തേനിന്റെ മാധുര്യമുള്ള സപ്പോട്ടപ്പഴങ്ങൾ രുചിയിൽ മാത്രമല്ല പോഷക ഗുണത്തിലും മുന്നിൽ തന്നെ. വൈറ്റമിൻ എ, സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് ഈ ഫലം. ചിക്കു എന്ന പേരിലും സപ്പോട്ട അറിയപ്പെടുന്നുണ്ട്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഫലവൃക്ഷ വിള കൂടിയാണിത്. കർണാടക, ആന്ധ്ര പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ സപ്പോട്ട വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.
മണൽ കലർന്ന മണ്ണിലും ഇടത്തരം കറുത്ത മണ്ണിലും സപ്പോട്ട നല്ല വിളവ് തരും. നല്ല നീർവാർച്ചയും സൂര്യപ്രകാശവുമുള്ള സ്ഥലങ്ങളാണ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. തണലിലും ചെങ്കുത്തായ ഇടങ്ങളിലും അടിയിൽ കടുപ്പമേറിയ പാറയുള്ള മണ്ണിലും സപ്പോട്ട കൃഷി ചെയ്യാതിരിക്കുന്നതാണ് നല്ലത്.
ഇനങ്ങൾ
ക്രിക്കറ്റ് ബോൾ, ഓവൽ, സി ഒ 1, സി ഒ 2, കീർത്തബർത്തി, ബദാമി, ബാരമസി, പാല, പി കെ എം 1, കൽക്കട്ട റൗണ്ട്, അയ്യാനഗർ, വാവിലവലസ തുടങ്ങി അനേകം ഇനങ്ങളുണ്ട്. ക്രിക്കറ്റ് ബോൾ, ഓവൽ എന്നിവ മടിച്ചു കായ്ക്കുന്ന ഇനങ്ങളാണ്. ഇവയുടെ സങ്കരയിനമാണ് സി ഒ 1. ദൂരസ്ഥലങ്ങളിലേക്ക് കയറ്റിഅയക്കാൻ ഉതകുന്ന ഇനമാണ് കീർത്തബർത്തി. പൊക്കം കുറഞ്ഞ ഇനമാണ് പി കെ എം 1. കാമ്പിന് നേരിയ പിങ്ക് നിറമുള്ളതും റോസിന്റെ മണമുള്ളതുമായ അയ്യാ നഗർ തമിഴ്നാട്ടിൽ ഏറെ പ്രചാരത്തിലുള്ള ഇനമാണ്.
കൃഷിക്കാലം
ജലസേചന സൗകര്യമുണ്ടെങ്കിൽ ഏതു സീസണിലും സപ്പോട്ട നടാം. എങ്കിലും കാലവർഷാരംഭത്തോടെ നടുന്നത് ഏറ്റവും നല്ലതാണ്. കനത്ത മഴക്കാലം ഒഴിവാക്കാം.
നടീൽ വസ്തു
സപ്പോട്ട വിത്ത് ഉപയോഗിച്ച് മുളപ്പിക്കാമെങ്കിലും അങ്ങനെയുണ്ടാകുന്ന തൈകൾക്ക് മാതൃ വൃക്ഷത്തിന്റെ അതേ ഗുണങ്ങൾ ഉണ്ടാകണമെന്നില്ല. അതിനാൽ ലെയറുകളും ഗ്രാഫ്റ്റുകളും നടുന്നതാണ് നല്ലത്. കിർണി എന്ന മരത്തിന്റെ തൈകളിൽ ഒട്ടിച്ചാണ് സപ്പോട്ടയുടെ ഒട്ടുതൈകൾ ഉണ്ടാക്കുന്നത്.
നടീൽ രീതി
60 സെന്റീമീറ്റർ ആഴവും വീതിയും നീളവുമുള്ള കുഴികളിലാണ് സപ്പോട്ട നടേണ്ടത്. തൈകൾ തമ്മിൽ എട്ടു മീറ്റർ അകലം പാലിക്കുന്നതാണ് നല്ലത്.
വളപ്രയോഗം
സപ്പോട്ടക്ക് ജൈവവളം ധാരാളമായി നൽകാം. നടീൽ സമയത്ത് അടിവളമായി കമ്പോസ്റ്റോ കാലിവളമോ നൽകണം. പിന്നീട് ഓരോ വർഷത്തിലും 55 കിലോ കാലിവളം വീതം ഓരോ വൃക്ഷത്തിനും നൽകുന്നത് നല്ലതാണ്. നേർവളങ്ങൾ നൽകുകയാണെങ്കിൽ ശുപാർശ ചെയ്തിട്ടുള്ള അളവിലുള്ള വളങ്ങൾ രണ്ട് തവണകളായി നൽകണം. .1085 ഗ്രാം യൂറിയ, 1998 ഗ്രാം മസൂറിഫോസ്, 1252 ഗ്രാം പൊട്ടാഷ് എന്നിവ മെയ്-ജൂൺ മാസങ്ങളിലും ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിലുമായി നൽകാം. കുമ്മായമോ ഡോളമൈറ്റോ ചേർത്ത് പുളിരസം ക്രമീകരിച്ചതിന് രണ്ടാഴ്ച ശേഷം മാത്രം രാസവളങ്ങൾ ചേർത്തു കൊടുക്കാൻ ശ്രദ്ധിക്കാം.
ജലസേചനം
ചൂട് കൂടുതലുള്ള സമയത്ത് മാത്രം ജലസേചനം നൽകിയാൽ മതിയാകും. എന്നാൽ ഇടവിട്ട് വെള്ളമൊഴിക്കുന്നത് ഉല്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. വേനൽക്കാലത്ത് 15 ദിവസത്തിലൊരിക്കലും ശൈത്യകാലത്ത് 30 ദിവസത്തിലൊരിക്കലും ജലസേചനം നൽകാം.
കളകൾ കൃത്യമായി നീക്കം ചെയ്യണം. മഴക്കാലത്ത് ഇലകളും ശാഖകളും വെട്ടി ഒതുക്കുന്നത് നല്ലതാണ്.
എപ്പോഴും പൂക്കുന്ന മരമാണ് സപ്പോട്ട. എന്നാൽ കേരളത്തിലെ കാലാവസ്ഥയിൽ ഒൿടോബർ- നവംബർ മാസങ്ങളിലും ഫെബ്രുവരി- മാർച്ച് മാസങ്ങളിലും നന്നായി പൂക്കും. നാലുമാസം കൊണ്ട് കായ്കൾ മൂപ്പെത്തും.ഗ്രാഫ്റ്റ് തൈകൾ മൂന്ന് വർഷം കഴിയുമ്പോൾ കായ്ച്ച് തുടങ്ങും. ഉത്പ്പാദനം 30 വർഷം വരെ ലഭിക്കും.
വിളവെടുപ്പ്
മൂപ്പെത്തിയ കായ്കൾക്ക് മങ്ങിയ ഓറഞ്ച് നിറമോ നേരിയ തവിട്ടു നിറമോ ആയിരിക്കും. കായകളിലെ കറയുടെ അളവ് കുറയുകയും നല്ല കട്ടിയുള്ളതാവുകയും ചെയ്യും.നല്ലതുപോലെ വിളഞ്ഞ കായയിൽ നേരിയ ഒരു പോറൽ ഏൽപ്പിച്ചാൽ മഞ്ഞനിറം ഉണ്ടാകുന്നത് കാണാം. അതേസമയം പാകമാകാത്ത കായയിലാണെങ്കിൽ ഇത് പച്ചനിറത്തിലായിരിക്കും. നന്നായി മൂത്ത പഴങ്ങൾ പറിച്ചെടുത്ത് പഴുപ്പിക്കാം.
Discussion about this post