പലരും കരുതിയിരിക്കുന്നത് ചന്ദനമരം വീട്ടില്‍ വളര്‍ത്താന്‍ പാടില്ലെന്നാണ്. എന്താണ് ശരിക്കും ഇതിന് പിന്നിലെ സത്യം? ചന്ദനമരം വീട്ടില്‍ വളര്‍ത്തുന്നതിനു നിയമ തടസമൊന്നുമില്ല. എന്നാല്‍ മരം മുറിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്ന് മാത്രം.
മരം ഭീഷണിയാണെങ്കിലോ ചരിഞ്ഞു വീണുകിടക്കുകയാണെങ്കിലോ വീടിന്റെ പുനര്‍നിര്‍മാണത്തിനോ മതില്‍ കെട്ടാനോ തുടങ്ങിയ കാര്യങ്ങള്‍ക്ക് നിലവിലെ നിയമപ്രകാരം ചന്ദനമരം മുറിക്കാം. അങ്ങനെ മുറിക്കണമെങ്കില്‍ ആ സ്ഥലത്തിന്റെ ചുമതലയുള്ള ഡിഎഫ്ഒയ്ക്കു നിവേദനം സമര്‍പ്പിക്കണം. വനംവകുപ്പ് മരത്തിന്റെ വേരടക്കം എടുത്ത് മഹസര്‍ തയ്യാറാക്കി മറയൂരിലേക്കു കൊണ്ടുപോകും. വനംവകുപ്പിന് ചന്ദന ഡിപ്പോയുള്ളത് മറയൂരില്‍ മാത്രമാണ്. മറയൂര്‍ ചന്ദന ഡിപ്പോയിലേക്കാണ് കേരളത്തില്‍ എവിടെ ചന്ദനമരം മുറിച്ചാലും കൊണ്ടുപോകുന്നത്.
മരത്തിനോ സ്ഥലത്തിനോ സര്‍ക്കാര്‍ ബാധ്യതയില്ലെങ്കില്‍ ഉടമയ്ക്കു പണം ലഭിക്കും. ഭൂപതിവ് ചട്ടങ്ങള്‍പ്രകാരം പതിച്ചു നല്‍കിയ ഭൂമിയാണെങ്കില്‍ മരത്തിനു വില ലഭിക്കില്ല. തഹസില്‍ദാര്‍ തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ ഭൂമിയല്ലെന്നും ബാധ്യതയില്ലെന്നും സാക്ഷ്യപത്രം നല്‍കിയാല്‍ പണം നല്‍കാം. ചന്ദരമരത്തിന്റെ തൂക്കം കണക്കാക്കുന്നത് കിലോഗ്രാമിലാണ്. 2012 വരെ മരത്തിന്റെ 70 ശതമാനം വില ഉടമസ്ഥനും ബാക്കി സര്‍ക്കാരിനുമായിരുന്നു. എന്നാലിപ്പോള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് ചന്ദനം ശേഖരിച്ച് മറയൂരില്‍ കൊണ്ടുവന്ന് ചെത്തിയൊരുക്കി ലേലത്തില്‍ വെച്ച് വാങ്ങിയവര്‍ക്കു വിട്ടു നല്‍കുന്നതുവരെയുള്ള ചെലവു മാത്രം കുറവു ചെയ്തു ബാക്കി തുക മുഴുവന്‍ ഉടമസ്ഥനു നല്‍കും.മരത്തിന്റെ വിലയുടെ 95 ശതമാനംവരെ വില കിട്ടാം.
ചന്ദനമരത്തില്‍ മുപ്പതോളം ഇനങ്ങളുണ്ട്. എന്നാല്‍ കേരളത്തിലെ ഏറ്റവും മികച്ചയിനം സന്റാലം ആല്‍ബം ആണ്. അര്‍ധപരാദ സസ്യമായതിനാല്‍ ചെറിയ ചെടിയായിരിക്കുമ്പോള്‍ ഒറ്റയ്ക്കു നടാതെ തൊട്ടാവാടി, കാറ്റാടി മരം പോലുള്ളവ ഒപ്പം നടുന്നതാണ് നല്ലത്. 7-8 മാസം പ്രായമുള്ള ഒരടിയെങ്കിലും പൊക്കമുള്ള തൈകള്‍ ആണ് നടീല്‍ വസ്തുവായി ഉപയോഗിക്കേണ്ടത്. 6.5-7.5 പി.എച്ച് ഉള്ള മണ്ണാണ് അനുയോജ്യം. ഒന്നരയടി നീളം, വീതി, ആഴം എന്നിവയുള്ള കുഴികള്‍ 3 മീറ്റര്‍ അകലത്തിലെടുത്ത് ചാണകപ്പൊടിയിട്ട് മണ്ണറഞ്ഞ് കുഴിമൂടി തൈകള്‍ നടാം.
മിതമായ നന മതി. 15 വര്‍ഷമെത്തുമ്പോഴേയ്ക്കും കാതല്‍ രൂപം കൊള്ളും. വേരിന് പോലും തൂക്കത്തിനനുസരിച്ച് വില ലഭിക്കുമെന്നതിനാല്‍ ചന്ദനമരങ്ങള്‍ മുറിച്ചെടുക്കുന്നതിന് പകരം പിഴുതെടുക്കുകയാണ് ചെയ്യുന്നത്.
ചന്ദനക്കാട്ടില്‍നിന്നും ശേഖരിക്കുന്ന വിത്തുകള്‍ വന സംരക്ഷണ സമിതികള്‍ മുഖേന വില്‍പന നടത്താന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മറയൂര്‍ വികസന ഏജന്‍സിയുടെ അക്കൗണ്ടില്‍ പണം അടച്ചശേഷം മറയൂരിലെത്തി വിത്തുകള്‍ ശേഖരിക്കാം. ശേഖരിക്കുന്ന ചന്ദനപഴങ്ങള്‍ വിത്തുകളാക്കി മാറ്റുന്നതിന് 70 രൂപ നല്‍കും. വന സംരക്ഷണ സമിതിക്ക് 50 രൂപയും വനവികസന സമിതിക്ക് 200 രൂപയും ചേര്‍ത്ത് ഒരു കിലോ വിത്തിന് 600 രൂപയ്ക്കാണ് വനംവകുപ്പ് വില്‍ക്കുന്നത്.
വനവികസന സമിതിയുടെ പേരില്‍ ആരംഭിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ തുക അടച്ച് റെയിഞ്ച് ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയാല്‍ വിത്തും പാസും ലഭിക്കും. ഐഡബ്ല്യു, എസ്ടി ബാംഗലൂരു, കെഎഫ്ആര്‍ഐ, കര്‍ണ്ണാടക വനംവകുപ്പ്, തമിഴ്‌നാട് വനംവകുപ്പ് ഇവിടങ്ങളില്‍ നിന്നും ലഭിക്കും.
Discussion about this post