ലോകത്ത് ഏറ്റവും കൂടുതല്‍ വിപണനം ചെയ്യപ്പെടുന്ന സുഗന്ധ വ്യഞ്ജന വിളയാണ് കുരുമുളക്. ‘നല്ലമുളക്’ എന്നും വിളിപ്പേരുണ്ട്. പിങ്ക് പെപ്പെര്‍കോണ്‍ എന്ന ഒരാള്‍ കൂടി ഉണ്ട്. പക്ഷെ ജനുസ്സ് വേറെ. പറങ്കിമാവിന്റെ കുടുംബമായ അനകാര്‍ഡിയേസിയേയില്‍ പെടുന്ന Schinus malle എന്ന ബ്രസീലിയന്‍ പെപ്പെര്‍ ട്രീ. ന്യൂസീലാന്‍ഡില്‍ കവക്കാവ എന്ന ഒരിനം കുരുമുളകുണ്ട്. Piper excelsum എന്ന് പേര്. നമ്മുടെ കുരു മുളക് Piper nigrum. കഫഹാരിയായ തിപ്പലി Piper longum.വാട്ട രോഗം വരാതിരിക്കാന്‍ കുരുമുളക് ഒട്ടിച്ചെടുക്കുന്നതു ബ്രസീലിയന്‍ തിപ്പലി എന്നറിയപ്പെടുന്ന Piper colubrinum എന്ന ചെടിയില്‍.
ഭൂമധ്യരേഖാപ്രദേശങ്ങള്‍ ആണ് കുരുമുളക് കൃഷിയുടെ തനത് ആവാസ വ്യവസ്ഥ. തെക്ക് -തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇവരൊക്കെ തന്നെയാണ് ഇന്നും വിപണിയിലെ ദാദാമാര്‍. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിളഞ്ഞത് എത്തിയോപ്പിയയില്‍. 3.74 ലക്ഷം ടണ്‍. രണ്ടാമത് , വെറും കൊച്ചന്‍ വിയറ്റ്‌നാം. 2.64ലക്ഷം ടണ്‍. മൂന്നാമത് 1.09 ലക്ഷം ടണ്ണുമായി വമ്പന്‍ ബ്രസീല്‍. നാലാമത് ഇന്തോനേഷ്യ. 90000ടണ്‍. അഞ്ച് നമ്മുടെ നാട്ടില്‍. വിളവ് പക്ഷെ വെറും 66000 ടണ്‍ മാത്രം.
‘മരമറിഞ്ഞു കൊടിയിടണം’ എന്നാണ് പഴമൊഴി. പടര്‍ത്താന്‍ പറ്റിയ മരങ്ങളില്‍ ഏതാണ് നല്ലത് എന്ന് നോക്കാം.
1.നട്ടു പിടിപ്പിക്കുന്നതിന് എളുപ്പമുള്ളതായിരിക്കണം.
2. കൊടിത്തണ്ടിലെ വേരുകള്‍ക്ക് എളുപ്പത്തില്‍ പറ്റിപ്പിടിക്കുന്നതിന് താങ്ങു മരത്തിന്റെ പുറംതൊലി പരുപരുത്തതായിരിക്കണം
3. വേനല്‍ക്കാലത്ത് കുരുമുളകിന് ആവശ്യമുള്ള തണല്‍ നല്‍കുന്നത് ആയിരിക്കണം
4. വളരെയധികം ഉയരത്തില്‍ വളരാതിരിക്കുന്നതിന് വേണ്ടി തലപ്പ് വെട്ടുന്നത് കൊണ്ടും കാലവര്‍ഷക്കാലത്ത് കൊടിക്ക് വേണ്ടത്ര സൂര്യപ്രകാശം ലഭിക്കത്തക്കവണ്ണം ചില്ലകള്‍ കോതുന്നതു കൊണ്ടും ദോഷഫലങ്ങള്‍ ഉണ്ടാകാത്തതും ആയിരിക്കണം
5. ആദ്യദശയില്‍ വേഗം വളര്‍ന്ന് വള്ളിക്ക് പടര്‍ന്നു കയറുന്നതിന് തക്ക വണ്ണം തടി വയ്ക്കുന്നത് ആയിരിക്കണം.
6. കുറേ വളര്‍ന്നതിനുശേഷം മാത്രം ശാഖകള്‍ ഉണ്ടാകുന്നതായിരിക്കണം.
7. കുരുമുളക് ചെടിയുടെ ആയുസ്സിന് അനുസരിച്ച് നശിച്ചുപോകാതെ നിലനില്‍ക്കുന്നതായിരിക്കണം.
8. പടര്‍ന്നുപന്തലിച്ചു കൊടിയ്ക്ക് ആവശ്യത്തിലധികം തണല്‍ നല്‍കാത്തതായിരിക്കണം.
വിശദമായി നോക്കാം
1.മുരിക്ക്. (Erythrina indica). വച്ചു പിടിപ്പിക്കാന്‍ എളുപ്പം. ശാഖകള്‍ കുറഞ്ഞു മുകളിലേക്കുള്ള വളര്‍ച്ച. പരുപരുത്ത തൊലിയില്‍ വേരിനു പറ്റിപ്പിടിയ്ക്കാന്‍ എളുപ്പം. ചില്ല കോതിയാലും വീണ്ടും തളിര്‍ക്കുന്ന സ്വഭാവം. പയര്‍ വര്‍ഗ്ഗത്തില്‍ പെടുന്ന മരമായതിനാല്‍ അന്തരീക്ഷ നൈട്രജനെ മണ്ണിലേക്കാനയിക്കാന്‍ കഴിവുള്ളവന്‍.
കൊമ്പ് മുറിച്ച് നട്ടുണ്ടാക്കുന്ന മുരിക്ക് 15 കൊല്ലത്തിനപ്പുറം നില്‍ക്കില്ല. നിമ വിരകളുടെ കലാപം സഹിയ്ക്കാന്‍ കഴിവില്ല. തടി തുരപ്പന്റെയും. എന്നാല്‍ വിത്ത് മുളപ്പിച്ചു രണ്ട് മീറ്ററോളം വളര്‍ന്നു തടി വച്ച ശേഷം തറ നിരപ്പില്‍ വച്ചു വെട്ടി രണ്ടാഴ്ച തണലില്‍ വച്ചു, ഒരു മാസത്തോളം ചരിച്ചു വച്ചു വേര് പിടിപ്പിക്കുന്നു. അപ്പോള്‍ അവ കിളിര്‍ത്തു തുടങ്ങിയിരിക്കും അതിന് ശേഷം 3-4മീറ്റര്‍ അകലത്തില്‍ നടുന്നു. അവ 25:മുതല്‍ അന്‍പത് വര്‍ഷം വരെ പിടിച്ച് നില്‍ക്കുന്നതായി കാണുന്നു.
മുരിങ്ങ നല്ലൊരു താങ്ങു മരമാണ്. പക്ഷെ ബലക്കുറവും ആയുസ്സ് കുറവും പ്രതികൂലം.
ഹൈറേഞ്ച് പ്രദേശങ്ങളില്‍ പ്രധാനി സില്‍വര്‍ ഓക്ക് ആണ്. തേയില തോട്ടങ്ങളില്‍ തണല്‍ മരമായും ഓക്ക് തിളങ്ങും. ആറേഴു മീറ്റര്‍ ഉയരം എത്തുമ്പോള്‍ തലപ്പ് വെട്ടി നിര്‍ത്തും.
തെങ്ങ് നല്ല ഒന്നാന്തരം താങ്ങു മരമാണ്. കുരുമുളകിന് അനുയോജ്യമായ തരത്തില്‍ വെയിലും തണലും തെങ്ങ് നല്‍കും. കാസര്‍ഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പഠനത്തില്‍, അഞ്ചുകൊല്ലം പ്രായമായ കുരുമുളക് കൊടികളില്‍ നിന്നും ശരാശരി രണ്ടര കിലോ ഉണക്ക കുരുമുളക് ലഭിക്കുകയുണ്ടായി. തെങ്ങിന്‍ ചുവട്ടില്‍ നിന്ന് ഒന്നര മീറ്റര്‍ അകലെ കുഴിയെടുത്ത് വള്ളികള്‍ നടുന്നതാണ് നല്ലത്, വളര്‍ന്നുവരുന്ന വള്ളിയെ നിലത്തുകൂടി തന്നെ പടര്‍ത്തി തെങ്ങില്‍ എത്തിച്ചാല്‍ മതി.
കമുകും പനയും കുരുമുളക് പടര്‍ത്താന്‍ പറ്റിയ താങ്ങ് മരങ്ങളാണ്. കവുങ്ങില്‍ കുരുമുളക് വള്ളി നടുമ്പോള്‍ ചുവട്ടില്‍ നിന്നും ഒരു മീറ്റര്‍ അകലം നല്‍കണം.
കുരുമുളക് പടര്‍ത്താന്‍ പറ്റിയ മറ്റൊരു താങ്ങ് മരമാണ് കിളിഞ്ഞില്‍. ഏതാണ്ട് രണ്ടു മീറ്റര്‍ നീളവും ആറേഴ് സെന്റീമീറ്റര്‍ വ്യാസവുമുള്ള കമ്പുകള്‍ മുറിച്ചെടുത്തു നടുകയാണ് പതിവ്. ഇലകള്‍ നല്ല പച്ചിലവളവുമാണ്. മുരിക്കിനേക്കാള്‍ ആയുസ്സും ഇതിനുണ്ട്. ഇലകള്‍ നല്ല പച്ചിലവളവും ആണ്.
മറ്റൊരു നല്ല താങ്ങു മരമാണ് ആഴാന്ത അഥവാ പയ്യാനി(Pagenelia longifolia). കുട പോലുള്ള തലപ്പ് ഇതിന്റെ പ്രത്യേകതയാണ്. വിത്തു മുളപ്പിച്ചാണ് ചെടി വളര്‍ത്തിയെടുക്കുന്നത്. കുരുമുളക് കൊടി നടുന്നതിനു ഒന്നു രണ്ടു വര്‍ഷം മുന്‍പേ തന്നെ തൈകള്‍ തോട്ടത്തില്‍ വച്ചു പിടിപ്പിക്കണം. അധികം ശിഖരങ്ങള്‍ ഇല്ലാതെ നിവര്‍ന്നു വളരുന്ന ഈ മരം 25 വര്‍ഷത്തോളം നിലനില്‍ക്കും. ആഴാന്തയില്‍ കുരുമുളകുപൊടി നന്നായി വളര്‍ന്ന് നല്ല വിളവ് തരും. വേനല്‍ക്കാലത്ത് ഇല പൊഴിക്കുന്ന സ്വഭാവമുണ്ട്. വര്‍ഷംതോറും ചില്ലകള്‍ കോതുന്നത് ഇതിന്റെ വളര്‍ച്ചയ്ക്ക് അത്ര നല്ലതല്ല.
വീട്ടുവളപ്പുകളില്‍ കുരുമുളക് പടര്‍ത്താന്‍ പറ്റിയ മറ്റൊരു മരമാണ് അമ്പഴം. വലിയ മരത്തിന്റെ കൊമ്പുകള്‍ മുറിച്ചു നട്ടാണ് വളര്‍ത്തി എടുക്കുന്നത്. . ഇതിന്റെ ഇലകള്‍ കുരുമുളകിന് നല്ല തണല്‍ നല്‍കുന്നു. തടിയില്‍ വേരുകള്‍ വേഗം പിടിച്ചു കയറുകയും ചെയ്യും.
ശീമക്കൊന്നയും നല്ല താങ്ങു മരമാണ്. വീട്ടുവളപ്പിലെ കൃഷിക്ക് വളരെ അനുയോജ്യമാണ് പയര്‍ വര്‍ഗ്ഗത്തില്‍ പെട്ട ശീമക്കൊന്ന. അന്തരീക്ഷ നൈട്രജന്‍ ആവാഹിച്ചു മണ്ണില്‍ കൊണ്ട് വരാനും വിരുതന്‍. . ഇതിന്റെ വലിയ കൊമ്പുകള്‍ കാലവര്‍ഷാരംഭത്തോടെ കൂടി മുറിച്ചു നട്ട് വളര്‍ത്തിയെടുക്കാം. വര്‍ഷംതോറും കൊമ്പു കോതി പച്ചില വളങ്ങള്‍ ആക്കി കുരുമുളക് കൊടിയ്ക്കു കൊടുക്കുകയും ചെയ്യാം. കുരുമുളക് വള്ളിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ശീമക്കൊന്ന വേഗത്തില്‍ വളരുന്നില്ല എന്നത് ഒരു പോരായ്മയാണ്. പക്ഷേ വിളവെടുക്കുന്നതിന് മറ്റും വളരെ അനുയോജ്യമാണ്.
കൂടാതെ വട്ട, പൂവരശ് അഥവാ ശീലാന്തി എന്നിവയും കുരുമുളക് പടര്‍ത്താന്‍ പടര്‍ത്താന്‍ നന്ന്.
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍
Discussion about this post