ഫ്ലാറ്റിലെ ചൂടിലിരുന്നു മടുത്തോ ?
പച്ചപ്പിന്റെ കുളിർമ്മ അനുഭവിക്കണമെന്ന് ആഗ്രഹമുണ്ടോ ?
ആഗോളതാപനത്തിന്റെ ഫലമനുഭവിക്കുന്ന ഇക്കാലത്ത് ബാൽക്കണി ഗാർഡന്റെ പ്രസക്തിയെ കുറിച്ച് ശ്രീജ രാകേഷ് എന്ന യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച ശ്രദ്ധേയമായ കുറിപ്പ് വായിക്കാം
ശ്രീജയുടെ കുറിപ്പ്
ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ആഗോളതാപനം. എപ്പോഴും ഗവണ്മെന്റ് ഒന്നും ചെയ്യുന്നില്ല എന്ന് പഴിചാരി നമ്മൾ രക്ഷപ്പെടാറാണ് പതിവ്. എന്നാൽ നമ്മൾ ഓരോരുത്തരും എന്ത് ചെയ്യാൻ കഴിയും എന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ?
ഡൽഹി എൻ സി ആറിൽ പന്ത്രണ്ടാം നിലയിലുള്ള ഒരു ഫ്ലാറ്റിലാണ് ഞങ്ങൾ താമസിക്കുന്നത്. എല്ലാ വർഷവും വിന്ററിന്റെ ആരംഭത്തിൽ ഉണ്ടാവുന്ന ശക്തമായ പരിസരമലിനീകരണം പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാവാറുണ്ട്. (ശുദ്ധവായു പണം കൊടുത്തു വാങ്ങേണ്ട സാഹചര്യം പോലും കഴിഞ്ഞ വര്ഷം ചില ഇടങ്ങളിൽ ഉണ്ടായിട്ടുണ്ട്). അങ്ങിനെയാണ് നമ്മുടെ പ്രകൃതിയോടുള്ള പ്രതിബദ്ധത എങ്ങിനെ കാണിക്കാം എന്ന ആശയത്തെ പറ്റി ചിന്തിക്കുന്നത്.
രണ്ടായിരത്തി പതിനാറ് ഏപ്രിൽ മാസത്തിലാണ് ഞങ്ങൾ രാജസ്ഥാൻ മരുഭൂമിയുടെ ഒരറ്റത്ത് സ്ഥിതിചെയ്യുന്ന ഹരിയാനയിലെ ഗുരുഗ്രാം എന്ന സ്ഥലത്തേക്ക് താമസം മാറി വന്നത്. പലയിടങ്ങളിലും മാറി മാറി താമസിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ പച്ചപ്പിൽ ജനിച്ചു വളർന്ന എനിക്ക് ഇവിടത്തെ ജൂൺ മാസത്തിലെ ചൂടും വരൾച്ചയും സഹിക്കാവുന്നതിലപ്പുറം ആയിരുന്നു.
കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിലെ വരണ്ട ഭൂമിയും ചൂടും ഒരു ഗാർഡിനേരെ വിളിച്ച് കുറച്ച് ചെടികൾ വാങ്ങി ബാല്കണിയിൽ വെക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. പിന്നീട് തുടർച്ചയായി ചില നഴ്സറികൾ സന്ദർശിക്കുകയും കൂടുതൽ ചെടികൾ വാങ്ങിക്കുകയും ചെയ്തു.
ആദ്യമൊക്കെ ആഴ്ചയിൽ രണ്ടുപ്രാവശ്യം ഗാർഡ്നർ വന്നു ചെടികൾ കട്ട് ചെയ്യുകയും വിലകൂടിയ രാസവളങ്ങൾ മണ്ണിൽ കലർത്തുകയും ചെയ്യുമായിരുന്നു.
അങ്ങനെയിരിക്കെയാണ് കെമിക്കൽ രാസവളങ്ങൾക്കു പകരം എന്തുകൊണ്ട് സ്വന്തം അടുക്കളയിൽ നിന്ന് വരുന്ന വേസ്റ്റുകൾ ഉപയോഗിച്ചുകൂടാ എന്ന തോന്നലുണ്ടായത്. ഫ്ലാറ്റിൽ ആയതുകൊണ്ട് സ്വന്തമായി കമ്പോസ്റ്റ് ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് പച്ചക്കറിയുടെയും പഴങ്ങളുടെയും തൊലി, ചായപ്പൊടി വേസ്റ്റ് അരികഴുകിയ വെള്ളം മുതലായവ ഡയറക്റ്റ് ആയി ചട്ടികളിൽ നിക്ഷേപിക്കാൻ തുടങ്ങി. അതുകൊണ്ട് ചെടികൾ വളരെയധികം ആരോഗ്യത്തോടെ വളരാൻ തുടങ്ങി എന്ന് മാത്രമല്ല, ബാൽക്കണിയിലെ കെമിക്കൽസ് പൂർണ്ണമായും ഒഴിവാക്കുവാനും അതുപോലെ കോർപ്പറേഷന്റെ ചവറ്റുകൊട്ടയിലേക്ക് ഞങ്ങളുടെ വീട്ടിൽ നിന്നുള്ള കോണ്ട്രിബൂഷൻ കുറയ്ക്കുവാനും കഴിഞ്ഞു.
കിച്ചൻ വേസ്റ്റ് ഡയറക്റ്റ് ആയി ഇടുന്നതുമൂലം ആദ്യമൊക്കെ ചെറിയ പ്രാണികളുടെ ശല്യം ഉണ്ടായിരുന്നു. പിന്നീട് ഗൂഗിളിൽ സെർച്ച് ചെയ്തു അതിനുള്ള പ്രതിവിധിയും ഞങ്ങൾ കണ്ടുപിടിച്ചു. വെളുത്തുള്ളി വെള്ളം ചെടിച്ചട്ടികളിൽ തളിക്കാൻ തുടങ്ങിയപ്പോൾ പ്രാണിശല്യവും പുഴുശല്യവും കുറയാൻ തുടങ്ങി.
അങ്ങിനെ ഗാർഡ്നരുടെ വരവ് പൂർണമായും ഒഴിവാക്കി ഞങ്ങൾ തന്നെ ചെടികളെ പരിപാലിക്കാൻ തുടങ്ങി. ബാല്ക്കണിയിൽ ഒരു പൂന്തോട്ടം എന്നതിൽ നിന്ന് മാറി ബാല്കണിയിൽ ഒരു ഫോറെസ്റ് എന്ന ആശയത്തിലേക്ക് ഞങ്ങൾ നീങ്ങി. വളരെയധികം ഓക്സിജൻ തരുന്ന ചെടികൾ കൂടുതലായി വളർത്താൻ തുടങ്ങി.
പച്ചക്കറിയുടെയും പഴങ്ങളുടെയും കളയുന്ന വിത്തുകളിൽ നിന്ന് പാവയ്ക്ക, കാപ്സികം, തക്കാളി, പച്ചമുളക്, മസ്ക് മെലൺ, സൺ മെലൺ മുതലായവ വളർന്നു വരാനും കായ്ക്കാനും തുടങ്ങി. പന്ത്രണ്ടാം നിലയിലെ ഗ്രീനറി അപ്പാർട്മെന്റിൽ താമസിക്കുന്ന പലർക്കും പ്രചോദനമായി, നടക്കാൻ പോവുമ്പോഴും മറ്റും പലരും വന്ന് എന്തൊക്കെയാണ് ചെടികൾക്ക് വേണ്ടി ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ ഞങ്ങളുടെ ആത്മവിശ്വാസം കൂടിക്കൂടി വന്നു. ഒരു അയൽക്കാരി സുഹൃത്ത് എന്നും രാവിലെ എന്റെ ചെടികളുടെയും പൂക്കളുടെയും ഫോട്ടോയുടെകൂടെ ഗുഡ് മോർണിംഗ് മെസ്സേജ് അയക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത അഭിമാനം തോന്നാറുണ്ട്.
അപ്പാർട്മെന്റിൽ താമസിക്കുന്ന പരിചയമില്ലാത്ത ചിലർ പോലും ഞങ്ങളുടെ ബാൽക്കണി വിസിറ്റ് ചെയ്യാൻ അനുവാദം ചോദിച്ചു വരാൻ തുടങ്ങി. മനുഷ്യർക്ക് മാത്രമല്ല, പക്ഷികൾക്കും പൂമ്പാറ്റകൾക്കും മറ്റും ഞങ്ങൾ ആതിഥേയരായി. ചില പക്ഷികൾ ചെടിച്ചട്ടികളിൽ വന്നു മുട്ടയിടാനും അടയിരിക്കാനും തുടങ്ങിയതോടെ ഒരു ഇക്കോ സിസ്റ്റം തന്നെ ഞങ്ങളുടെ ബാല്ക്കണിയിൽ രൂപം കൊണ്ടു.
വാരാന്ത്യങ്ങളിൽ പുറത്തുപോയി ഭക്ഷണം കഴിക്കുന്ന ശീലം ഞങ്ങൾ തീർത്തും ഉപേക്ഷിച്ചു. വൈകുന്നേരങ്ങളിൽ ചായ കുടിക്കാനും ചില രാത്രികളിൽ ക്യാൻഡിൽ ലൈറ്റ് ഡിന്നറിനും ഞങ്ങളുടെ കൊച്ചു ഫോറെസ്റ് സാക്ഷിയായി. വീട്ടിൽ വിരുന്നു വരുന്നവരോടൊപ്പം ഒരു നേരമെങ്കിലും അവിടെയിരുന്നു ഭക്ഷണം കഴിക്കുന്നത് ഞങ്ങൾ പതിവാക്കി.
അങ്ങിനെ ഒരു ബാല്കണിയിൽ തുടങ്ങിവെച്ചത് ഞങ്ങൾ മറ്റു രണ്ടു ബാൽക്കണികളിലേക്കും വീട്ടിനുള്ളിലേക്കും വ്യാപിപ്പിച്ചു. ഇന്ന് ഞങ്ങളുടെ വീട്ടിൽ നൂറിലധികം ചെടികളുണ്ട്.
നമ്മൾ ചെയ്യുന്ന ഏതൊരു കാര്യത്തിനും, അത് ചെറുതായാലൂം വലുതായാലും, ഒരു തുടക്കം ആവശ്യമാണ്. അത് മറ്റുള്ളവർ ചെയ്യട്ടെ എന്ന് കരുതാതെ നമ്മളാൽ കഴിയുന്നതുപോലെ നമ്മൾ തന്നെ ചെയ്യുക. അപ്പോൾ മറ്റുള്ളവർക്ക് പ്രചോദനമാവാൻ നമുക്ക് കഴിയും. ഇന്നെന്റെ അപ്പാർട്മെന്റിൽ ചില സുഹൃത്തുക്കൾക്ക് എങ്കിലും പ്രചോദനമാവാൻ കഴിഞ്ഞു എന്നതിൽ എനിക്ക് അഭിമാനമുണ്ട്.
Discussion about this post