക്കുന്നു.
വേനല്‍ക്കാലങ്ങളില്‍ നീരൂറ്റികളായ പ്രാണികളുടെ ശല്യം, വര്‍ഷകാലത്തു മണ്ണില്‍ നിറഞ്ഞു നില്‍ക്കുന്ന ഈര്‍പ്പം മൂലം വേരുകള്‍ക്ക് ശ്വസനതടസ്സം, ഹേമന്തത്തില്‍ ഇല കൊഴിച്ചില്‍, വസന്താഗമനത്തോടെ പൂക്കള്‍ കൊഴിച്ചില്‍, മഞ്ഞു കാലത്ത് ഇലകളില്‍ മൃദുരോമപ്പൂപ്പ്.. എന്നിങ്ങനെ പോകുന്നു ആരോഗ്യ പ്രശ്‌നങ്ങള്‍.
മരങ്ങളെ പൊതുവെ രണ്ടായി വര്‍ഗീകരിച്ചിരിക്കുന്നു. ഇലപൊഴിയും മരങ്ങള്‍ എന്നും (Deciduous ) നിത്യഹരിത (Evergreen )മരങ്ങള്‍ എന്നും. ഇവയില്‍ ഇലപൊഴിയും മരങ്ങളുടെ ഇലകള്‍ പൊതുവെ വീതി കൂടിയവയും നിത്യഹരിത മരങ്ങളുടെ ഇലകള്‍ സൂചി പോലെ ഉള്ളവയുമാണ്.
വര്‍ഷകാലം കഴിയുന്നതോടെ ജല സമൃദ്ധി കഴിഞ്ഞു എന്ന് ചെടികള്‍ മനസിലാക്കുന്നു. മാത്രമല്ല വറുതിയുടെ കാലം വിദൂരമല്ല എന്ന തിരിച്ചറിവ് മരങ്ങള്‍ക്കുണ്ട്. ആ ദുരന്ത നിവാരണത്തിനായി അവര്‍ വലിയ തോതില്‍ തയ്യാറെടുക്കുന്നു.
പുഷ്‌കല കാലങ്ങളില്‍ ഇലകള്‍ ചെടികള്‍ക്ക് ഒരു ശക്തിയാണ്. എന്നാല്‍ പഞ്ഞകാലത്തു അത് ഒരു ബാധ്യതയുമാണ്. ആയിരക്കണക്കിനായ ഇലകളിലൂടെ സംഭവിക്കാന്‍ പോകുന്ന ഭീമമായ ജല നഷ്ടം മുന്‍കൂട്ടിക്കണ്ട് , ഈ ഇലകളെ ശരീരത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ ചെലവഴിക്കേണ്ടി വരുന്ന ഊര്‍ജ നഷ്ടം മനസ്സിലാക്കി ,ഇത്രയും ഇലകളില്‍ ശക്തമായി കാറ്റ് വന്ന് തട്ടുമ്പോള്‍ സംഭവിച്ചേക്കാവുന്ന ഒടിവുകള്‍ ഓര്‍ത്ത് , മഞ്ഞു കാലത്ത് ഈ ഇലകളില്‍ എല്ലാം വന്ന് പറ്റി ഇരിക്കാവുന്ന മഞ്ഞുതുള്ളികളുടെ ഭാരം മൂലം ഉണ്ടാകാന്‍ ഇടയുള്ള അപകടങ്ങള്‍ ഒക്കെ മുന്‍കൂട്ടി കണ്ട് ചെടി ഒരു വലിയ ദുരന്ത നിവാരണ തയ്യാറെടുപ്പ് തന്നെ നടത്തുന്നു.
അതിപ്രകാരമൊക്കെയാണ്.
1. ആയിരക്കണക്കിനായ ഇലകള്‍ വഴി വലിയ അളവില്‍ വെള്ളം സ്വേദനം വഴി നഷ്ടപ്പെടും എന്നതിനാല്‍ ആ വഴിയുള്ള ജലനഷ്ടം കുറയ്ക്കുന്നതിനു ഇലകള്‍ കൊഴിയ്ക്കാന്‍ തയ്യാറെടുക്കുന്നു.
ശിഖരത്തില്‍ നിന്നും ഇലത്തണ്ട് ചേരുന്ന ഭാഗത്ത് ഒരു തടസ്സം സ്വയം ഉണ്ടാക്കുന്നു. (Abscission layer ). അവിടെ ഉള്ള നാളികള്‍ (vessels )ചെടി സ്വയം ബ്ലോക്ക് ചെയ്യുന്നു. ഒപ്പം ശരീരത്തില്‍ ആക്‌സിന്‍ (auxin)എന്ന വളര്‍ച്ച ഹോര്‍മോണിന്റെ ഉല്‍പ്പാദനം കുറയ്ക്കുന്നു. അങ്ങനെ വളരെ ആസൂത്രിതമായ രീതിയില്‍ ഇലകള്‍ കൊഴിയ്ക്കുന്നു.
2. ഇലകളില്‍ ഉള്ള ഹരിതകം (chlorophyll )രാസമാറ്റം നടന്ന് മറ്റു വര്‍ണകങ്ങള്‍ ആയ ആന്തോസയാനിന്‍ ആക്കി മാറ്റി ഇലകളുടെ വാര്‍ദ്ധക്യം ത്വരിതപ്പെടുത്തുന്നു.
3. വറുതിക്കാലയളവില്‍ സ്വയം അതിജീവനത്തിനായി ഇലകളില്‍ നിന്നും വേരുകളില്‍ നിന്നും പരമാവധി പോഷകങ്ങളെ വലിച്ചെടുത്തു തണ്ടുകളില്‍ സംഭരിക്കുന്നു
4. കൊഴിച്ചുവീഴ്ത്തിയ ഇലകളെ തന്റെ വേര് പടലങ്ങളെ സംരക്ഷിക്കാനായി വിതറിയിടുന്നു. അതുവഴി മണ്ണില്‍ നിന്നുമുള്ള ജല ബാഷ്പീകരണ നഷ്ടം കുറയ്ക്കാന്‍ ഒരുങ്ങുന്നു. വേരുകളുമായി സഹവസിക്കുന്ന മൈക്കോറയ്‌സായെയും PGPR (Plant Growth Promoting Rhizobacteria)കളെയും സംരക്ഷിക്കാന്‍ ഒരുങ്ങുന്നു. ഈ കരിയിലകള്‍ കാല ക്രമത്തില്‍ അഴുകി മണ്ണിന്റെ ഹ്യൂമസ്, ജൈവ കാര്‍ബണ്‍ (Soil Organic Carbon, SOC) എന്നിവ സമ്പുഷ്ടമാക്കുന്നു. അതായത് ഇല കൊഴിച്ചില്‍ കാര്‍ബണ്‍ സങ്കലനത്തിനു (Carbon Sequestration )കാരണമാകുന്നു.
അങ്ങനെ ഹരിത ഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ പരക്കാതെ തടയുന്നു.
ഇങ്ങനെ വീണു കിടക്കുന്ന കരിയിലകള്‍ കണ്ടാല്‍ എല്ലാം പെറുക്കി കത്തിച്ചു കാര്‍ബണ്‍ മോണോക്‌സ്യഡ്, കാര്‍ബണ്‍ ഡയോക്‌സയ്ഡ് എന്നിവയയുണ്ടാക്കി അന്തരീക്ഷ മലിനികരണത്തിനും കാലാവസ്ഥ വ്യതിയാനത്തിനും വെടിമരുന്നിടുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ കരിയിലകള്‍ കത്തിക്കാതിരിക്കുക. അവ കമ്പോസ്റ്റ് ആക്കുകയോ അല്ലെങ്കില്‍ കുംഭമാസത്തില്‍ ചെയ്യാന്‍ പോകുന്ന കിഴങ്ങ് വര്‍ഗ വിളകള്‍ക്കു പുതയിടാനായി കരുതി വയ്ക്കുകയോ അല്ലെങ്കില്‍ തെങ്ങിന്‍ തടങ്ങളില്‍ പുതയിടുകയോ ചെയ്യുക.
കേരളം, കാര്‍ബണ്‍ തൂലിത കൃഷി (Carbon Neutral Agriculture, CNA) യിലേക്കിറങ്ങാന്‍ തീരുമാനിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ. ഏത് പേരിട്ടു വിളിച്ചാലും വേണ്ടില്ല, ഹരിത ഗൃഹ വാതക ബഹിര്‍ഗമനം കുറയ്ക്കാതെ ഇനി ഈ തലമുറയ്ക്ക് തന്നെ നിവൃത്തിയില്ല.
തയ്യാറാക്കിയത്:
പ്രമോദ് മാധവന്‍
അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍
Discussion about this post