കൃഷിക്കാവശ്യമായ ചില ജൈവവളങ്ങള്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
1. ജൈവവള സ്ലറി
ഒരു ബക്കറ്റില്‍ ഒരു കിലോഗ്രാം പച്ചചാണകം , ഒരു കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഒരുമിച്ച് ചേര്‍ത്ത് 10 ലിറ്റര്‍ വെള്ളം ഒഴിച്ച് പുളിപ്പിക്കാന്‍ വയ്ക്കുക . അഞ്ച് ദിവസങ്ങള്‍ക്കു ശേഷം ഈ മിശ്രിതം ഇരട്ടിയായി നേര്‍പ്പിച്ചു ആഴ്ചയിലൊരിക്കല്‍ ഒരു ലിറ്റര്‍ വീതം ചെടികളുടെ തടത്തില്‍ ഒഴിച്ച് കൊടുക്കുക .
2. ഇലകളില്‍ തളിക്കുന്നതിനുള്ള പച്ച ചാണക സ്ലറി
പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളത്തിനു 20 ഗ്രാം എന്ന തോതില്‍ ചേര്‍ത്തിളക്കി ഒരു ദിവസം തെളിയാനായി സൂക്ഷിക്കുന്നു. ഇത് അരിച്ചടുത്തു ചെടികളുടെ ഇലകളില്‍ തളിക്കുന്നു . ചുവന്ന ചീരയിലെ എലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിനും ഇത് ഫലപ്രദമാണ് .
3. ജീവാമൃതം
ചേരുവകള്‍
വെള്ളം 20 ലിറ്റര്‍ , ചാണകം 1 കിലോഗ്രാം , ഗോമൂത്രം 1 ലിറ്റര്‍ , ഉപ്പില്ലാത്ത കറുത്ത ശര്‍ക്കര 200 ഗ്രാം , കടലമാവ് 200 ഗ്രാം.
തയ്യാറാക്കുന്ന വിധം
25 ലിറ്റര്‍ ശേഷിയുള്ള ബക്കറ്റില്‍ 20 ലിറ്റര്‍ വെള്ളമെടുത്ത് ചാണകം ചേര്‍ത്ത് നന്നായി കലക്കുക.അതിലേക്കു ഗോമൂത്രം ഒഴിച്ച് നന്നായി ഇളക്കുക.ശര്‍ക്കര നന്നായി പൊടിച്ചു ചേര്‍ത്തു ഇളക്കുക. തുടര്‍ന്ന് കടലമാവ് ചേര്‍ത്തു ഇളക്കുക. നനഞ്ഞ ചണചാക്ക് കൊണ്ട് ബക്കറ്റ് മൂടിവക്കുക. ഈ ലായനി എല്ലാ ദിവസവും നന്നായി ഇളക്കിക്കൊടുക്കണം.ഏഴ് ദിവസമാകുമ്പോള്‍ ജീവാമൃതം ഉപയോഗത്തിന് തയ്യാറാകും .
4. പഞ്ചഗവ്യം
പശുവില്‍ നിന്നും ലഭിക്കുന്ന ചാണകം , മൂത്രം, പാല്‍ , തൈര് , നെയ്യ് എന്നീ അഞ്ചു വസ്തുക്കള്‍ ചേര്‍ത്ത് തയ്യാറാക്കിയെടുക്കുന്ന ഉത്തമമായ ഒരു ജൈവക്കൂട്ടാണ് പഞ്ചഗവ്യം .
പച്ചചാണകം – 5 കിലോഗ്രാം
ഗോമൂത്രം – 5 ലിറ്റര്‍
പാല്‍ – 3 ലിറ്റര്‍
തൈര് – 3 ലിറ്റര്‍
നെയ്യ് – 1 കിലോഗ്രാം
ചാണകവും നെയ്യും നന്നായി യോജിപ്പിച്ച് ഒരു ദിവസം വയ്ക്കുക . ഇതിലേക്ക് ഗോമൂത്രം , തൈര് , പാല്‍ എന്നിവ ചേര്‍ത്ത് ഈ മിശ്രിതം പുളിപ്പിക്കുവാനായി വായു കടക്കാതെ ഒരു മന്പാത്രത്തിലോ പ്ലാസ്റ്റിക് പാത്രത്തിലോ 15 ദിവസം സൂക്ഷിച്ചു വയ്ക്കുക . എല്ലാ ദിവസവും ഇളക്കിക്കൊടുക്കെണ്ടാതാണ്. ഇങ്ങനെ പുളിപ്പിചെടുത്ത പഞ്ചഗവ്യം ഏതാണ്ടു 6 മാസത്തോളം സൂക്ഷിച്ചു വയ്ക്കാം. 15 ദിവസങ്ങള്‍ക്ക് ശേഷം ഒരു ലിറ്റര്‍ പഞ്ചഗവ്യം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു ഇലകളില്‍ നാലില പ്രായം മുതല്‍ ആഴ്ചയിലോരിക്കല്‍ തളിക്കാം. കീടങ്ങളേയും ,കുമിളകളെയും നിയന്ത്രിക്കുന്നതോടൊപ്പം അന്തരീക്ഷ നൈട്രജന്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കുകയും മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
വിവരങ്ങള്‍ക്ക് കടപ്പാട്: കാര്‍ഷിക വിവര സങ്കേതം, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകപ്പ്, കേരള സര്‍ക്കാര്‍
Discussion about this post