ഭക്ഷ്യ സ്വയംപര്യാപ്തതയും കോവിഡ് കാല ഭക്ഷ്യക്ഷാമവും മുന്നിൽ കണ്ട് ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയിൽ കൃഷി ഇറക്കിയത് 2900 ഏക്കറിലേറെ പ്രദേശത്ത്. തരിശുകിടന്ന മണ്ണും പാഴായി പോകുമായിരുന്ന സമയവുമാണ് പദ്ധതി പ്രകാരം ഉപയോഗപ്രദമാകുന്നത്. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ-രാഷ്ട്രീയ സംഘടനകൾ എന്നിവ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. നെല്ല്, പച്ചക്കറി, വാഴ, ഫലവൃക്ഷങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, പയറുവർഗങ്ങൾ, ചെറുധാന്യങ്ങൾ തുടങ്ങി വിവിധ തരം കൃഷികളാണ് ജില്ലയിൽ 3662 കർഷകരിലൂടെ തരിശുനില കൃഷിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വീട്ടുവളപ്പിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ 8.1 ലക്ഷം പച്ചക്കറിവിത്ത് പാക്കറ്റുകളും 8.7 ലക്ഷം പച്ചക്കറി തൈകളുമാണ് വിതരണം ചെയ്തിട്ടുള്ളത്. ഫലവർഗ വിളകൾക്കായി 4.7 ലക്ഷം തൈകളും വിതരണം നടത്തി.
സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്ന കാർഷികോത്പ്പന്നങ്ങളുടെ സംഭരണത്തിനും വിതരണത്തിനുമായി ജില്ലയിൽ 41 ഇക്കോ ഷോപ്പുകളും 35 ആഴ്ച ചന്തകളും ഉണ്ട്. ഓൺലൈൻ സംവിധാനത്തിലൂടെയുള്ള വിപണനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജലവിതരണ ക്രമം തയ്യാറാക്കുന്നതിന് പ്രത്യേക പദ്ധതികളാണ് പ്രാവർത്തികമാക്കിയത്, ഒപ്പം മഴമറ കൃഷിയും സജീവം.ജില്ലയിലെ വിവിധ സന്നദ്ധ, രാഷ്ട്രീയ സംഘടനകൾ വഴി 6.7 ഹെക്ടർ തരിശുനിലമാണ് ഇതുവരെ കൃഷി ഭൂമിയായി മാറ്റിയത്. കൂടാതെ കുടുംബശ്രീ മുഖേന ജില്ലയിൽ 341.55 ഏക്കർ തരിശുഭൂമിയിൽ കൃഷി ഇറക്കിയിട്ടുണ്ട്.
കാർഷിക വിളകൾക്കൊപ്പം മൃഗപരിപാലനം, കോഴി, മത്സ്യം, താറാവ്, തേനീച്ച എന്നിവയെല്ലാം ഉൾപ്പെടുത്തി കർഷകന് കുറഞ്ഞ ഭൂമിയിലൽ നിന്ന് പരമാവധി ആദായം ഉറപ്പാക്കുന്ന സംയോജിത കൃഷിക്കായി നിലവിലെ പദ്ധതിപ്രകാരം 881 യൂണിറ്റുകൾ സജ്ജമായിട്ടുണ്ട്.
Discussion about this post