ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധതൈലമായ ഊദിന്റെ ഉറവിടമാണ് അകില്‍. ‘അറേബ്യയുടെ സുഗന്ധം’ എന്നുവേണമെങ്കില്‍ അകിലിനെ(ഊദിനെ ) വിശേഷിപ്പിക്കാം. തെക്കുകിഴക്കന്‍ ഏഷ്യയിലെ മഴക്കാടുകളില്‍ ഒരുകാലത്ത് സമൃദ്ധമായി വളര്‍ന്നിരുന്ന അകില്‍ മരങ്ങളില്‍ നിന്നും സ്വാഭാവികമായി ഊറി വന്നിരുന്ന സുഗന്ധമായിരുന്നു ഊദ്. അക്വിലറിയ എന്ന ജനുസ്സില്‍ പെടുന്ന ഏതാണ്ട് പതിനേഴോളം ഇനങ്ങളില്‍ പെട്ട വൃക്ഷങ്ങളില്‍, വളര്‍ച്ചയുടെ ഏതോ ദശാസന്ധിയില്‍ പ്രകൃതിയുടെ ഇടപെടലുകള്‍ മൂലം ഊറിക്കൂടിയ സുഗന്ധം ലക്ഷങ്ങള്‍ വിലമതിക്കുന്നതായിമാറിയിട്ട് സഹസ്രാബ്ദങ്ങളായി.
എഡി മൂന്നാം നൂറ്റാണ്ടില്‍ വിയറ്റ്‌നാമില്‍ നിന്നും ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലേക്ക് ഊദ് വ്യാപാരം പതിവായിരുന്നുവത്രെ. ഇന്ന് മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും വിലമതിക്കുന്ന, കിലോഗ്രാമിനു ലക്ഷങ്ങള്‍ വിലവരുന്ന സുഗന്ധദ്രവ്യമാണ് ഊദിന്റെ തടിയും അത്തറും. കേരളത്തിലും, പ്രത്യേകിച്ച് കോഴിക്കോടും മറ്റും ഊദും ഊദിന്റെ അത്തറും വില്‍ക്കുന്ന കടകള്‍ ധാരാളമായി കാണാന്‍ കഴിയും, മണിയറ ഒരുക്കുമ്പോഴും ഗൃഹപ്രവേശന സമയത്തും മയ്യത്ത് നമസ്‌കാര വേളയിലും അകില്‍ കൂട്ട് നിറയ്ക്കുന്ന പതിവുണ്ട്. ഉലുവാന്‍ പുകയ്ക്കുക എന്നാണ് ഇതിനു പറയുക. അകില്‍,ചന്ദനം, കര്‍പ്പൂരം, ഏലം , തേന്‍ എന്നിവ ചേര്‍ത്താണ് അകില്‍കൂട്ട് ഉണ്ടാക്കുന്നത്. അറബികളുടെ വിശേഷാവസരങ്ങളില്‍ ഊദിന്റെ സുഗന്ധമില്ലാതെ ഓര്‍ക്കാനേ കഴിയില്ല. ബുദ്ധമതക്കാരുടെ ആചാരങ്ങളിലും, ടിബറ്റന്‍ ആചാരങ്ങളിലും ഒക്കെ ഒരുപോലെ പ്രാധാന്യമുള്ള ഒന്നാണ് ഊദ്.
എന്തുകൊണ്ടാണ് ഊദിന് ഇത്ര വൈശിഷ്ട്യം വന്നത്?
സ്വാഭാവിക ആവാസവ്യവസ്ഥയില്‍ അമ്പതും നൂറും വര്‍ഷങ്ങള്‍ പ്രായമുള്ള അകില്‍ മരങ്ങളില്‍ ചില പ്രത്യേക തരം വണ്ടുകള്‍(Dynoplatypus chevrolati ) തുളയ്ക്കും. അത്തരം മുറിവുകളിലൂടെ ഫിയാലോഫോറ പാരസിറ്റിക്ക (Phialophora parasitica ) എന്ന ഒരുതരം കുമിള്‍ (fungus ) കടന്നുകൂടുകയും മരത്തിന്റെ കോശങ്ങളെ ആക്രമിക്കുകയും ചെയ്യും, സ്വാഭാവികമായും ഈ കടന്നാക്രമണത്തെ മരങ്ങള്‍ ചെറുക്കും, ഒരു തരം ഇന്റേണല്‍ ഡിഫന്‍സ് മെക്കാനിസം(Internal defence mechanism ) എന്നുപറയാം. അതിന്റെ ഫലമായി ഒരുതരം കറുത്ത സ്രവം ഈ തടികളില്‍ ഊറിക്കൂടും. തടിയുടെ നിറം വെളുപ്പില്‍ നിന്നും കറുപ്പിലേക്ക് മാറുകയും ചെയ്യും, അതോടെ തടിയുടെ ഭാരം അല്പം വര്‍ദ്ധിക്കുകയും ചെയ്യും. ഇത്തരം തടികള്‍ കീട-രോഗാക്രമണത്തിന്റെ അവസാനഘട്ടത്തില്‍ ചിതലിന്റെ ആക്രമണം നേരിട്ട തടിക്കഷ്ണത്തിന്റെ അവസ്ഥയിലേക്ക് വരും. അവ ശേഖരിച്ച് കറുത്ത ഭാഗങ്ങള്‍ മാത്രം പ്രത്യേകം ചെത്തിയെടുത്ത് വിപണിയിലെത്തും.അവ വാറ്റി തൈലവും എടുക്കും. അതാണ് കിലോയ്ക്ക് ലക്ഷങ്ങള്‍ വിലയുള്ള ഊദിന്റെ തടിയും അത്തറും.
രോഗം വന്നില്ലെങ്കില്‍ അകില്‍ വെറും വിറക് കഷ്ണം. രോഗം വന്നാലോ വിലമതിക്കാന്‍ കഴിയാത്ത വിശിഷ്ട വസ്തു.
പക്ഷെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ ഏഴു മുതല്‍ പത്തു ശതമാനം മരങ്ങള്‍ മാത്രമാണ് ഈ കീടരോഗ ആക്രമണം നടന്ന് വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനം ആയി മാറുന്നത്. കൃത്രിമ മാര്‍ഗങ്ങളിലൂടെ മരങ്ങളില്‍ രോഗങ്ങള്‍ ഉണ്ടാക്കി ഊദ് ഉല്പാദിപ്പിക്കുന്നതില്‍ മനുഷ്യന്‍ വിജയിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ പല തട്ടിപ്പുകളും നടക്കുന്നുമുണ്ട്. പക്ഷേ ‘ഉപ്പോളം വരുമോ ഉപ്പിലിട്ടത് ‘എന്ന പഴഞ്ചൊല്ല് അര്‍ത്ഥമാക്കുന്നത് പോലെ, യഥാര്‍ത്ഥ വിപണിയില്‍ സ്വാഭാവിക ഊദിന്റെ വില വരില്ല കൃത്രിമ രീതിയില്‍ ഉണ്ടാക്കിയെടുക്കുന്ന ഊദിന്.
ആസാം, മണിപ്പൂര്‍, ബംഗ്ലാദേശ്, കമ്പോഡിയ, മ്യാന്‍മര്‍, തായ്ലന്‍ഡ്, വിയറ്റ്‌നാം, ലാവോസ്, മലേഷ്യ എന്നിവിടങ്ങളിലാണ് സ്വാഭാവിക ആവാസവ്യവസ്ഥയില്‍ ഊദ് മരങ്ങള്‍ കാണുന്നതും പ്രകൃത്യാ രോഗ-കീട ആക്രമണത്തിന് വിധേയമാകുന്നതും. ഇപ്പോള്‍ കേരളമടക്കം പല സംസ്ഥാനങ്ങളിലും ഊദ് മരങ്ങള്‍ നട്ടുപിടിപ്പിച്ചു കൃത്രിമമായി രോഗം ഉണ്ടാക്കി ഊദ് ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ അതിനു ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. ഫംഗസുകളെ കുറിച്ചോ ശരിയായ ഇനോക്ക്യൂലഷന്‍ (inocculation ) രീതികളെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത ആള്‍ക്കാര്‍ വലിയ നിരക്ക് ഈടാക്കിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇനോക്ക്യൂലഷന്‍ നടത്തുന്നത്.
പെര്‍ഫ്യൂം ഇന്‍ഡസ്ട്രിയിലെ മിന്നും താരമാണ് ഊദ്. അറബികളുടെ വിശേഷാവസരങ്ങളില്‍ വീടുകളിലും പള്ളികളിലും ഊദ് പുകയ്ക്കുന്നത് സര്‍വ്വസാധാരണമാണ്, വസ്ത്രങ്ങളില്‍ പുരട്ടുന്നതിനും ഊദ് ഉപയോഗിക്കാറുണ്ട്.അത് പ്രൗഢിയുടെ അടയാളം കൂടിയാണ്. ഈജിപ്തിലെ മമ്മികളില്‍ ഊദ് സമൃദ്ധമായി ഉപയോഗിച്ചിട്ടുള്ളതായി കണ്ടിട്ടുണ്ട്. ക്രിസ്ത്യന്‍ ഡിയോര്‍, ഊദ് ഇസ്പാഹന്‍ എന്ന പേരിലും , ടോം ഫോര്‍ഡ്, ഊദ് വുഡ് എന്ന പേരിലും ജോര്‍ജിയോ അര്‍മാണി, ഊദ് റോയാല്‍ എന്ന പേരിലും ഊദ് അടിസ്ഥാനമാക്കിയുള്ള വിലപിടിപ്പുള്ള പെര്‍ഫ്യൂമുകള്‍ ഇറക്കുന്നുണ്ട്.
ഊദിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന ദുബായില്‍, ഇന്ത്യയില്‍ വേരുകളുള്ള അജ്മല്‍ പെര്‍ഫ്യൂംസ് എന്ന കട ഗുണമേന്മയുള്ള ഊദിന് വളരെ പ്രശസ്തമാണ്. ഏറ്റവും ഗുണമേന്മയുള്ള ഒരു കിലോ ഊദിന്റെ തടിക്ക് ആയിരം ഡോളര്‍ മുതല്‍ അന്‍പത്തി നാലായിരം ഡോളര്‍ വരെ വിലയുണ്ട്. ഏതാണ്ട് ആറ് ബില്യന്‍ ഡോളര്‍ ആണ് ഊദിന്റെ ആഗോള വിപണി. അതുകൊണ്ടുതന്നെ ഊദ് മരങ്ങള്‍ വംശനാശഭീഷണി നേരിടുകയാണ് എന്നും പറയാം. സ്വാഭാവിക ആവാസവ്യവസ്ഥയില്‍ പ്രകൃത്യാ രോഗകീട ആക്രമണത്തിന് ഇരയായി, ഏറ്റവും ഗുണമേന്മയുള്ള ഊദ് തടികള്‍ കിട്ടാനില്ല എന്ന് തന്നെ പറയണം. വംശ നാശ ഭീഷണി നേരിടുന്ന മരങ്ങള്‍ ഉള്‍പ്പെടുന്ന Appendix II വില്‍ ഊദ് മരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവയുടെ ആഗോള വ്യാപാരവും നിരീക്ഷിക്കപ്പെടുന്നുണ്ട്.
Aquillaria agallocha, Aquilleria malaccensis, Aquillaria secundaria, Aquilleria cransa, Aquilleria sinensis എന്നിവയാണ് വാണിജ്യ പ്രാധാന്യമുള്ള അകില്‍ ജനുസ്സുകള്‍.
ഊദിന്റ തൈലം liquid gold എന്നും അറിയപ്പെടാറുണ്ട്. ഓരോ ഊദിനും വ്യത്യസ്തമായ സുഗന്ധമാണുള്ളത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.അത്, അകില്‍ ജനുസ്സ്, അതിനെ ആക്രമിച്ച കുമിളിന്റെ തരം, രോഗ തീവ്രത, മരത്തിന്റെ പ്രായം എന്നിവയെ ആശ്രയിച്ചിരിക്കും. ബുദ്ധമതക്കാര്‍ ധ്യാനത്തിന് ഉപയോഗിക്കുന്ന 108 മണികള്‍ ഉള്ള മാല ഊദ് തടി കൊണ്ട് ഉണ്ടാക്കാറുണ്ട്.
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
Discussion about this post