ഗോൾഡൻ റൈസിനെ കുറിച്ച് കേട്ടിട്ടില്ലേ? സ്വർണ്ണനിറമുള്ള അരിമണികൾ. എന്താണ് ഗോൾഡൻ റൈസ് എന്നറിയാമോ? എന്തിനുവേണ്ടിയാണ് അവ ഉൽപ്പാദിപ്പിക്കുന്നത്? എന്താണ് അവയുടെ പ്രത്യേകത? സാധാരണ അരിയിൽ നിന്നും ഇവയുടെ വ്യത്യാസം എന്താണ്? നമുക്ക് നോക്കാം…
നമ്മുടെ സാധാരണ നെല്ലിൽ നിന്ന് ജനറ്റിക് എഞ്ചിനീയറിംഗ് വഴി വികസിപ്പിച്ചെടുത്തിട്ടുള്ള അരിയാണ് ഗോൾഡൻ റൈസ്. ശരീരത്തിൽ വൈറ്റമിൻ എ യുടെ പ്രാധാന്യം നമുക്കറിയാം. വൈറ്റമിൻ എ യുടെ അഭാവം ഒത്തിരി അസുഖങ്ങളിലേക്കും നയിക്കും. പ്രത്യേകിച്ച് കുട്ടികളിൽ. ആഫ്രിക്കൻ രാജ്യങ്ങളിലെ സാഹചര്യം തന്നെ നോക്കിയാൽ നമുക്കത് മനസ്സിലാവും.
ഗോൾഡൻ റൈസിന് വൈറ്റമിൻ എ ഒത്തിരിയായി ഉത്പാദിപ്പിക്കാൻ കഴിയും. ശരീരത്തിൽ വൈറ്റമിൻ എ ഉണ്ടാകുന്നത് ബീറ്റാ കരോട്ടിൻ എന്ന ഘടകത്തിൽ നിന്നാണ്. ഗോൾഡൻ റൈസിൽ ബീറ്റാകരോട്ടിൻ ഉൽപാദിപ്പിക്കുന്ന ജീനുകൾ ഉണ്ട്. ജനറ്റിക് എഞ്ചിനീയറിംഗ് വഴിയാണ് ഇത് സാധ്യമായത്.
1982-ലാണ് ഗോൾഡൻ റൈസ് ഉല്പാദിപ്പിക്കുവാനുള്ള ഗവേഷണങ്ങൾക്ക് തുടക്കംകുറിച്ചത്. കുട്ടികളിലെ വൈറ്റമിൻ എ യുടെ അഭാവം തുടച്ചുമാറ്റുക എന്നതായിരുന്നു ലക്ഷ്യം. 2006-ലാണ് ഗോൾഡൻ റൈസിന്റെ ക്ലിനിക്കൽ ട്രയൽ ആദ്യമായി നടത്തിയത്. അത് വളരെ വിജയകരവുമായിരുന്നു. ആദ്യ കാലങ്ങളിൽ ഗോൾഡൻ റൈസ് ഉപയോഗിക്കുന്നതിന് പലയിടത്തുനിന്നും ഒത്തിരി എതിർപ്പുകൾ ഉണ്ടായിരുന്നു. എതിർത്തവരിൽ ഗ്രീൻ പീസ് ഇന്റർനാഷണലും ഉണ്ട്. ഗ്രീൻ പീസ് ഇന്റർനാഷണൽ ജനിതകവ്യതിയാനം വരുത്തിയ വിളകൾ ഉപയോഗിക്കുന്നതിന് എതിരായിരുന്നു. പിന്നീട് 2016 ൽ 107 നോബൽ സമ്മാന ജേതാക്കൾ ഒപ്പിട്ട കത്ത് ഗ്രീൻ പീസ് ഇന്റർനാഷണലിന് അയച്ചതൊക്കെ നമ്മൾ പത്രങ്ങളിൽ നിന്ന് വായിച്ചറിഞ്ഞതാണ്. ഗോൾഡൻ റൈസ് ഉൽപ്പാദനത്തിന് വേണ്ടി ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ സഹായിച്ചവരിൽ ബിൽ ഗേറ്റ്സും അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന മെലിൻഡ ഗേറ്റ്സും ഉണ്ട്.
പിന്നീട് 2018 ൽ കാനഡയും അമേരിക്കയും ഗോൾഡൻ റൈസ് കൃഷി ചെയ്യുന്നതിനുള്ള അനുമതി പുറപ്പെടുവിക്കുകയുണ്ടായി. അതുപോലെതന്നെ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരവും ഗോൾഡൻ റൈസിന് ലഭിച്ചു.
Discussion about this post