നിത്യഹരിത വൃക്ഷമാണ് ദേവദാരു. തൊള്ളായിരം വർഷം വരെ പഴക്കമുള്ള ദേവതാരു വൃക്ഷങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സിഡ്രസ്സ് ഡിയോഡര എന്നാണ് ശാസ്ത്രനാമം. പൈനേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. സുരദാരു, ഭദ്രതാരു, അരമദാസ, എന്നൊക്കെ പേരുകളുണ്ട് ദേവദാരുവിന്. ഉയർന്ന പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന ദേവദാരുവിന്റെ ജന്മദേശം ഹിമാലയൻ സാനുക്കളാണ്.
പാക്കിസ്ഥാന്റെ ദേശീയ വൃക്ഷമാണ് ദേവദാരു. ഹിമാചൽ പ്രദേശിന്റെ സംസ്ഥാന വൃക്ഷവും. ഹൈന്ദവ ആചാരമനുസരിച്ച് ദൈവീകമായ വൃക്ഷമാണ് ദേവദാരു.
40 മുതൽ 50 മീറ്റർ വരെ ഉയരം വയ്ക്കും. സൂചി പോലുള്ള കൂർത്ത ഇലകളാണ്. ജിംമ്നോസ്പം എന്ന ഗണത്തിലാണ് ദേവദാരു ഉൾപ്പെടുന്നത്. അതുകൊണ്ടുതന്നെ പൂക്കളില്ല ഇവയിൽ. ആൺകോണുകളും പെൺകോണുകളുമാണ് ഉള്ളത്. കോണുകളിലാണ് വിത്തുകൾ ഉണ്ടാകുന്നത്.
പാർക്കുകളിലും ഗാർഡനുകളിലും അലങ്കാര വൃക്ഷമായി വെച്ചുപിടിപ്പിക്കാറുണ്ട് ഇവ. ഔഷധ സസ്യം കൂടിയാണ് ദേവദാരു. ആയുർവേദ ഔഷധ കൂട്ടുകളിലും ഉപയോഗിക്കാറുണ്ട്. ദേവദാരുവിൽ നിന്നെടുക്കുന്ന എണ്ണ സോപ്പുകളിലും പെർഫ്യൂമുകളിലും ഉപയോഗിക്കുന്നു. നല്ല ഈടും ഉറപ്പുമുള്ള തടിയാണ് ദേവദാരുവിന്റെ. ഇക്കാരണങ്ങളാൽ വ്യാവസായിക അടിസ്ഥാനത്തിൽ വൻതോതിൽ കൃഷിചെയ്യുന്നുണ്ട് ദേവദാരു.
ടാക്സിഫോളിൻ എന്ന ഫ്ളേവനോയ്ഡുകൾ ഒത്തിരിയുണ്ട് ദേവദാരുവിന്റെ തടിയിൽ. അതുപോലെതന്നെ സെഡിയോഡാരിൻ, ആംപിലോപ്സിൻ, സെഡ്രിൻ, ഡിയോഡറിൻ, എന്നീ ഫ്ളേവനോയ്ഡുകളുമുണ്ട്. ലിമോണിൻ, അനിത്തോൾ, യൂജിനോൾ, ലിനലൂൾ, എന്നിവയൊക്കെയാണ് ദേവദാരുവിന്റെ എണ്ണയിലുള്ള ഘടകങ്ങൾ.
Discussion about this post