അവനവന്റെ വീട്ടില്‍ വേണ്ട പഴങ്ങളും പച്ചക്കറികളും അവിടെ തന്നെ ഉണ്ടാക്കുന്നവര്‍ വിവേകികള്‍. എന്തെന്നാല്‍ അവര്‍ക്ക് ദീര്‍ഘായുസ്സ് ലഭിക്കാന്‍ സാധ്യത കൂടുതല്‍ ആണ്. എത്ര ദൂരെ നിന്നാണോ നമ്മള്‍ കഴിക്കുന്ന ഭക്ഷണം വരുന്നത് അത്ര കണ്ട് അതിന്റെ ഗുണമേന്മയും റിസ്‌കും കൂടുന്നു. ആയുര്‍ ദൈര്‍ഘ്യം കുറയുന്നു.
പല വീടുകളിലും ഏറ്റവും വെയില്‍ കിട്ടുന്ന മുന്‍വശം മുഴുവന്‍ നമുക്ക് ആരോഗ്യമോ വരുമാനമോ തരാത്ത പനകളും പുല്‍ത്തകിടിയും അലങ്കാരചെടികളും കൊണ്ട് നിറച്ചിരിക്കുന്നതായി കാണാം. എന്നാല്‍ അവയ്ക്കിടയില്‍ നമുക്ക് ഭക്ഷണാവശ്യത്തിനു കൂടി ഉപകരിക്കുന്ന ചെടികളും കൂടി നട്ടാലോ? എങ്കില്‍ അതിനെ നമുക്ക് food scaping എന്ന് വിളിക്കാം. Foodscaping ആണ് പുതിയ രീതി.
ഏതൊക്കെ ചെടികള്‍ ഇത്തരത്തില്‍ ഉപയോഗിക്കാം. വിവിധ നിറങ്ങളില്‍ തേങ്ങ പിടിക്കുന്ന (പച്ച, മഞ്ഞ, ഓറഞ്ച് )തെങ്ങുകള്‍ ചെറുതിലേ കായ്ച്ചു തുടങ്ങുന്ന കവുങ്ങ്, റെഡ് ലേഡി പോലെ ഉള്ള പപ്പായ ഇനങ്ങള്‍, പ്രൂണ്‍ ചെയ്ത് ഒതുക്കി വളര്‍ത്തിയ സപ്പോട്ട, വള്ളി കുടില്‍ നിര്‍മിക്കാന്‍ പാഷന്‍ ഫ്രൂട്ട്, വേലി (hedge ) ഉണ്ടാക്കാന്‍ കൂര്‍ക്ക, പൊന്നാങ്കണ്ണി ചീര , മധുര കിഴങ്ങ്, ഇഞ്ചി, മഞ്ഞള്‍, കസ്തൂരി മഞ്ഞള്‍, പല തരം മുളകുകള്‍, കാബേജ്, കോളി ഫ്ളവര്‍, റെഡ് ക്യാബേജ്, ലെറ്റൂസ്, പെരും ജീരകം, ഉള്ളി, വിവിധയിനം ചീരകള്‍, തക്കാളി എന്നിവ ആഹാരവും ആദായവും അലങ്കാരവും തരും. ഒപ്പം സൂര്യകാന്തി, ചെണ്ടുമല്ലി, കറ്റാര്‍വാഴ, കോസ്‌മോസ്, വാടാമല്ലി എന്നിവയും ഇടകലര്‍ത്തി നടാം.
വീടിന് മോടി കൂട്ടുന്ന രീതിയില്‍ മുന്‍കൂട്ടി ഒരു lay out ഉണ്ടാക്കി വേണം ചെടികള്‍ നടാന്‍. ചെടികള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണം.
ഇത്തരത്തില്‍ പോഷകാവശ്യങ്ങള്‍ കൂടി നിറവേറ്റുന്ന തരം ആഹാരതോട്ടങ്ങള്‍ പല പുരാതന നാഗരികതകളുടെയും മുഖമുദ്ര ആയിരുന്നു. മെസോപൊട്ടേമിയ, ബാബിലോണിയ, അസ്സീറിയയിലും എല്ലാം ഇത്തരത്തില്‍ കാണാന്‍ മനോഹരവും എന്നാല്‍ ഭക്ഷണാവശ്യങ്ങള്‍ നിറവേറ്റുന്നതുമായ തോട്ടങ്ങള്‍ ഉണ്ടായിരുന്നു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോള്‍ ലോകത്തെമ്പാടും നഗര കൃഷി വ്യാപകമായിക്കൊണ്ടിരിക്കുന്നു. 1951ല്‍ 746 മില്യണ്‍ മാത്രമായിരുന്നു നഗരവാസികള്‍ എങ്കില്‍ ഇന്നത് 3.9 ബില്യണ്‍ ആയിരിക്കുന്നു. ഇത്തരത്തിലുള്ള പോഷക പൂന്തോട്ടങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒരനിവാര്യത ആണ്. വിലപ്പെട്ട സ്ഥലം യാതൊരു വരുമാനവും തരാത്ത ചെടികള്‍ വയ്ക്കുന്നതിന് പകരം അലങ്കാരത്തിനും കൂടി ഉപകരിക്കുന്ന തോട്ടങ്ങള്‍ ആക്കി മാറ്റണം.
ഗാര്‍ഹിക മാലിന്യങ്ങള്‍ ഈ തോട്ടങ്ങള്‍ക്കു വളമായി മാറണം. അത്യവശ്യം ഔഷധ ചെടികളും ഇതിന്റെ ഇടയില്‍ വച്ചു പിടിപ്പിക്കണം.
ഇതൊക്കെ ശാസ്ത്രീയമായ രീതിയില്‍ സെറ്റ് ചെയ്ത് കൊടുക്കുന്ന സംരംഭങ്ങള്‍ വ്യാപകമാകണം. അവയുടെ കൃത്യമായ ഇടവേളകളില്‍ ഉള്ള പരിപാലനവും കൃഷി പഠിച്ചവര്‍ക്ക് ഒരു വരുമാനമാര്‍ഗവും ആകും. അല്‍പസ്വല്പം അധികം ഉല്‍പ്പാദനം ഉണ്ടാകുമ്പോള്‍ അവ മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്ത് പകരം നമുക്കാവശ്യമുള്ള വസ്തുക്കള്‍ വാങ്ങുകയും ആകാം.
ചുവന്ന ചീര, പൊന്നാങ്കണ്ണി ചീര, ഉജ്വല മുളക്, ഇലക്കറി ആയി ഉപയോഗിക്കുന്ന, കാബേജ്, ക്യാരറ്റ്, ബ്രോക്കോളി, റെഡ് കാബേജ് ഒക്കെ ഈ lay outല്‍ ഉള്‍പ്പെടുത്താം.
ഇതിനെക്കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ക്കു Rosalind Creasy യുടെ The Complete Book of Edible Landscaping, Bric Arthur ന്റെ The Foodscape revolution -Finding Better way to make space for food and beauty in Your Garden എന്നീ ഗ്രന്ഥങ്ങള്‍ വായിക്കാം.
വിദേശ രാജ്യങ്ങളില്‍ ഇത്തരം സങ്കല്‍പ്പങ്ങള്‍ പ്രചരിപ്പിക്കുന്ന ഏജന്‍സികളും സഘടനകളും ധാരാളം ഉണ്ട്. അവയില്‍ ചിലതാണ് Backyard Abundance, Edible Estates, Urban Farmlab, Food Forest എന്നിവ.
വേഗമാകട്ടെ.. ആഗോള താപനം നമ്മളെ വിഴുങ്ങാന്‍ കാത്ത് നില്‍ക്കുമ്പോള്‍ നമ്മുടെ കാര്‍ബണ്‍ പാദമുദ്രകള്‍ കുറയ്ക്കാന്‍ ഒരു കുഞ്ഞ് ആഹാരത്തോട്ടം (Edible Garden ) എല്ലാ വീട്ടിലും ഉണ്ടാകട്ടെ.
‘പ്രാണ രക്ഷയ്ക്ക് കൃഷി ‘എന്ന മുദ്രാവാക്യം നമ്മളെ ഇരുത്തി ചിന്തിപ്പിക്കട്ടെ…
തയ്യാറാക്കിയത്
പ്രമോദ് മാധവന്‍
Discussion about this post