വിദേശിയെങ്കിലും രുചിയും രൂപഭംഗിയും കൊണ്ട് മലയാളികളെ കയ്യിലെടുത്തിട്ടുണ്ട് ക്യാപ്സിക്കം. ബെൽ പെപ്പർ, സിംല മിർച്ച് എന്നിങ്ങനെയും പേരുകളുണ്ട്. പല തരത്തിലുള്ള മുളകുകൾ ഉൾപ്പെടുന്ന ക്യാപ്സിക്കം എന്ന ജനുസ്സിലെ ഏറ്റവും എരിവ് കുറഞ്ഞ ഇനമാണ് ബെൽ പെപ്പർ. അതുകൊണ്ടുതന്നെ സ്വീറ്റ് പെപ്പർ എന്നും അറിയപ്പെടുന്നുണ്ട്. വേവിക്കാതെ പച്ചയായി പോലും ഇവ കഴിക്കാം.
വിളഞ്ഞ കായ്കൾ പല നിറങ്ങളിൽ ലഭ്യമാണ്. മഞ്ഞ, ചുവപ്പ്, പച്ച എന്നിങ്ങനെയുള്ള നിറങ്ങൾ ഭക്ഷണങ്ങൾക്ക് സ്വാദും ആകർഷകത്വവും നൽകും. പോഷക മൂല്യങ്ങളുടെ കാര്യത്തിലും ക്യാപ്സിക്കം ഒട്ടും പിന്നിലല്ല. വൈറ്റമിൻ എ, സി, ബീറ്റ കരോട്ടിൻ, നാരുകൾ, ഇരുമ്പ് എന്നിവ കൊണ്ട് സമ്പന്നമാണ് ക്യാപ്സിക്കം. സാധാരണയായി ഹൈറേഞ്ച് പ്രദേശങ്ങളിലും തണുപ്പുള്ള ഇടങ്ങളിലുമാണ് ഇത് വ്യാപകമായി കൃഷി ചെയ്യുന്നത്. എന്നാൽ സമതല പ്രദേശങ്ങളിലും സാമാന്യം ഭേദപ്പെട്ട രീതിയിൽ ക്യാപ്സികം വിളവ് നൽകും. മഞ്ഞുകാലമാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം. മറ്റ് ശീതകാല വിളകളെന്നപോലെ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ കൃഷി തുടങ്ങാം.
വിത്തുപാകി തൈ പറിച്ചുനട്ടാണ് ക്യാപ്സിക്കം കൃഷി ചെയ്യുന്നത്. തവാരണകളിലോ പ്രോട്രേകളിലോ വിത്ത് പാകാം. പാകുന്നതിന് മുൻപ് 20 ഗ്രാം സ്യൂഡോമോണസ് ഫ്ളൂറസൻസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ വിത്ത് മുക്കി വയ്ക്കുന്നത് നല്ലതാണ്. ഒരു മാസം പ്രായമായ തൈകളാണ് പറിച്ചു നടേണ്ടത്. പറിച്ചു നടുന്നതിന് മുൻപേ 10 ശതമാനം വീര്യമുള്ള സ്യൂഡോമോണാസ് ഫ്ളൂറസൻസ് ലായനിയിൽ 5 മിനിറ്റ് മുക്കിവെച്ച ശേഷം നടാം.
തൈകൾ പറിച്ചു നടുന്നതിന് രണ്ടാഴ്ച മുൻപ് കുമ്മായം ചേർത്ത് മണ്ണിന്റെ പുളിരസം ക്രമപ്പെടുത്താം. ഒരു സെന്റിന് ഒരു കിലോ മുതൽ 3 കിലോ വരെ കുമ്മായം വേണ്ടി വരും. മണ്ണ് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ വേണം കുമ്മായം ചേർക്കാൻ. അടിവളമായി സെന്റിന് 100 കിലോഗ്രാം എന്ന തോതിൽ ജൈവവളം മണ്ണിൽ ചേർക്കണം. രണ്ടടി അകലത്തിൽ ചാലുകൾ എടുത്ത് തൈകൾ നടാം. ചെടികൾക്കിടയിലും രണ്ടടി അകലം പാലിക്കാൻ ശ്രദ്ധിക്കാം. വീട്ടിലേക്കുള്ള ആവശ്യത്തിനായി ഗ്രോബാഗുകളിലും ക്യാപ്‌സിക്കം നടാം.
10 ദിവസം ഇടവിട്ട് മേൽ വളം നൽകുന്നത് വളരെ നല്ലതാണ്. പച്ച ചാണക ലായനി അല്ലെങ്കിൽ ബയോഗ്യാസ് സ്ലറി (ഒരു കിലോഗ്രാം 10 ലിറ്ററിൽ ലയിപ്പിച്ചത്), മണ്ണിരകമ്പോസ്റ്റ്, കോഴിവളം, ആട്ടിന്കാഷ്ഠം, ഒരു കിലോഗ്രാം കടലപ്പിണ്ണാക്ക് 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചത് എന്നിവയിലേതെങ്കിലുമൊന്ന് ലഭ്യതയനുസരിച്ച് മണ്ണിൽ ചേർക്കാം
ഗ്രോബാഗിലെ കൃഷി
ഗ്രോബാഗിൽ കൃഷി ചെയ്യുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നടീൽ മിശ്രിതത്തിന്റെ അനുപാതമാണ്. മേൽമണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് വേണം നടീൽ മിശ്രിതം തയ്യാറാക്കാൻ. പിന്നീട് ഈ മിശ്രിതം ഗ്രോ ബാഗിന്റെ മുക്കാൽഭാഗത്തോളം നിറയ്ക്കാം. ഒരു ഗ്രോബാഗിൽ 100 ഗ്രാം എല്ലുപൊടി, 100 ഗ്രാം വേപ്പിൻപിണ്ണാക്ക്, 100 ഗ്രാം ചാരം എന്നിവ ചേർക്കണം. ഇങ്ങനെ തയ്യാറാക്കിയ ഗ്രോബാഗുകളിൽ, 10 ദിവസത്തിനുശേഷം കള നീക്കി തൈകൾ പറിച്ചുനടാം. മിതമായ രീതിയിൽ മാത്രം നനയ്ക്കാൻ ശ്രദ്ധിക്കണം. മേൽവളമായി ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടി, ഒരു ഭാഗം എല്ലുപൊടി, ഒരു ഭാഗം മണ്ണിരകമ്പോസ്റ്റ്, ഒരു ഭാഗം ചാരം, അരഭാഗം കടലപിണ്ണാക്ക്, അരഭാഗം വേപ്പിൻ പിണ്ണാക്ക് എന്നിവ കൂട്ടിക്കലർത്തി ഒരു ചിരട്ട വീതം ആഴ്ചയിലൊരിക്കൽ തടത്തിൽ ചേർത്തു കൊടുക്കുന്നത് നല്ല വിളവ് നൽകാൻ സഹായിക്കും. ചെടികൾക്ക് താങ്ങു നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ജലസേചനം അമിതമാകരുത്.
അമിതവണ്ണം നിയന്ത്രിക്കുന്നതിന് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റിയ പച്ചക്കറിയാണ് ക്യാപ്സിക്കം. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണിത്. വേദനസംഹാരിയായി പ്രവർത്തിക്കാനും ക്യാപ്സിക്കത്തിന് കഴിയും. അതുകൊണ്ടുതന്നെ ശരീരവേദനയുള്ളവർക്കും നല്ലതാണ്. സാലഡ്, ഫ്രൈഡ് റൈസ്, പാസ്ത, സാൻവിച്ച്, പിസ്സ, പലതരത്തിലുള്ള കറികൾ എന്നിവയിൽ ചേർത്ത് ക്യാപ്സിക്കം കഴിക്കാം.
Discussion about this post